Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

22.11.10

ഡല്‍ഹി, വഴിയോരക്കാഴ്‌ചകള്‍ - 01

കോമണ്‍വെല്‍ത്ത്‌ ഗെയിംസിനെന്നും പറഞ്ഞ്‌ രണ്ടാഴ്‌ചയോളം ഡല്‍ഹിയിലുണ്ടായിരുന്നു. തലസ്ഥാന നഗരിയുടെ മുറുക്കവും സൗഹൃദത്തിന്റെ അയവുകളും ഇന്ത്യന്‍ ജീവിതത്തിന്റെ അവസ്ഥകളുമെല്ലാം കണ്ടങ്ങനെ... വില്യാപ്പള്ളിയിലെ അസീസ്‌ക്ക പൊന്നുപോലെ നോക്കുന്ന Canon Powershot SX200 si ക്യാമറ വിട്ടുതന്നിരുന്നതിനാല്‍ ചില കാഴ്‌ചകളെല്ലാം പകര്‍ത്താന്‍ പറ്റി. കാലംതെറ്റിയാണെങ്കിലും അവ ഇവിടെ.















ജുമാമസ്‌ജിദിലേക്കുള്ള വഴിയരികില്‍ നിന്ന്‌



















മസ്‌ജിദിന്റെ നടുമുറ്റത്ത്‌ ഭിക്ഷ യാചിക്കുന്ന കുട്ടി















ചെങ്കോട്ടയുടെ മുന്നില്‍ ഊഴം കാത്തിരിക്കുന്ന CommonWealth Games Special ഭംഗ്ര നര്‍ത്തകര്‍















രാവിലെ നടത്തത്തില്‍ ക്യാമറയില്‍ കുടുങ്ങിയ സ്‌കൂള്‍ കുട്ടികള്‍



















കാത്തുനില്‍പ്പ്‌, എല്ലാവര്‍ക്കും.



















കളി, ചിത്രത്തിനു പുറത്തും



















ഇന്ത്യയിലേക്കുള്ള വഴിയില്‍..















ഗെയിംസിന്റെ സംഘാടക സമിതി ഓഫീസിനു മുന്നില്‍ ജാബിറും വളണ്ടിയര്‍മാരും















ലോട്ടസ്‌ ടെമ്പിളില്‍ അന്തിനേരം















അകലെ, ഭരണകേന്ദ്രം

27.4.09

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിട്ടുണ്ടോ?


ലോകത്തുള്ള ആളുകളെ മൊത്തം രണ്ടായി വിഭജിക്കാം. ഒന്ന്‌: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍, രണ്ട്‌: അത്‌ ഉപയോഗിക്കാത്തവര്‍. ധൃതിയും വേഗവും കൂടിയ ഇക്കാലത്ത്‌ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക എന്നത്‌ മഹത്വമോ ഉപയോഗിക്കാതിരിക്കുക എന്നത്‌ അയോഗ്യതയോ ആണെന്നു ആരെങ്കിലും പറയുമെന്നു തോന്നുന്നില്ല. ചുറ്റുപാടും മനസ്ഥിതിയും ആവശ്യവുമാണ്‌ മൊബൈല്‍ ഉണ്ടാവുക/ഇല്ലാതിരിക്കുക എന്നതിന്റെ മാനദണ്ഡം. മൊബൈല്‍ ഫോണ്‍ ഉള്ളവരെ തന്നെ പലതായി തരംതിരിക്കാന്‍ കഴിയും. വില കുറഞ്ഞത്‌/കൂടിയത്‌ ഉപയോഗിക്കുന്നവര്‍, മൊബൈലില്‍ നിന്ന്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍, അത്യാവശ്യത്തിനു ഫോണ്‍ ചെയ്യാന്‍ മാത്രം അത്‌ കൊണ്ടു നടക്കുന്നവര്‍, ട്വന്റി ഫോര്‍ അവര്‍ എന്നു പറഞ്ഞ മാതിരി അതും ചെവിട്ടില്‍ തിരുകി നടക്കുന്നവര്‍... ഈ പട്ടിക നിങ്ങളുടെ ഇഷ്‌ടത്തിനും കാഴ്‌ചപ്പാടിനും അനുസരിച്ചങ്ങനെ നീട്ടിക്കൊണ്ടു പോകാവുന്നതാണ്‌.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ മറ്റൊരു രീതിയില്‍ തരംതിരിക്കാനാണ്‌ ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്‌. അതായത്‌ ഒന്ന്‌: ഉള്ള മൊബൈല്‍ ഇതുവരെ നഷ്‌ടപ്പെടാത്തവര്‍, രണ്ട്‌: നഷ്‌ടപ്പെട്ടവര്‍. ഇന്നലെ വൈകീട്ട്‌ ആറു മണിവരെ ഭാഗ്യവാന്മാരായ ആദ്യഗണത്തിലായിരുന്നു ഞാന്‍. കോഴിക്കോട്‌ കടപ്പുറത്തെ മേഘം മൂടിയ സായന്തനത്തില്‍ നാലഞ്ച്‌ സുഹൃത്തുക്കളോടൊപ്പം ആള്‍ക്കൂട്ടത്തിനിടയിലൂടെ കാറ്റുകൊണ്ട്‌ കാഴ്‌ചകണ്ട്‌ നടക്കുന്നതിനിടയില്‍, ഏതാണ്ട്‌ ആറരയായിക്കാണും ഞാന്‍ ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. പോക്കറ്റില്‍ മൊബൈല്‍ ഇല്ല.

നഷ്‌ടപ്പെട്ടത്‌ കഴിഞ്ഞ സെപ്‌തംബറില്‍ 1800 രൂപക്കു വാങ്ങിയ എല്‍.ജിയുടെ എഫ്‌.എം. മൊബൈല്‍. ഉപയോഗിച്ചിരുന്ന നമ്പര്‍: 9447357850. 9946139890 എന്ന എന്റെ പൂര്‍വകാല സിംകാര്‍ഡിനെ ബാറ്ററിക്കു മുകളില്‍ കുടിയിരുത്തിയിരുന്നു- ബി.എസ്‌.എന്‍.എല്‍ റേഞ്ച്‌ ഇല്ലാത്ത സ്ഥലങ്ങളിലോ ആ സിമ്മില്‍ ബാലന്‍സില്ലാത്തപ്പോഴോ ഉപയോഗിക്കുന്നതിനുള്ള കരുതലായി മാത്രം.

