Showing posts with label ഫുട്‌ബാള്‍. Show all posts
Showing posts with label ഫുട്‌ബാള്‍. Show all posts

18.5.11

ബംഗാളില്‍ മാര്‍ക്‌സിസത്തിന്റെ കാലം കഴിഞ്ഞിട്ടില്ല

ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ബൗദ്ധിക വളര്‍ത്തുകേന്ദ്രമെന്നാണ്‌ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി അറിയപ്പെടുന്നത്‌. അധികാര രാഷ്ട്രീയപരവും അല്ലാത്തതുമായ വിവിധ ഇടതുപക്ഷ - കമ്മ്യൂണിസ്റ്റ്‌ ചിന്താധാരകള്‍ ജെ.എന്‍.യുവിന്റെ മുഖ്യധാരയില്‍ സജീവമായി നിലനില്‍ക്കുന്നു. പാര്‍ലമെന്ററി കമ്മ്യൂണിസത്തിന്റെ ഭക്തര്‍ മുതല്‍ കറകളഞ്ഞ ഇടതുപക്ഷ അരാജകവാദികള്‍ക്കു വരെ ജെ.എന്‍.യു തങ്ങളുടേതായ ഇടം അനുവദിക്കുന്നുണ്ട്‌. സി.പി.എമ്മിന്റെ ദേശീയ നേതാക്കളായ പ്രകാശ്‌ കാരാട്ടും സീതാറാം യെച്ചൂരിയുമടക്കം നിരവധി കമ്മ്യൂണിസ്റ്റ്‌ സൈദ്ധാന്തികര്‍ ജെ.എന്‍.യുവിന്റെ ഉ|ന്നങ്ങളാണ്‌. ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം നേരിട്ട ദയനീയ പരാജയം, മറ്റെവിടത്തെയുമെന്ന പോലെ ജെ.എന്‍.യുവിലെയും കമ്മ്യൂണിസ്റ്റുകളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്‌. പരാജയം സംബന്ധിച്ച താത്വിക വിശകലനങ്ങളും വാദപ്രതിവാദങ്ങളും തുടങ്ങുന്നതിനുമുമ്പ്‌ ഗൂഢ മൗനത്തിലാണിപ്പോള്‍ ക്യാമ്പസ്‌.

എസ്‌.എഫ്‌.ഐയുടെ സജീവ പ്രവര്‍ത്തകരെല്ലാം ബംഗാളിലെ പരാജയത്തെപ്പറ്റി ബുദ്ധിപൂര്‍വമായ മൗനം പാലിക്കുകയാണ്‌. `ജനങ്ങളുടെ വിധിതീര്‍പ്പ്‌ വ്യക്തം' എന്നും `ജനവിധി അംഗീകരിക്കുന്നു' എന്നുമെല്ലാമുള്ള സുരക്ഷിത വാചകങ്ങള്‍ക്കപ്പുറത്തേക്ക്‌ അവരധികം പോകുന്നില്ല. എസ്‌.എഫ്‌.ഐ - ജെ.എന്‍.യു പ്രസിഡണ്ട്‌ ലെനിന്‍ കുമാറിന്റെയും അഖിലേന്ത്യാ എസ്‌.എഫ്‌.ഐ ജനറല്‍ സെക്രട്ടറി റിതാബ്രത ബാനര്‍ജിയുടെയുമെല്ലാം വാക്കുകളില്‍ ഇടതുപക്ഷം അകപ്പെട്ടിരിക്കുന്ന അരക്ഷിതത്വത്തിന്റെ സൂചനകളുണ്ട്‌: `തെരഞ്ഞെടുപ്പിലെ പരാജയം ലോകാവസാനമല്ല. ജനങ്ങള്‍ക്കു വേണ്ടി പോരാടി ഞങ്ങള്‍ ഇനിയും തിരിച്ചുവരും.' ജനാധിപത്യ പ്രക്രിയയില്‍ വിജയം പോലെ സ്വാഭാവികമാണ്‌ പരാജയവും എന്നാണ്‌ ഇടതുപക്ഷ നിരീക്ഷകയും ഗ്രന്ഥകാരിയുമായ ജെ.എന്‍.യു സാമ്പത്തിക ശാസ്‌ത്ര വിഭാഗം പ്രൊഫസര്‍ ജയതി ഘോഷ്‌ പറയുന്നത്‌.