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുക എന്നാല്‍ ജീവിതത്തില്‍ മറ്റൊന്നും നഷ്ടപ്പെടുന്നതു പോലെയല്ലെന്ന്‌ എനിക്ക്‌ വളരെ പെട്ടെന്ന്‌ മനസ്സിലായി. ഏതു രഹസ്യവും പറയാവുന്ന ഒരു സുഹൃത്ത്‌ അപ്രതീക്ഷിതമായി നമ്മെ ഉപേക്ഷിച്ചുപോകുന്നതിന്റെ നടുക്കം മൊബൈല്‍ നഷ്ടപ്പെട്ടുകഴിഞ്ഞു എന്നറിഞ്ഞ നിമിഷം എന്നെ പിടികൂടുന്നതറിഞ്ഞു. ഏറെക്കാലമായി എന്റെ ബന്ധങ്ങളെ സംരക്ഷിച്ചു പോന്ന രൂപത്തില്‍ ചെറുതും അനുഭവത്തില്‍ വളരെ വലുതുമായൊരുപകരണമായിരുന്നു അത്‌. യാത്രകളിലെ മുഷിയുന്ന ഏകാന്തതയെ ശമിപ്പിച്ച, കടപ്പുറത്തും റെയില്‍വേ സ്റ്റേഷനിലും മാനാഞ്ചിറയിലും പേരില്ലാത്ത അനേകം സ്ഥലങ്ങളിലും വിരസമായ കാത്തിരിപ്പുകളെ സഹ്യമാക്കിയ, എത്ര അകലത്തുള്ള സുഹൃത്തും ഒരു മിസ്സ്‌ഡ്‌കാള്‍ ദൂരത്തിനുള്ളില്‍ ഏറ്റവുമടുത്തുണ്ടെന്ന്‌്‌ ആശ്വസിപ്പിച്ച, നട്ടപ്പാതിരകളില്‍ വിളിച്ചുണര്‍ത്തി ഗുഡ്‌നൈറ്റ്‌ പറയുന്ന സൗഹൃദങ്ങളുടെ കുസൃതികളൊളിപ്പിച്ച, ആഹ്ലാദകരമായ നിമിഷങ്ങള്‍ മെസ്സേജുകളായി പറത്തിവിടാവുന്ന കറുത്തു മെലിഞ്ഞ ഒരുപകരണം. സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പരാതിയുടെയും കോപത്തിന്റെയും വാക്കുകള്‍ വൈദ്യുത തരംഗമായെത്തി തട്ടിയുണര്‍ത്തിയിരുന്നു അതിലൂടെ. ചിലപ്പോഴെങ്കിലും, അതിനെ മൗനമാക്കി വെച്ച്‌ ലോകത്തോട്‌ പ്രതിഷേധിക്കാറുണ്ടായിരുന്നു ഞാന്‍.

ഏറെ നാളുകള്‍ക്കു ശേഷമുള്ള ഒത്തുചേരലിന്റെ സന്തോഷം കളിപറഞ്ഞും പോപ്പ്‌കോണ്‍ കൊറിച്ചും ഞങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ഞായറാഴ്‌ചയായതിനാല്‍ കടപ്പുറത്ത്‌ പതിവിലധികം ആളുകള്‍. പ്രണയം രണ്ടു മനസ്സുകളിലുണ്ടാക്കുന്ന ഏറ്റവും വിസ്‌തൃതമായ അവസ്ഥ ആസ്വദിച്ചിരിക്കുന്ന പലരെ വിലയിരുത്തി, ബലൂണ്‍ പിടിച്ചും പട്ടം പറത്തിയും ഉപ്പുവെള്ളത്തില്‍ കളിച്ചും പ്രായത്തിന്റെ അര്‍ഹത തെളിയിക്കുന്ന കുട്ടികളെ കണ്ട്‌ മനംനിറഞ്ഞ്‌, കച്ചവടക്കാരടെ ബഹളങ്ങളൊഴിഞ്ഞ്‌, എന്തും സാധ്യമാണെന്ന്‌ ധരിച്ച്‌ ചുറ്റുവട്ടത്തെ കൂടിയ അളവില്‍ ആത്മവിശ്വാസത്തോടെ നോക്കുന്ന കൗമാരക്കാരുടെ ഒച്ചകളില്‍ പങ്കെടുത്ത്‌ കനംകുറഞ്ഞായിരുന്നു ഞങ്ങളുടെ നടത്തം. ആകാശം മേഘാവൃതമായതിനാല്‍ പതിവിലും നേരത്തെ ഇരുട്ട്‌ പരന്നു തുടങ്ങിയെന്നും ആള്‍ക്കൂട്ടത്തെ ചിതറിക്കാന്‍ മഴവരുമെന്നും തോന്നിച്ചു. മേഘക്കീറിനിടയിലൂടെ കടലില്‍ ദൂരെ വൈകുന്നേര വെയില്‍ വീഴുന്നുണ്ടായിരുന്നു. ഒറ്റക്കിരുന്ന്‌ ജീവിതത്തെയോ മരണത്തെയോ കുറിച്ച്‌ ഗാഢമായി ആലോചിക്കുന്ന ഏതാനും ആണുങ്ങളെയും കണ്ടു.

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു എന്നറിഞ്ഞതോടെ ഞങ്ങളുടെ ആഘോഷം പെട്ടെന്നു നിലച്ചു. ആഹ്ലാദത്തോടെ പിന്നിട്ട വഴികള്‍ മൗനമായും ഉദ്വേഗത്തോടെയും തിരഞ്ഞ്‌ തിരിച്ചുനടന്നു. റസ്‌റ്റോറണ്ടിലെ സീറ്റിനു ചുവട്ടിലും കൂടിനിന്നിരുന്നിടത്തെ മണലിനടിയിലും ടൈല്‍സ്‌ പാകിയ തിട്ടയുടെ ഒതുക്കുകളിലും ശ്രദ്ധയോടെ തെരഞ്ഞു. ആളുകളെ ഒറ്റ തിരിച്ചും സംശയത്തോടെയും വീക്ഷിക്കാന്‍ തുടങ്ങി. നഷ്ടപ്പെട്ടതു മുതല്‍ മൊബൈല്‍ സ്വിച്ചോഫ്‌ ആയിരുന്നതിനാല്‍ അത്‌ ആരുടെയോ കയ്യിലെത്തിയിട്ടുണ്ടെന്നുറപ്പായിരുന്നു. എങ്കിലും വെറുതെ ഒരു സമാധാനത്തിന്‌ കുറെ തെരഞ്ഞതിനു ശേഷം, അവരുടെ ഒഴിവുദിനത്തിന്റെ പ്രസന്നത കളഞ്ഞതിനു മാപ്പു ചോദിച്ച്‌ പണിത്തിരക്കിലേക്ക്‌ ഞാന്‍ ഒറ്റക്കു മടങ്ങി. പിന്നെ, ഇത്തരം അവസ്ഥകളില്‍ അനിവാര്യമായ ശേഷക്രിയകള്‍ പൂര്‍ത്തിയാക്കി.

ഒരവയവം മുറിച്ചു മാറ്റപ്പെട്ടതിന്റെ അസ്വസ്ഥത ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഹാന്‍ഡ്‌സെറ്റിനോടുള്ള ആഭിമുഖ്യമല്ല, അതിനകത്തുണ്ടായിരുന്ന ലോകം നഷ്ടമായതിന്റെ സങ്കടമാണത്‌. ഒറ്റപ്പെട്ട ചില തുരുത്തുകളിലുള്ള ബന്ധങ്ങള്‍ എനിക്ക്‌ എന്നെന്നേക്കുമായി ഇല്ലാതാകുന്നു. ദീര്‍ഘകാലത്തെ അനുഭവങ്ങളില്‍ നിന്നു ഞാന്‍ അന്വേഷിച്ചു കണ്ടെത്തിയവയായിരുന്നു അതില്‍ പലതും. അവയിലേക്കെത്തിപ്പെടാന്‍ എനിക്കു വേറെ വഴികളില്ല. തീവ്രമായ മുഹൂര്‍ത്തങ്ങളില്‍ തലോടുകയോ തല്ലുകയോ ചെയ്‌ത എസ്‌.എം.എസുകളും പോയി. ഡ്രാഫ്‌റ്റില്‍ സേവ്‌ ചെയ്‌തു വച്ച, ഒരിക്കലും കളഞ്ഞുകൂടാത്ത പല വരികളും കണക്കുകളും എന്നെന്നേക്കുമായി ഡിലീറ്റായി. ജീവിതം ചില വഴിത്തിരിവുകളില്‍ നമുക്ക്‌ പ്രതീക്ഷിക്കാന്‍ കഴിയാത്ത ചിലത്‌ ഇങ്ങനെ കരുതിവെക്കുമെന്നും അവയ്‌ക്കനന്തരം എന്തൊക്കെയാവുമെന്നും കാത്തിരുന്നു കാണുക മാത്രമേ വഴിയുള്ളൂവെന്നും ഞാനിപ്പോള്‍ ആഴത്തില്‍ അറിയുന്നു.

15.5.08

സന്തോഷ്‌ മാധവനെ തീവ്രവാദിയെന്ന്‌ വിളിക്കരുത്‌!

സന്തോഷ്‌ മാധവന്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും നീട്ടിയും കുറുക്കിയും ചുഴിഞ്ഞും വിടര്‍ത്തിയും കൊണ്ടാടാനുള്ള നല്ലൊരു മെറ്റീരിയലായിരിക്കുകയാണല്ലോ। ഇനിയുമുണ്ടോ ബലാത്സംഗങ്ങള്‍, ഇനിയുമുണ്ടോ അശ്ലീല സി.ഡികള്‍, കടുവാത്തോല്‍, പാതികഴിച്ച മദ്യക്കുപ്പികള്‍ എന്നിങ്ങനെയാണ്‌ ഓരോ പുതിയ തവണ ടി.വി തുറക്കുമ്പോഴും പത്രം നിവര്‍ത്തുമ്പോഴും പൊതുജനം അന്വേഷിക്കുന്നത്‌. ജ്യോതിഷവും പ്രവചനവും ഏറ്റവും സ്‌കോപ്പുള്ള ബിസിനസായി മാറിക്കഴിഞ്ഞിരിക്കുന്ന നമ്മുടെ നാട്ടില്‍ അടുത്തതായി പിടിക്കപ്പെടുന്നത്‌ ആര്‌, വെളിപ്പെടുന്നത്‌ എന്തൊക്കെ എന്ന്‌ കാതോര്‍ത്തിരിക്കുകയാണ്‌ മറ്റെല്ലാവരെയും പോലെ ഞാനും.