സി.പി.ഐ(എം.എല്‍ - ലിബറേഷന്‍)യുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ഐ.എസ്‌.എ(ഐസ)യാണ്‌ ജെ.എന്‍.യുവിലെ പുതിയ യാന്ത്രിക മുഖ്യധാരാ ഇടതുപക്ഷം. റോസാ ലക്‌സംബര്‍ഗിന്റെയും ലെനിനിന്റെയും ചെഗുവേരയുടെയും ഭഗത്‌ സിംഗിന്റെയും ചുവര്‍ചിത്രങ്ങള്‍ക്കു കീഴെ പടിഞ്ഞിരിക്കുമ്പോഴും പടിഞ്ഞാറന്‍ മുതലാളിത്ത ബ്രാന്‍ഡുകളെ ഓമനിക്കുന്നവരാണ്‌ മൃദു ഇടതുപക്ഷം മുതല്‍ തീവ്ര ഇടതുപക്ഷം വരെയുള്ളവര്‍. `പര്‍ച്ച'(ലഘുലേഖ)കളിലും മാര്‍ച്ചുകളിലും രാഷ്ട്രീയ ഇടതുപക്ഷത്തിന്റെ സജീവ വിമര്‍ശകരായ ഐസ, ബംഗാളിലെ സി.പി.എമ്മിന്റെ തോല്‍വിയെപ്പറ്റി `ജനവിധി 2011 - പാഠങ്ങളും വെല്ലുവിളികളും' എന്ന പേരില്‍ പര്‍ച്ച പുറത്തിറക്കിയിട്ടുണ്ട്‌. ``ജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന്‌ സി.പി.ഐയും സി.പി.ഐയും ധിക്കാരപൂര്‍വം വിസമ്മതിച്ചപ്പോള്‍ മമതയുടെ അവസരവാദപരവും തന്ത്രപൂര്‍വവുമായ `മാ-മട്ടി-മനുഷ്‌' (മാതാവ്‌, ഭൂമി, മനുഷ്യന്‍) മുദ്രാവാക്യം ജനങ്ങളെ സ്വാധീനിച്ചു.'' ഐസ പറയുന്നു.

മൂന്നു പതിറ്റാണ്ടിലേറെ ജെ.എന്‍.യുവിലെ സമൂഹശാസ്‌ത്ര വിഭാഗത്തിലെ സജീവ അധ്യാപകനും രാഷ്ട്രീയ-സാമൂഹ്യ-വിദ്യാഭ്യാസ വിഷയങ്ങളിലെ വിമര്‍ശനാത്മക സാന്നിധ്യവുമായ പ്രൊഫ. അവിജിത്ത്‌ പഠകിന്‌ ബംഗാളിലെ ഇടതുപക്ഷത്തിന്റെ പതനത്തെപ്പറ്റി വ്യക്തമായ കാഴ്‌ചപ്പാടുണ്ട്‌. ഗാന്ധിയന്‍ ചിന്തയും ജീവിതവും രവീന്ദ്ര സാഹിത്യവും ബംഗാളി നിഷ്‌ഠകളും കൊണ്ടുനടക്കുന്ന ഈ കൊല്‍ക്കത്തക്കാരന്‍ മമതാ ബാനര്‍ജിയുടെ `വിപ്ലവം' ഉയര്‍ത്തുന്ന പ്രതീക്ഷകളും ആശങ്കകളും പങ്കുവെക്കുന്നു. `ആധുനികത, ആഗോളവല്‍ക്കരണം, സ്വത്വം', `ഇന്ത്യന്‍ ആധുനികത: വൈരുധ്യങ്ങളും വിരോധാഭാസങ്ങളും സാധ്യതകളും', `ആധുനിക ഇന്ത്യയിലെ ജീവിതം: രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ രംഗങ്ങളിലെ പ്രതിഫലനം' തുടങ്ങിയ പത്തോളം കൃതികളുടെ കര്‍ത്താവാണ്‌ അദ്ദേഹം. പ്രൊഫ. പഠകുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

34 വര്‍ഷത്തിനു ശേഷം ബംഗാളില്‍ സി.പി.എമ്മിനു ഭരണം നഷ്ടമായിരിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ നിര്‍ണായകമായ ഒരധ്യായമായ ഈ പതനത്തെ എങ്ങനെ നോക്കിക്കാണുന്നു?