ഈയവസരത്തില്‍, കേരളത്തിലെ പ്രസിദ്ധനായ ഒരു ജ്യോതിഷിയില്‍ നിന്നുണ്ടായ അനുഭവം ഇവിടെ വെക്കട്ടെ. ഇത്‌ വായിക്കേണ്ട തലം ഏതെന്ന്‌ വായിക്കുന്നവര്‍ തീരുമാനിക്കുകയാവും ഉചിതം എന്ന്‌ തോന്നുന്നു.ജോലിയുടെ ഭാഗമായി ആറേഴു മാസം തിരുവനന്തപുരത്തുണ്ടായിരുന്നു ഞാന്‍. പില്‍ക്കാലത്ത്‌ സിനിമ പിടിച്ച്‌ പ്രതിസന്ധിയിലകപ്പെട്ട പ്രസിദ്ധമായ ഒരു ഓഡിയോ / വീഡിയോ വിപണനക്കമ്പനി പുറത്തിറക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള പ്രസിദ്ധീകരണത്തില്‍ ലേ ഔട്ട്‌ ആര്‍ട്ടിസ്‌ററായിട്ട്‌. സംഗീതമായിരുന്നു പ്രസിദ്ധീകരണത്തിന്റെ വിഷയം. ഇതേ സ്ഥാപനത്തിനു കീഴില്‍ തന്നെ ഒരു ജ്യോതിഷ മാസികയും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു.മലപ്പുറത്തും കോഴിക്കോട്ടുമായി മാത്രം ജീവിച്ചുപരിചയമുണ്ടായിരുന്ന എനിക്ക്‌ തിരുവനന്തപുരത്തേത്‌ പുതിയതും എന്നാല്‍ അസഹനീയവുമായ ജീവിതമായിരുന്നു അവിടത്തേത്‌. ചമ്പാവ്‌ അരി വെച്ചുണ്ടാക്കിയ ചോറിന്റെ കട്ടിയും കനവും മുതല്‍ തക്കംകിട്ടിയാല്‍ പറ്റിക്കുന്ന വഴിവാണിഭക്കാരുടെയും ഓട്ടോഡ്രൈവര്‍മാരുടെയും സ്വഭാവം വരെയുള്ള അനവധി കാര്യങ്ങള്‍ ഒരു മറുകണ്ണോടെ നോക്കേണ്ട ഇടം എന്ന ധാരണ ആ നാടിനെക്കുറിച്ച്‌ എന്നിലുണ്ടാക്കി. എന്നെപ്പോലുള്ളവര്‍ക്ക്‌ റിസ്‌കില്ലാതെ ജീവിക്കാന്‍ മലബാറിനപ്പുറം ലോകത്ത്‌ ഇടമില്ല എന്ന്‌ തോന്നിച്ച കാലഘട്ടം.
.
മതം പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ ചിട്ടപ്പടിയില്‍ പതിനൊന്ന്‌ കൊല്ലം ജീവിച്ചിരുന്നതിനാല്‍, നിസ്‌കാരവും നോമ്പുമൊക്കെ എങ്ങനെയും കൂടെ കൊണ്ടു നടക്കണമെന്ന ശാഠ്യം എന്റെ ശീലങ്ങളിലുണ്ടായിരുന്നു. ചിലപ്പോള്‍ അശ്രദ്ധയുടെയും മറ്റ്‌ ചിലപ്പോള്‍ ദുര്‍വാശികളുടെയും പുറത്തേറി അവയൊക്കെ ഒഴിവാക്കേണ്ടിവരാറുണ്ടെങ്കിലും മുത്ത്‌മുഅ്‌മിനായി ജീവിക്കണമെന്നും ഈമാന്‍ കിട്ടി മരിക്കണമെന്നും ആഗ്രഹിക്കുന്ന പാവപ്പെട്ടൊരു മുസ്‌്‌ലിമാണ്‌ ഞാന്‍. എന്നു കരുതി, ഇസ്‌്‌ലാമിനെക്കുറിച്ച്‌ കാര്യമായ വിവരമില്ലാത്ത പൊതുജനം ധരിച്ചിരിക്കുന്ന പോലെ അമ്പലം ചുട്ടെരിക്കാനും ഇന്ത്യയെ ഇസ്‌്‌ലാമിക രാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കാനും കണ്ണില്‍ക്കണ്ടവരെയൊക്കെ പിടിച്ച്‌ ഇസ്‌്‌ലാമാക്കാനുമുള്ള പ്രതിജ്ഞയൊന്നും ഇല്ല. മനുഷ്യനെ മനുഷ്യനായല്ലാതെ മറ്റു കണ്ണുകളിലൂടെ നോക്കാന്‍ ഇതുവരെ പഠിഞ്ഞിട്ടില്ല.
.
പറഞ്ഞ്‌പറഞ്ഞ്‌ കാട്ടിലേക്കല്ല വിഷയത്തിലേക്കാണ്‌ കയറുന്നത്‌. എന്റെ തിരുവനന്തപുരം നാളുകളിലും അഞ്ചു വഖ്‌ത്‌ നിസ്‌കരിക്കാന്‍ (സുബ്‌ഹി മിക്കപ്പോഴും ഖളാ (അസമയത്ത്‌) ആയിട്ടാണെങ്കിലും) ശ്രദ്ധിച്ചിരുന്നു. രാവിലെ നേരത്തെ എണീക്കുന്ന ദിവസങ്ങളിലൊക്കെയും ഖുര്‍ആന്‍ ഓതാനും. റൂമില്‍ കൂടെ താമസിക്കുന്ന മുസ്‌്‌ലിംകളല്ലാത്ത സുഹൃത്തുക്കളും എന്റെ മതംനടത്തിപ്പില്‍ അസ്വാഭാവികതയോ ബുദ്ധിമുട്ടോ കണ്ടില്ലെന്നാണ്‌ തോന്നുന്നത്‌. ഏതായാലും ഇതേക്കുറിച്ച്‌ കാര്യമായി (എന്റെ അള്ളാനെപ്പോടിയെക്കുറിച്ച്‌ തമാശയായി പലതും പറയാറുണ്ടെന്നതൊഴിച്ചാല്‍) ഒന്നും ആരും പറഞ്ഞു കേട്ടിട്ടില്ല. ഞാന്‍ നിസ്‌ക്കരിക്കുമ്പോള്‍ മുറിയില്‍ നിന്ന്‌ ഒഴിഞ്ഞു തന്നും ഉറക്കെ ശബ്ദിക്കാതെയും അവര്‍ സഹകരിക്കുമായിരുന്നു. ഇടക്കിടക്ക്‌ നീ ഐ.എസ്‌.ഐ ചാരനാണോടാ, ലീവ്‌ കഴിഞ്ഞുവരുമ്പോള്‍ കോഴിക്കോടന്‍ ഹല്‍വയോ മലപ്പുറം കത്തിയോ കൊണ്ടുവരണേ തുടങ്ങിയ നിരുപദ്രവകരമായ കമന്റുകള്‍ പറഞ്ഞ്‌ ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യാറുണ്ടെങ്കിലും സഹപ്രവര്‍ത്തകരെല്ലാം നല്ലവരായിരുന്നു.
.
ഇവിടെയാണ്‌ ജ്യോതിഷി വരുന്നത്‌. ജ്യോതിഷിയും സഹപ്രവര്‍ത്തകന്‍ തന്നെ. മേല്‍പ്പറഞ്ഞ ജ്യോതിഷ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററാണ്‌ കക്ഷി. ആലപ്പുഴയില്‍ നാട്‌. ജ്യോതിഷത്തിനു പുറമേ നാടകാഭിനയം തുടങ്ങിയ ഏര്‍പ്പാടുകളുള്ള സര്‍വകലാവല്ലഭനാണ്‌ പുള്ളി. പല സിനിമാക്കാരുടെയും രാഷ്ട്രീയ നേതാക്കളുടെയും പണക്കാരുടെയുമൊക്കെ വിശ്വസ്‌തനായ ഭാവിപറച്ചിലുകാരനാണെന്നാണ്‌ കേട്ടിരുന്നത്‌. ഫാരിസ്‌ അബുബക്കറിന്റെ വിശ്വസ്‌തനാണെന്നൊക്കെ ആരോ പറഞ്ഞുകേട്ടിരുന്നു. ഇപ്പോള്‍ ചാനലുകളില്‍ ഓടിക്കൊണ്ടിരുന്ന ചില സീരിയലുകളില്‍ വില്ലന്‍വേഷം ചെയ്‌ത്‌ ഗംഭീരമാക്കിയിട്ടുമുണ്ട്‌, ഞാന്‍ കണ്ടിട്ടില്ല.
.
സഹപ്രവര്‍ത്തകരില്‍ മിക്കവരും ജ്യോതിഷ വിശ്വാസികളാകയാല്‍ നമ്മുടെ ജ്യോതിഷി ആദരണീയനായ വ്യക്തിത്വമായിരുന്നു. പൊതുവെ നല്ല പെരുമാറ്റമാണ്‌. സഹനശീലനാണ്‌. ദേഷ്യപ്പെട്ടാല്‍ ചിലപ്പോള്‍ തല്ലാനൊക്കെ വരും. ജ്യോതിഷത്തില്‍ വിശ്വാസമില്ലാത്തതിനാലും ഇത്തരം ഏര്‍പ്പാടുകളില്‍ തൊണ്ണൂറു ശതമാനവും തട്ടിപ്പാണെന്നറിയാവുന്നതിനാലും ജ്യോതിഷിയോട്‌ അടുത്തുപെരുമാറാന്‍ കഴിഞ്ഞിട്ടില്ല. ജോലി സംബന്ധമായ അനിവാര്യമായ ചില കണ്ടുമുട്ടലുകളില്‍ പലപ്പോഴും ഉടക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊക്കെ എന്റെ കയ്യിലിരിപ്പിന്റെ ഗുണം എന്നു മാത്രമേ കരുതുന്നുള്ളൂ..ഈ ജ്യോതിഷി എന്നെക്കുറിച്ച്‌ നടത്തിയ ഒരു പ്രവചനമാണ്‌ ഈ കുറിപ്പിന്‌ എന്നെ പ്രേരിപ്പിച്ചത്‌. പുള്ളിയുടെ പ്രവചന സ്വഭാവത്തില്‍ അമിതവിശ്വാസമുള്ള ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകനോടാണ്‌ പുള്ളി എന്നെക്കുറിച്ച്‌ പ്രവചനം നടത്തിയത്‌. ഒന്നുമില്ല, ഭാവിയില്‍ ഞാനൊരു ഭീകരവാദിയായിത്തീരും എന്നു മാത്രമായിരുന്നു ആ മഹാപ്രവചനം!
.
വളരെ വൈകിയാണ്‌ ഈ പ്രവചന വൃത്താന്തം അറിഞ്ഞതെങ്കിലും അത്‌ എന്നിലുണ്ടാക്കിയ അരക്ഷിത ബോധത്തിന്റെ ആഴം എഴുതി ഫലിപ്പിക്കാനാവില്ല. ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച്‌ മതനിഷ്‌ഠകള്‍ കൊണ്ടു നടക്കാന്‍ ശ്രമിക്കുന്ന ഒരാളെ എത്ര പെട്ടെന്ന്‌ ഭീകരവാദിയാക്കാന്‍ കഴിയുന്നു! നെറ്റിയില്‍ ഭസ്‌മക്കുറി തൊടുകയും മതമന്ത്രങ്ങള്‍ ഉരുവിടുകയും കയ്യില്‍ രക്ഷാബന്ധനവും മറ്റു ചരടുകളും കെട്ടുന്ന ഒരാളെക്കുറിച്ച്‌ മതമൗലികവാദി എന്ന്‌ പറയാതിരിക്കുമ്പോള്‍ തന്നെ, തലയില്‍ തൊപ്പിവെച്ച ഒരാള്‍ പാക്കിസ്‌താന്റെ ചാരനും അല്‍ഖാഇദയില്‍ നിന്ന്‌ പണംപറ്റുന്നവനുമാകുന്നു!...
.
ഈ സംഭവം ആദ്യമായി ഞാന്‍ പറഞ്ഞത്‌ കോഴിക്കോട്ടെ പത്രപ്രവര്‍ത്തകനായ ഒരു ഹൈന്ദവ സുഹൃത്തിനോടാണ്‌. അവന്‍ ആദ്യം എന്നെ മാറ്റിനിര്‍ത്തി അടിമുടി ഒന്നുനോക്കി. പിന്നെ എന്റെ വലതുകൈയ്‌ തന്റെ ഇരുകയ്യിലുമായി ശക്തിയായി കൂട്ടിപ്പിടിച്ച്‌ കണ്ണില്‍ നോക്കി ഒന്നും ഉരിയാടാനാവാതെ മിനുട്ടുകളോളം നിന്നു...