അനിവാര്യമായ പരാജയമാണ്‌ ബംഗാളില്‍ സി.പി.എം ഇപ്പോള്‍ നേരിട്ടിരിക്കുന്നത്‌. തുടര്‍ച്ചയായ 34 വര്‍ഷങ്ങളിലെ ഭരണം ജനങ്ങളെ വകവെക്കേണ്ടതില്ലാത്ത ഒരു മനോഭാവം സി.പി.എമ്മിലുണ്ടാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലുമെല്ലാം മാര്‍ക്‌സിസ്റ്റുകള്‍ നിരന്തരം വിജയിച്ചു. കരുത്തനായ ഒരു എതിരാളി ഇല്ലാതിരുന്നതിനാല്‍, സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ബംഗാളിലെ ഓരോ തുറയും സി.പി.എം കൈവെള്ളയിലാക്കി. പ്രാദേശികമായ ദുര്‍ഗാ പൂജാ കമ്മിറ്റി രൂപീകരിക്കുന്നതു മുതല്‍ യൂണിവേഴ്‌സിറ്റിയിലെ വൈസ്‌ ചാന്‍സ്ലരെ നിയമിക്കുന്നതുവരെ പാര്‍ട്ടിയായി. ഒരു തിരിച്ചുപോക്കുണ്ടാകില്ലെന്ന തരത്തിലുള്ള ആത്മവിശ്വാസം അത്‌ അണികളിലുണ്ടാക്കി.
കേരളത്തിലേതു പോലെ, ഇടതുപക്ഷത്തിന്‌ ബദലാവാനുള്ള കരുത്ത്‌ കോണ്‍ഗ്രസിന്‌ ബംഗാളിലുണ്ടായിരുന്നില്ല. സി.പി.എമ്മിന്റെ ബി.ടീമാണ്‌ കോണ്‍ഗ്രസ്‌ എന്നൊരു ഫലിതം തന്നെയുണ്ടായിരുന്നു. പ്രണബ്‌ മുഖര്‍ജിയെപ്പോലെ വ്യക്തിത്വമുള്ള നേതാക്കന്മാരുണ്ടായിരുന്നെങ്കിലും ബംഗാള്‍ രാഷ്ട്രീയത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഈയവസ്ഥക്കൊരു മാറ്റം വന്നത്‌ 1998-ലെ കോണ്‍ഗ്രസിന്റെ പിളര്‍പ്പോടെയാണ്‌. തൃണമൂല്‍ കോണ്‍ഗ്രസുമായി രംഗത്തെത്തിയ മമതാ ബാനര്‍ജി സി.പി.എമ്മിന്‌ ബദലാകുമെന്ന തോന്നലുണ്ടാക്കി. കമ്മ്യൂണിസ്‌റ്റ്‌ രാഷ്ട്രീയത്തെ തെരുവില്‍ നേരിടാന്‍ ധൈര്യം കാണിച്ചത്‌ അവര്‍ മാത്രമാണ്‌. മമതയുടേത്‌ ഒരു പോരാട്ടം തന്നെയായിരുന്നു.
സി.പി.എമ്മിന്റെ തുടര്‍ച്ചയായുള്ള ഭരണത്തില്‍ അതൃപ്‌തരായ കലാകാരന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും മധ്യവര്‍ഗത്തിനും ഒരുമിച്ചു നില്‍ക്കാനുള്ള ഒരു പൊതുഇടമാണ്‌ മമത വഴി രൂപപ്പെട്ടത്‌. 2007-ലെ സിംഗൂര്‍, നന്ദിഗ്രാം പ്രക്ഷോഭങ്ങള്‍ ഒരു വഴിത്തിരിവായിരുന്നു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമൊപ്പം നിന്ന്‌ ജനകീയ പിന്തുണയാര്‍ജിക്കുകയായിരുന്നു അവര്‍. കാലാകാലങ്ങളായി സി.പി.എമ്മിന്‌ വോട്ടു ചെയ്‌തുപോന്ന സാധാരണക്കാര്‍ മമതയുടെ പക്ഷത്തേക്കു മാറി.
ബംഗാള്‍ ഭരണകൂടത്തിലെ പുതിയ നേതൃമാറ്റത്തെ ശുഭകരമെന്നു തന്നെ വിശേഷിപ്പിക്കണം. സി.പി.എമ്മിനകത്തെ ദുഷിച്ച പ്രവണതകള്‍ക്ക്‌ ജനം നല്‍കിയ പ്രഹരമാണത്‌. ഭരണാധികാരി എന്ന നിലയില്‍ മമതാ ബാനര്‍ജിക്ക്‌ എത്രത്തോളം വിജയിക്കാന്‍ കഴിയുമെന്നും മൂന്നു പതിറ്റാണ്ടിലധികം സി.പി.എം ഭരണകൂടം പരാജയമായ മേഖലകള്‍ അവര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നുമൊക്കെ കാത്തിരുന്നു കാണേണ്ടതുണ്ട്‌. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൊണ്ട്‌ തൃണമൂല്‍ ഭരണകൂടം തകരുകയാണെന്നു വന്നാല്‍പ്പോലും ഇപ്പോഴത്തെ മാറ്റം സ്വാഗതാര്‍ഹമാണ്‌. ഒരുപക്ഷേ, കേരളത്തിലേതിനു സമാനമായ രാഷ്ട്രീയാന്തരീക്ഷത്തിലേക്കുള്ള മാറ്റമാവാം ബംഗാളിനിത്‌. അടിയന്തരാവസ്ഥക്കു ശേഷം ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനു സംഭവിച്ചതിനു സമാനമായ അവസ്ഥയാണ്‌ സി.പി.എം ഇപ്പോള്‍ നേരിടുന്നത്‌. ഇന്ദിരാ ഗാന്ധി ഇല്ലെങ്കില്‍ പിന്നെ ആര്‌ എന്ന ചോദ്യം ശക്തമായിരുന്നിടത്തുനിന്നാണ്‌ അടിയന്തരാവസ്ഥയോടെ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചത്‌. പിന്നീടൊരിക്കലും മുമ്പുണ്ടായിരുന്ന കുത്തക അവസ്ഥയിലേക്ക്‌ തിരിച്ചുപോകാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ലല്ലോ.