3.10.07

വിജയന്‍ മാഷുടെ കൂടെ

2005 ജൂലൈയിലെ മുഷിഞ്ഞ ഒരു വൈകുന്നേരം. ദാറുല്‍ഹുദായുടെ പുറകുവശത്തെ തെങ്ങിന്‍ തോപ്പും ഫുട്ബോള്‍ ഗ്രൌണ്ടും വാഴത്തോട്ടവും നടന്നളന്ന് മതിലിനു മുകളിലെ കമ്പിവേലിയുടെ നിഴലിനും കാറ്റിനുമൊപ്പം വരുന്ന സായാഹ്നസൂര്യന്‍‌റെ വെളിച്ചവും കണ്ട്, പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ ആലോചിച്ചു നടക്കുകയായിരുന്നു ഞാന്‍. നടന്നു തീര്‍ക്കാനുള്ളിടമെല്ലാം പെട്ടെന്നു തീരുകയാണല്ലോ എന്നു തിരിച്ചറിഞ്ഞു തുടങ്ങിയ കാലമായിരുന്നു. മതവും മതേതരവും പഠിക്കുന്ന ഒരു മതവിദ്യാര്‍ഥിക്കുണ്ടാകുന്നതിനേക്കളുണ്ടായിരുന്നു അന്നത്തെ ഉല്‍ക്കണ്ഠകളും അസ്വസ്ഥതകളും. പത്തു കൊല്ലമായി ഒരേ വൃത്തത്തില്‍ കറങ്ങുന്ന ജീവിതത്തിന്‍‌റെ മടുപ്പ്. മതിലുകള്‍ക്കു മുകളില്‍ വെച്ചു കെട്ടിയ മുള്ളുകമ്പികള്‍ മനസ്സിലേക്കും നീണ്ടു വരുന്നുണ്ടോ എന്നൊരു തോന്നല്‍ വെറുതെ ഇടക്കിടെ ഉണ്ടായിക്കൊണ്ടിരുന്നു. ലൈബ്രറിയില്‍ ആഴ്ചപ്പതിപ്പുകള്‍ക്കും വിജ്ഞാനകോശങ്ങള്‍ക്കുമിടയില്‍,‍ പലകൈ മാറിവരുന്ന നല്ല പുസ്തകങ്ങള്‍ വായിക്കുന്ന ക്ലാസ്സ് നേരങ്ങളില്‍, സ്വയം കെട്ടിയിടാവുന്നതിന്‍‌റെ പരിധി വിട്ടാല്‍ പിന്നെ ശൂന്യമായിരുന്നു മനസ്സ്. ആ ശൂന്യതയെ കുടഞ്ഞു കളയാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു തുടങ്ങിയ തിരിച്ചറിവിന്‌റെയോ വഴിമാറലിന്‌റെയോ കാലം...
നടത്തമവസാനിച്ചു പതിവുപോലെ ഫുട്ബോള്‍ കാണാന്‍ നില്‍ക്കുമ്പോള്‍ റഊഫ് കടന്നുവന്നു. എന്നെക്കാളധികമായിരുന്നു അവനു ദാറുല്‍ഹുദായുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള പരാതികള്‍ എന്നതിനാല്‍ ആയിടെയാണു ഞങ്ങള്‍ സുഹൃത്തുക്കളാകുന്നത്. മടുപ്പിനെ വായന കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും കൊച്ചു കൊച്ചു വായനക്കൂട്ടങ്ങള്‍ കൊണ്ടും എക്സ്ട്രാ കരിക്കുലര്‍ കാര്യങ്ങള്‍ കൊണ്ടും മറികടക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നത് അവനാണ്. പരാതികള്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ക്കുകയും, പരിഹാരമില്ലാത്ത ഏകാന്തതയെ പരസ്പരം പകുത്തു നല്‍കുകയും ചെയ്തു। എന്നേക്കാള്‍ മൂന്നു വര്‍ഷം സീനിയറാണെങ്കിലും ഞങ്ങള്‍ക്ക് ഒരുമിക്കാന്‍ ഒന്നിലധികം പ്ലാറ്റ്ഫോമുകളുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ മുന്‍‌കയ്യെടുത്ത്, നിരുത്സാഹപ്പെടുത്തലുകളെയും ശല്യങ്ങളേയുമെല്ലാം മറികടന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തെളിച്ചം എന്ന മാസിക അവയിലൊന്ന്. ഏറ്റവും പ്രധാനവും അതു തന്നെയായിരുന്നു എന്ന് തോന്നുന്നു.
ഓഗസ്റ്റ് ലക്കം തെളിച്ചത്തിന്‍‌റെ വര്‍ക്കുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലായിരുന്നു ഞങ്ങള്‍. തെളിച്ചത്തിന്‍‌റെ പേരില്‍, അവസരം കിട്ടുമ്പോഴെല്ലാം കാമ്പസിനു പുറത്തു പോകാനും നനവിന്‌റെ പുതിയ ഇടങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ആ കാലം.
തെളിച്ചത്തിന്‌റെ പേരില്‍ എം എന്‍ വിജയന്‍ മാഷെ കാണാന്‍ പോവുക എന്ന ഒരാശയം റഊഫാണു എടുത്തിട്ടത്. സ്വാതന്ത്ര്യത്തെക്കുറിച്ചു മാഷിനെക്കൊണ്ടു സംസാരിപ്പിച്ചു മാസികക്കു കവര്‍ സ്റ്റോറിയാക്കാം. ആ പേരില്‍, ആ ചെലവില്‍ ദാറുല്‍ ഹുദായുടെ മടുത്തതും വരണ്ടതുമായ അന്തരീക്ഷത്തില്‍ നിന്നു രക്ഷപ്പെടാനുള്ള ഒരിടം ഓര്‍മയിലെങ്കിലും സൃഷ്ടിക്കാം. മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ആത്മകഥയല്ലാതെ മറ്റൊന്നും വിജയന്‍ മാഷുടേതായി വായിച്ചിട്ടില്ലെങ്കിലും, മാഷെ കാണാന്‍ പോവുക എന്നത് എനിക്കും സന്തോഷകരമായിത്തോന്നി. ആ വൈകുന്നേരത്തെ ആശയം പിന്നീട് കുറേ യത്നങ്ങള്‍ക്കു ശേഷം സഫലമാകുമെന്നുവന്നു. കോളേജില്‍ നിന്നു അനുവാദം ലഭിച്ചു. വിജയന്‍ മാഷെ വിളിച്ചു ചെല്ലേണ്ട ദിവസവും സമയവുമുറപ്പിച്ചു.