ബംഗാളില്‍ ഫലപ്രഖ്യാപനം വന്നയുടനെ ട്വിറ്ററില്‍ കണ്ട ഒരു സന്ദേശം ഇപ്രകാരമായിരുന്നു: `എന്റെ ജീവിതകാലത്ത്‌ രണ്ടു കാര്യങ്ങള്‍ കാണാന്‍ കഴിയില്ലെന്നാണ്‌ ഞാന്‍ കരുതിയിരുന്നത്‌. ഒന്ന്‌ - ഇന്ത്യ ഫുട്‌ബോള്‍ ലോകകപ്പിന്‌ യോഗ്യത നേടുന്നത്‌. രണ്ട്‌ - സി.പി.എം ബംഗാളിലെ അധികാരത്തില്‍ നിന്നു പുറത്താകുന്നത്‌.' അത്രത്തോളം അസാധ്യമായ സംഗതിയാണ്‌ ബംഗാളില്‍ സംഭവിച്ചിരിക്കുന്നത്‌.

പാര്‍ട്ടിയുടെ കെട്ടുറപ്പും വ്യാപ്‌തിയും പരിഗണിക്കുമ്പോള്‍ സി.പി.എം അധികാരത്തില്‍ നിന്നു പുറത്താവുക എന്നത്‌ ബംഗാളിലെ മിക്ക ആളുകളുടെയും വിദൂര സ്വപ്‌നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല. ആര്‍.എസ്‌.എസ്സിന്റേതിനു സമാനമായ രീതിയിലാണ്‌ അവരുടെ സംഘടനാ സംവിധാനം. തീവ്ര വലതുപക്ഷം പോലെ സുസംഘടിതമായ തീവ്ര ഇടതുപക്ഷം. മറ്റു രാഷ്ട്രീയ കക്ഷികളുടെ സംവിധാനങ്ങള്‍ അത്ര കെട്ടുറപ്പുള്ളതല്ല.
സംഘടനാബലവും അധികാരവും സി.പി.എമ്മില്‍ ധാര്‍ഷ്യവും വിനയാന്വിതരാകുന്നതിനോലുള്ള വിമുഖതയും വളര്‍ത്തിയിരുന്നു. ബുദ്ധദേവ്‌ ഭട്ടാചാര്യ അടക്കം ഏതാണ്ടെല്ലാ മന്ത്രിമാരും തോല്‍ക്കാന്‍ കാരണമായത്‌ അതാണ്‌. കാലങ്ങളായി ജനങ്ങള്‍ എല്ലാം കാണുന്നതാണ്‌. പാര്‍ട്ടിയുടെ താഴേത്തട്ടില്‍ ബാധിച്ച ജീര്‍ണത സി.പി.എമ്മിനെ ജനങ്ങളുടെ ശത്രുവാക്കിമാറ്റുകയായിരുന്നു. അനുഭാവികളോടു പോലും ധിക്കാരപൂര്‍ണമായ സമീപനമാണ്‌ പാര്‍ട്ടിക്കാര്‍ കൈക്കൊണ്ടിരുന്നത്‌. പാര്‍ട്ടി ക്ലാസുകളിലും പാര്‍ട്ടി സ്‌കൂളുകളിലും അണികള്‍ക്ക്‌ രാഷ്ട്രീയ വിദ്യാഭ്യാസം പകര്‍ന്നുകൊടുക്കുന്ന രീതി അന്യം നിന്നുപോവുകയും ചെയ്‌തു. സംസ്ഥാന നേതൃത്വത്തിലുള്ള പലര്‍ക്കും നല്ല ഇമേജാണുണ്ടായിരുന്നത്‌. പക്ഷേ, പ്രവര്‍ത്തകരുടെ ധാര്‍ഷ്ട്യത്തിന്‌ ഇത്തവണ ജനങ്ങള്‍ മറുപടി നല്‍കുക തന്നെ ചെയ്‌തു.
മമത ബാനര്‍ജിയുടെ നേതൃപാടവത്തെ തുടക്കത്തില്‍ സംശയത്തോടെയാണ്‌ ആളുകള്‍ കണ്ടിരുന്നത്‌. പിന്നീട്‌ അവര്‍ക്ക്‌ ബുദ്ധിജീവികളുടെയും മധ്യവര്‍ഗ സമൂഹത്തിന്റെയും പിന്തുണ ലഭിച്ചു. സി.പി.എമ്മുമായി അനുരാഗത്തിലുണ്ടായിരുന്ന മധ്യവര്‍ഗത്തിന്റെ നിലപാടുമാറ്റം നിര്‍ണായകമായി.


നന്ദിഗ്രാം, സിംഗൂര്‍ വിഷയങ്ങളില്‍ സി.പി.എം ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ എതിര്‍ത്തുകൊണ്ടാണ്‌ മമത ബാനര്‍ജി ഈ വിപ്ലവത്തിലേക്കുള്ള യാത്ര തുടങ്ങിയത്‌. ഇടതുഭരണത്തോടുള്ള വിയോജിപ്പ്‌ ആയിരുന്നു മമതയുടെ ആയുധം. അതല്ലാതെ, സ്വന്തം നിലയില്‍ എന്തെങ്കിലും ആശയമോ ആദര്‍ശമോ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടോ? എതിര്‍പ്പിന്റെ രാഷ്ട്രീയം മാത്രമാണോ തൃണമൂലിന്റെ നിലപാടുതറ?

സി.പി.എം ഭരണത്തിന്റെ ജീര്‍ണതയില്‍ നിന്നുള്ള മോചനം ആണ്‌ മമത ജനങ്ങള്‍ക്കു മുന്നില്‍വെച്ച പ്രതീക്ഷ. രാഷ്ട്രീയ ഇടതുപക്ഷത്തു നിന്നു നോക്കുമ്പോള്‍ അത്‌ നെഗറ്റീവ്‌ രാഷ്ട്രീയം തന്നെയാണ്‌. താത്വികമോ പ്രത്യയശാസ്‌ത്രപരമോ ആയ ഒന്നും തൃണമൂലിന്‌ ഉണ്ടായിരുന്നില്ല. അത്തരമൊരു നിലപാടു തറയുടെ രൂപീകരണ ഘട്ടത്തിലാണിപ്പോള്‍. ഇടതുപക്ഷത്തിനെതിരായ ഈ ഇലക്ഷന്‍ വിപ്ലവത്തില്‍ അവര്‍ക്കൊപ്പം നിന്ന ബുദ്ധിജീവികളും കലാകാരന്മാരും ആ രൂപീകരണ പ്രക്രിയയില്‍ പങ്കാളികളാവും.
ഒരു ജനകീയ പ്രസ്ഥാനത്തിന്റെ നേതാവ്‌ എന്ന നിലയില്‍ മമത ഏറെ പക്വത കൈവരിച്ചിട്ടുണ്ട്‌ എന്നതും ശ്രദ്ധിക്കേണ്ടതാണ്‌. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്‌തമായി, വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ അവരിപ്പോള്‍ ഒതുക്കം പാലിക്കുന്നു. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷം അവര്‍ നടത്തിയ പ്രസംഗം ടി.വിയില്‍ കണ്ടു. ടാഗോറിന്റെ വരികളൊക്കെ ഉദ്ധരിച്ചു കൊണ്ടുള്ളത്‌. മമതയുടേതായി ഞാന്‍ കേട്ട ഏറ്റവും നല്ല പ്രസംഗമായിരുന്നു അതെന്നു നിസ്സംശയം പറയാം.