‘സന്തോഷത്തിനും സ്നേഹത്തിനും പ്രാധാന്യം നല്‍കുന്ന ഒരാളുടെ അടുത്തേക്കാണു നമ്മള്‍ പുറപ്പെടുന്നത്.’ ദാറുല്‍ഹുദായുടെ ഗേറ്റു കടന്നു പുറത്തേക്കു വരുമ്പോള്‍ റഊഫ് എന്നോടു പറഞ്ഞു. ആ പ്രഭാതത്തിനു മീതെ മഴ പെയ്യുന്നുണ്ടായിരുന്നു. രാവിലെ 12 മണിക്കു കൊടുങ്ങല്ലൂരിലെത്താനായിരുന്നു മാഷ് പറഞ്ഞത്. പു കസയിലെ രാജിയും പാര്‍ട്ടിയില്‍ നിന്നു പുറത്താവലും മറ്റുമായി മാഷ് മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന കാലമാണ്. അനാരോഗ്യം വകവെക്കാതെ പ്രസംഗിച്ചും പ്രസ്താവനകളിറക്കിയും സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ കള്ളനാണയങ്ങളെ മാഷ് വെളിച്ചത്തു കാട്ടിക്കൊണ്ടിരിക്കുന്ന ആ ദിവസങ്ങളില്‍ ഒരു അഭിമുഖം, അതും ലോകപരിചയം തീരെയില്ലാ‍ത്ത ഞങ്ങള്‍ക്കു അനുവദിച്ചു കിട്ടിയതു തന്നെ അല്‍ഭുതമായിരുന്നു।
സ്ഥലകാലങ്ങളെക്കുറിച്ചും, സമയത്തെക്കുറിച്ചുമുള്ള ബോധം ഗൌരവമായി വെച്ചു തുടങ്ങിയിട്ടില്ലാത്ത ഞങ്ങള്‍ പരപ്പനങ്ങാ‍ടി സ്റ്റേഷനില്‍ നിന്നു പരശുറാം എക്സ്പ്രസ് കയറുന്നത് 9.15 ന്‍. മുക്കിയും മൂളിയും ഞരങ്ങിയും അരിച്ചും തീവണ്ടി തൃശൂരെത്തുമ്പോള്‍ 1 മണിയായിരുന്നു. അവിടെ നിന്നു ഒരു മണിക്കൂറിലധികം യാത്രയുണ്ടു കൊടുങ്ങല്ലൂരിലേക്ക്. ഓടിയും കിതച്ചും ബസ് സ്റ്റാന്‍ഡിലെത്തി മാഷിനു വിളിച്ചു. ഞങ്ങള്‍ വരുന്നതും കാത്തിരിക്കുകയായിരുന്ന ആ വലിയ മനുഷ്യനോട് ഞ്ങ്ങള്‍ തൃശൂരെത്തിയതേയുള്ളൂ എന്നു അറിയിക്കേണ്ട ഉത്തരവാദിത്വം റഊഫ് ഏറ്റെടുത്തു.
‘എവിടെയായിരുന്നു ഇതുവരെ?‘ ആഴത്തില്‍ നിന്നു വരുന്നതെന്നു തോന്നിക്കുന്ന ശബ്ദം ഫോണിലൂടെ മുഴങ്ങി.
‘ഞങ്ങള്‍ ട്രെയിനിലാണു വന്നത്. വണ്ടി പതുക്കെ….‘ റഊഫ് പറഞ്ഞു.
‘അതു ശരി. തീവണ്ടിയില്‍ സുഖിച്ച് വരികയായിരുന്നു അല്ലേ?‘ മാഷിന്‍‌റെ സംസാരം കേട്ട് ഞങ്ങള്‍ ശരിക്കും ഭയന്നു. 2 മണിയോടെ മാഷ് കോഴിക്കോട്ടേക്കു പുറപ്പെടുകയാണെന്നും ഇന്നിനി സംസാരിക്കാന്‍ നേരമില്ലെന്നും വിജയന്‍ മാഷ് അറിയിച്ചു. റഊഫും ഞാനും ഫോണിലൂടെ മാറിമാറി അപേക്ഷിച്ചു നോക്കിയെങ്കിലും സംസാരിക്കാന്‍ പറ്റില്ല എന്ന തീരുമാനം മാറ്റാന്‍ മാഷ് തയ്യാറായില്ല.
ഏതായാലും ഇത്രടം വന്നതല്ലേ, വരുന്നതു വരട്ടേ എന്നു കൊടുങ്ങല്ലൂരേക്കു ബസ്സുകയറി. കൊടുങ്ങല്ലൂരു നിന്നും ഓട്ടോ പിടിച്ചു ‘കരുണ’യിലെത്തുമ്പോള്‍ ഭാഗ്യം, മാഷ് പുറപ്പെട്ടിട്ടില്ല. കാറു മുറ്റത്തു കിടപ്പുണ്ട്. വീട്ടില്‍ മക്കളോ ബന്ധുക്കളോ മറ്റാരോ ഉണ്ട്. സംസാരിക്കാന്‍ സമയമില്ല എന്നു തന്നെയാണു വിജയന്‍ മാഷ് ഞങ്ങളെ കണ്ടപ്പോഴും അതേ കനമുള്ള ശബ്ദത്തില്‍ പറഞ്ഞത്.
അവിടെ എവിടെയെങ്കിലും മുറിയെടുക്കാമെന്നും പിറ്റേന്നു സംസാരിക്കാന്‍ അനുവദിക്കാമോ എന്നും ഞങ്ങള്‍ കെഞ്ചി നോക്കി. ഇന്നു പോയാലിനി രണ്ടു നാള്‍ കഴിഞ്ഞേ മടങ്ങൂ എന്നദ്ദേഹം.
നിരാശയോടെ മടങ്ങാനിറങ്ങിയ ഞങ്ങളോട് ‘ഊണു കഴിച്ചതാണോ’ എന്നു അന്വേഷിച്ചു മാഷ്. അഭിമുഖം കിട്ടില്ലെന്ന നിരാശയില്‍, ഇല്ലെന്നോ ഉണ്ടെന്നോ പറയണമെന്നറിയാതെ നില്‍ക്കുന്ന ഞങ്ങളെ മാഷ് അകത്തേക്കു വിളിച്ചു. വാര്‍ധക്യത്തിന്‌റെ ഐശ്വര്യമുള്ള സ്നേഹം കൊണ്ട് മാഷിന്‍‌റെ ഭാര്യ ഞങ്ങള്‍ക്കു പച്ചരിച്ചോറും കൂട്ടാനും വിളമ്പി. ഒപ്പം നിന്നു നിര്‍ബന്ധിച്ച് വീണ്ടും വീണ്ടും വിളമ്പിത്തന്നു.
ഊണു കഴിഞ്ഞ ഉടന്‍ മാഷ് ഞങ്ങളെ സിറ്റൌട്ടിലേക്കു വിളിച്ചു. സമയത്തിന്‍‌റെ വില പറഞ്ഞു മനസ്സിലാക്കി. പുറപ്പെടാനുള്ള നേരം അതിക്രമിച്ചിട്ടും ഞങ്ങളോടു സ്വാതന്ത്ര്യത്തെക്കുറിച്ചും മറ്റും സംസാരിച്ചു. ഗാംഭീര്യമാര്‍ന്ന ആ മുഖത്ത് ക്ഷീണത്തിന്‍‌റെ ചാലുകള്‍ കാണാമായിരുന്നു.
പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം മാഷ് ചിരിച്ചു ഒഴിഞ്ഞുമാറി. പാര്‍ട്ടി ജനങ്ങളുടേതാണെന്നും, പാര്‍ട്ടീയില്‍ നിന്നു പുറത്താകുക എന്നാല്‍ ലോകത്തു നിന്നു പുറത്താകുക എന്നല്ലെന്നും വിജയന്‍ മാഷ് പറഞ്ഞു. പാര്‍ട്ടിയിലേക്കു ഒരു മടക്കം അസാദ്ധ്യമല്ല എന്ന രീതിയിലായിരുന്നു സംസാരം, മുഴുനേരവും.
‘മാഷ് പാര്‍ട്ടിയിലേക്കു മടങ്ങുമോ’ റഊഫ് ചോദിച്ചു.
എല്ലാ ചോദ്യങ്ങളേയും മുക്കിക്കളയുന്ന ഒരു ചിരിയായിരുന്നു അതിനുള്ള ഉത്തരം.
അതിനു ശേഷം മാഷ് മക്കളോടൊപ്പം യാത്ര പുറപ്പെട്ടു.