സി.പി.എമ്മിന്റെ മൂന്നു പതിറ്റാണ്ടുകളെ അപ്രസക്തമാക്കുന്ന ഭരണമായിരിക്കും തൃണമൂലിന്റേത്‌ എന്നു കരുതുന്നുണ്ടോ?

അങ്ങനെയൊരു പ്രവചനത്തിന്റെ അവസരമല്ലിത്‌. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ പരിധികളും പരിമിതികളുമുണ്ട്‌. അഴിമതിയുടെ കാര്യത്തില്‍ കരുണാനിധിയേക്കാള്‍ ഭേദമല്ലല്ലോ തമിഴ്‌നാട്ടില്‍ ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജയലളിത. ബംഗാളിനെ സംബന്ധിച്ചിടത്തോളം മികച്ചൊരു ഭരണത്തിന്റെ തുടക്കമെന്നതിനേക്കാള്‍ ഭരണത്തിലെ വഴിത്തിരിവാണ്‌ കൈവന്നിരിക്കുന്നത്‌ എന്നു ഞാന്‍ കരുതുന്നു. മികച്ച രീതിയില്‍ ഭരണം നടത്തി ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ മമതക്ക്‌ അവസരമുണ്ട്‌. അവരുടെ ഭരണം മോശമായാല്‍ അടുത്ത തെരഞ്ഞെടുപ്പോടെ തന്നെ തിരിച്ചുവരാന്‍ സി.പി.എമ്മിനു കഴിഞ്ഞേക്കാം. പക്ഷേ, മുന്‍കാലങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളാവില്ല ഇനിയുള്ള കാലത്ത്‌ ബംഗാളിലുണ്ടാവുക.

മമത വികസന വിരോധിയാണെന്ന വിമര്‍ശനം തെരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ സി.പി.എം ഉയര്‍ത്തിയിരുന്നു?


ബുദ്ധിജീവികളും കലാകാരന്മാരും നാഗരിക മധ്യവര്‍ഗവും കര്‍ഷകരുമെല്ലാമടക്കം തന്റെ പിന്നിലുള്ള വലിയൊരു സ്‌പെക്ട്രത്തെ തൃപ്‌തിപ്പെടുത്തുക എന്നതാവും മമതക്കു മുന്നിലുള്ള വലിയ വെല്ലുവിളി. മധ്യവര്‍ഗവും കര്‍ഷകരും സി.പി.എമ്മിന്റെ ഉറച്ച അണികളായിരുന്നു എന്നോര്‍ക്കണം. ഈ വിഭാഗങ്ങളോടെല്ലാം എങ്ങനെ സംവദിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വ്യവസായവല്‍ക്കരണം, വികസനം തുടങ്ങിയ കാര്യങ്ങളില്‍ അവരുടെ വിജയം. വന്‍ വ്യവസായ പ്രൊജക്ടുകള്‍ക്ക്‌ കൂടിയ അളവില്‍ ഭൂമി ഏറ്റെടുത്തു നല്‍കുന്നതിന്‌ പ്രായോഗിക തടസ്സങ്ങളുണ്ട്‌. ഹരിയാനയിലെയും ബംഗാളിലെയും ഭൂഭാഗങ്ങള്‍ വലിയ അന്തരമുണ്ട്‌. ഹരിയാനയിലെ ഭൂമിയുടെ വലിയൊരു വിഭാഗവും വെറുതെ കിടക്കുന്നതാണ്‌. ബംഗാളിലേതാകട്ടെ കൂടുതല്‍ വളക്കൂറുള്ള, കൃഷിക്കനുയോജ്യമായ മണ്ണും. പരമ്പരാഗതമായി കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്‌ കൂടുതലും. ബംഗാളിന്റെ പ്രധാന വരുമാന മാര്‍ഗം കൃഷിയില്‍ നിന്നാണ്‌, അതും മുഖ്യമായി അരിയില്‍ നിന്ന്‌. ഗോതമ്പ്‌, കരിമ്പ്‌, ഉരുളക്കിഴങ്ങ്‌, പയറുവര്‍ഗങ്ങള്‍, എണ്ണവിത്തിനങ്ങള്‍ തുടങ്ങിയവയും വ്യാപകമായി കൃഷി ചെയ്യുന്നു.
ദുര്‍ഗാപൂരിലേതു പോലുള്ള വ്യാവസായിക ടൗണ്‍ഷിപ്പുകളും ഇന്‍ഡസ്‌ട്രിയല്‍ യൂണിറ്റുകളും കൊണ്ടുവരിക എളുപ്പമാവില്ല. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച്‌ തിപക്ഷത്തിരുന്ന അവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഇനി സി.പി.എമ്മും ഉന്നയിച്ചു തുടങ്ങും.
1977-ല്‍ അധികാരത്തിലെത്തുമ്പോള്‍ ഏറെക്കുറെ സമാനമായ ചോദ്യങ്ങള്‍ സി.പി.എമ്മിനും നേരിടേണ്ടതുണ്ടായിരുന്നു. ഇടതുചിന്താഗതിയും പാര്‍ലമെന്ററി രാഷ്ട്രീയവും ചേര്‍ന്നു പോകുമോ, ട്രേഡ്‌ യൂണിയനിസത്തെ വിജയകരമായി കൈകാര്യം ചെയ്യാന്‍ കഴിയുമോ, കോണ്‍ഗ്രസിനു ബദലായി സി.പി.എമ്മിന്‌ തിളങ്ങാനാവുമോ?, കൃഷിയെയും വികസനത്തെയും അവര്‍ എങ്ങിനെ ഒന്നിച്ചു കൊണ്ടുപോകും തുടങ്ങിയ ചോദ്യങ്ങള്‍ 77-ല്‍ ഉയര്‍ന്നിരുന്നു. അതുപോലെ കുറെ ചോദ്യങ്ങള്‍ മമതയെയും കാത്തിരിക്കുന്നു.

പതിറ്റാണ്ടുകള്‍ നീണ്ട ഭരണകാലത്ത്‌ സി.പി.എമ്മിന്റെ അടിച്ചമര്‍ത്തല്‍ നയം നേരിട്ട നക്‌സലുകളോടും മറ്റും തൃണമൂല്‍ സൗഹാര്‍ദം പുലര്‍ത്തിയിരുന്നുവല്ലോ. മമതയെ ശക്തമായി പിന്തുണക്കുന്ന ബുദ്ധിജീവികളില്‍ പലരും നക്‌സല്‍ പശ്ചാത്തലമുള്ളവരാണ്‌. തൃണമൂല്‍ ഭരണത്തില്‍ പങ്കുപറ്റി ഇക്കൂട്ടര്‍ സി.പി.എമ്മിനു നേരെ പകപോക്കല്‍ നടത്താനിടയില്ലേ?

അത്തരം ചില വിഷയങ്ങളില്‍ എന്തു സംഭവിക്കുമെന്നോ മമത എങ്ങനെ കൈകാര്യം ചെയ്യുമെന്നോ വ്യക്തമല്ല. ഏതു രാഷ്ട്രീയ പാര്‍ട്ടിയായാലും അടിത്തട്ടിലുള്ള അണികളുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ നിലനി|ിനെ ബാധിക്കും. സി.പി.എമ്മിന്റെ തകര്‍ച്ചക്ക്‌ വേഗം വര്‍ധിപ്പിച്ചതും ഒരര്‍ത്ഥത്തില്‍ സ്വന്തം അണികള്‍ തന്നെയാണല്ലോ. മധ്യവര്‍ഗത്തെ പാര്‍ട്ടിയില്‍ നിന്നകറ്റുന്നതില്‍ വലിയൊരു പങ്ക്‌ വഹിച്ചത്‌ പ്രാദേശിക നേതൃത്വവും പ്രവര്‍ത്തകരുമാണ്‌. അടിത്തട്ടിലുള്ളവര്‍ക്ക്‌ കൃത്യമായ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാനും പാര്‍ട്ടിയുടെ നയരേഖകളിലേക്ക്‌ അവരെ കൊണ്ടുവരാനും കഴിഞ്ഞാല്‍ ഏറെ കുഴപ്പങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ തൃണമൂലിന്‌ കഴിയും. അധികാരത്തിന്റെ ലഹരി താഴേത്തട്ടിലേക്ക്‌ വളരെ വേഗം വ്യാപിക്കുന്നതാണ്‌.