നിറഞ്ഞ മനസ്സുമായി തിരിച്ചു പോകാനിറങ്ങിയ ഞങ്ങളെ, നിങ്ങളെ രണ്ടുപേരെയും കൊടുങ്ങല്ലൂരിറക്കി വിടാം എന്നു പറഞ്ഞു നിറഞ്ഞ കാറില്‍ കയറ്റി. മുന്നിലെ സീറ്റില്‍ എനിക്കു ഇരിക്കാന്‍ വേണ്ടി ആ മഹാമനുഷ്യന്‍ ഒതുങ്ങിയിരുന്ന കാഴ്ച എങ്ങനെ മറക്കാനാണ്‍?
അഭിമുഖം നടത്തിയതു തെളിച്ചത്തിനു വേണ്ടി എഴുതാന്‍ റഊഫിനായില്ല. അനിവാര്യമായ ചില കാരണങ്ങളാല്‍ പിറ്റേന്നു തന്നെ ദാറുല്‍ഹുദാ അവനെ പുറത്താ‍ക്കി. അവന്‍ വിട പറഞ്ഞു പോകുന്നതു കാണാന്‍ ഞാനന്ന് അവിടെ ഉണ്ടായിരുന്നില്ല.
പിന്നീട്, റഊഫിനു ജവഹര്‍ലാല്‍ നെഹ്രു യൂനിവേഴ്സിറ്റിയില്‍ പി ജിക്ക് അഡ്മിഷന്‍ കിട്ടി. അവന്‍ പഠിപ്പിന്‌റെ തിരക്കുകളിലേക്കു പോയി. അതിനിടയില്‍ ദാറുല്‍ഹുദാ എന്നെയും പുറന്തള്ളി. അതിനിടയിലെ കത്തെഴുത്തുകളിലും സംഭാഷണങ്ങളിലും കൊടുങ്ങല്ലൂരേക്ക് ഒരിക്കല്‍ കൂടി പോകാനുള്ള ആഗ്രഹം ഞങ്ങള്‍ സജീവമായി പങ്കു വെച്ചിരുന്നു. ഇടക്കെപ്പോഴോ മാഷിനു രോഗം കലശലായപ്പോള്‍ മനസ്സ് പ്രാര്‍ഥനാ നിര്‍ഭരമാ‍യിരുന്നു.
ഒടുവില്‍ ഈ ജൂണിലാണു വീണ്ടും വിജയന് മാഷിനെ തേടി തൃശൂരിലേക്കു പുറപ്പെടുന്നത്. പഴയ അതേ മഴക്കാലം. അതേ പരശുറാം എക്സ്പ്രസ്സ്. റഊഫിനും എനിക്കുമൊപ്പം ഷരീഫുമുണ്ടായിരുന്നു. ഞങ്ങളെക്കൂടാതെ മുമ്പു പലതവണ മാഷെ കാണാന്‍ പോയിട്ടുള്ളതാണു ഷരീഫ്.
ഇത്തവണ മാഷിന്‌റെ മുഖത്ത് പഴയ പ്രസരിപ്പു കണ്ടില്ല. പ്രതിദ്ധ്വനി പോലുള്ള ആ സ്വരത്തില്‍ ഇടര്‍ച്ച വ്യക്തമായിരുന്നു. പലപ്പോഴായി വന്നു ശല്യം ചെയ്തു കൊണ്ടിരുന്ന രോഗം മാഷിനെ അത്രമേല്‍ ബാധിച്ചിരുന്നു. എങ്കിലും സംസാരിച്ചു തുടങ്ങിയപ്പോള്‍ ആ പഴയ വിപ്ലവകാരി മടങ്ങി വന്നു. രോഗത്തെക്കുറിച്ചു പറഞ്ഞു തുടങ്ങി, മഴയിലൂടെയും പ്രകൃതിയിലൂടെയും കമ്മ്യൂണിസത്തിലൂടെയും സംസാരം കടന്നു പോയി. രോഗക്കിടക്കയില്‍ മരണത്തെ മുന്നില്‍ കണ്ടതു മാഷ് വിവരിച്ചു. വി എസ് അച്യുതാനന്ദനെക്കുറിച്ചും അദ്ദേഹത്തിന്‌റെ ഊര്‍ജസ്വലതയെക്കുറിച്ചും പറഞ്ഞു.
ഒരിക്കല്‍ ഏതോ നാട്ടില്‍ ഒരു പ്രോഗ്രാമിനു ചെന്നപ്പോള്‍ അവിടെ ദൂരെ ഒരു കുന്നിന്‍ മുകളിലേക്കു സംഘാടകര്‍ ചൂണ്ടിക്കാണിച്ചതിനെക്കുറിച്ചു മാഷ് പറഞ്ഞു. കയറിപ്പറ്റാന്‍ ഏറെ ബുദ്ധിമുട്ടുള്ള അവിടെ വീ എസ്സും സംഘവും നില്‍പ്പുണ്ടായിരുന്നതു കണ്ടു മാഷ് വിസ്മയിച്ചു പോയത്രേ. വീ എസ്സിന്‍‌റെ നിശ്ചയ ദാര്‍ഡ്യത്തെ എതിര്‍ത്തു തോല്‍പ്പിക്കാനാവില്ലെന്നു വിജയന്‍ മാഷ് ആണയിട്ടു പറഞ്ഞു. പിണറായി വിജയനെക്കുറിച്ചും കുറച്ചെങ്കിലും പറഞ്ഞു, ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്ന പോലെ എതിര്‍ത്തു കൊണ്ടല്ല. ഏറെ വാത്സല്യത്തോടെ.
ജനശക്തിയിലെയും സമകാലിക മലയാളത്തിലെയും കോളമെഴുത്തിനെക്കുറിച്ചും മാഷ് സംസാരിച്ചു. മൂന്നാറു മുതല്‍ അമേരിക്കയും ഇറാക്കും വരെ പോയി. ഇടക്ക് ആ പഴയ ഉച്ചത്തിലുള്ള ചിരി ചിരിച്ചു. എങ്കിലും രോഗം വരുത്തിയ മാറ്റങ്ങള്‍ ആ മുഖത്തും ശരീരത്തിലും കാണാ‍മായിരുന്നു.
ഇനിയും വരുമെന്നു പറഞ്ഞാണു മടങ്ങിയത്. സന്തോഷത്തോടെ മാഷ് ഞങ്ങളെ യാത്രയാക്കുകയും ചെയ്തു.
.
ഇടക്കൊരു ദിവസം വിശദാംശങ്ങളില്ലാതെ ‘വിജയന്‍ മരിച്ചു‘ എന്നൊരു വാര്‍ത്ത കേട്ടു. അത് എം എന്‍ വിജയന്‍ തന്നെയാണെന്ന്‍ ആരോ സ്ഥിരീകരിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ ആദ്യം ചെയ്തത് ഷരീഫിനു വിളിക്കുകയാണ്‍. ആരോടൊക്കെയോ വിളിച്ചു ചോദിച്ച്, മരിച്ചത് നടന്‍ വിജയനാണെന്നു അവന്‍ അറിയിച്ചു. വിജയന്‍ മാഷ് അത്ര പെട്ടെന്നൊന്നും മരിക്കില്ലല്ലോ എന്നു ഞങ്ങള്‍ പരസ്പരം പറഞ്ഞു. എത്രയും പെട്ടെന്നൊരിക്കല്‍ വിജയന്‍ മാഷെ കാണാന്‍ പോകണം എന്നു ഞങ്ങള്‍ തീരുമാനിക്കുകയും ചെയ്തു.
.
ഇന്നുച്ചക്കു, എം എന്‍ വിജയന്‍ പത്രസമ്മേളനത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍, മരിച്ചതു മറ്റാരോ ആയിരിക്കണമെന്ന പ്രാര്‍ഥനയുണ്ടായിരുന്നു ഉള്ളില്‍. എന്തു ചെയ്യാം, മരിച്ചതു മലയാളിയെ തിരിച്ചറിയുകയും തിരുത്തുകയും ചെയ്ത നമ്മുടെ സ്വന്തം വിജയന്‍ മാഷ് തന്നെയാണെന്നു സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ ആകെ ഒരു മരവിപ്പായിരുന്നു.
കൊടുങ്ങല്ലൂരിലേക്കൊരു യാത്ര ഇനിയുണ്ടാകുമോ?
ആ ചിരി, ആ മുഴങ്ങുന്ന ശബ്ദം, ആ വാ‍ത്സല്യം ഇനിയുണ്ടാവില്ലല്ലോ