ബംഗാളില്‍ സി.പി.എമ്മിന്റെ പതനം ഒരു കാലഘട്ടത്തിന്റെ അവസാനമായും മാര്‍ക്‌സിസത്തിന്റെ പതനമായുമെല്ലാം ദേശീയ മാധ്യമങ്ങള്‍ ആഘോഷിക്കുന്നുണ്ട്‌.

അത്‌ മാധ്യമങ്ങളുടെ സെന്‍സേഷണല്‍ മനോഭാവത്തില്‍ നിന്നുണ്ടാകുന്ന ജ|നം മാത്രമാണ്‌. ബംഗാളില്‍ തോറ്റ സി.പി.എമ്മും മാര്‍ക്‌സിസ്റ്റ്‌ ചിന്താഗതിയും തമ്മിലുള്ള അന്തരം വലുതാണ്‌. മാര്‍കിസ്റ്റ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണ്‌ മാര്‍ക്‌സിസ്‌റ്റുകളെന്നോ പാര്‍ട്ടിയെ പിന്തുണക്കുന്നവരെല്ലാം മാര്‍ക്‌സിസ്റ്റുകളെന്നോ പറയാന്‍ കഴിയില്ല. മാര്‍ക്‌സിസത്തെ കുത്തകവല്‍ക്കരിക്കാനുള്ള അവകാശം സി.പി.എമ്മിനില്ല. ഗാന്ധിയന്മാരെല്ലാം ഗാന്ധി പീസ്‌ ഫൗണ്ടേഷനില്‍ അംഗത്വമുള്ളവര്‍ മാത്രമാണെന്നു പറയുന്നതു പോലെയാവും അത്‌. ആത്മീയതയെപ്പറ്റി കബീര്‍ദാസ്‌ പറഞ്ഞത്‌, ഏതെങ്കിലും പ്രത്യക്ഷമായ മതരൂപങ്ങളിലോ പള്ളികളിലോ ക്ഷേത്രങ്ങളിലോ അല്ല ആത്മീയത കുടികൊള്ളുന്നത്‌ എന്നാണ്‌. ദൈവം മനുഷ്യന്റെ മനസ്സിലാണ്‌. അതുപോലെത്തന്നെയാണ്‌ മാര്‍ക്‌സിസത്തിന്റെയും ഗാന്ധിസത്തിന്റെയുമെല്ലാം കാര്യവും. സി.പി.എമ്മിനെതിരായുള്ള ഈ തെരഞ്ഞെടുപ്പുഫലം `നോ റ്റു മാര്‍ക്‌സിസം' ആണെന്നു പറയാനാവില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ ഇസങ്ങളുടേതല്ലെന്ന്‌ ജനങ്ങള്‍ക്കറിയാം.

ഈ ഭരണമാറ്റം കൊണ്ടുള്ള ക്ഷിപ്രവും പ്രാഥമികവുമായ നേട്ടം ആര്‍ക്കാണ്‌?

അങ്ങനെയൊരു പ്രത്യേക വിഭാഗത്തെ എടുത്തുപറയാന്‍ കഴിയില്ല. ബംഗാളി ജനതക്ക്‌ മുഴുവന്‍ എന്നു പറയാം. മുമ്പ്‌ ഉദ്യോഗാര്‍ത്ഥി സര്‍ക്കാര്‍ ജോലിക്കായി പബ്ലിക്‌ സര്‍വീസ്‌ കമ്മീഷനെ സമീപിക്കുമ്പോള്‍, പാര്‍ട്ടിയുമായി ബന്ധമുള്ള ആരെങ്കിലും അയാളെ അറിഞ്ഞിരിക്കണം എന്ന അലിഖിതമായ നിബന്ധന നിലനിന്നിരുന്നു. പാര്‍ട്ടിയുമായി ബന്ധമില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ ജോലി / ആനുകൂല്യങ്ങള്‍ ലഭിച്ചേക്കില്ല എന്ന ഭയമുണ്ടായിരുന്നു. സി.പി.എമ്മിന്റെ ഭാഗമായുള്ള യൂണിയനുകളില്‍ അംഗമായിരിക്കണം എന്ന ഒരവസ്ഥ നിലനിന്നിരുന്നു. ആ ഭയം മാറുന്നു എന്നതാണ്‌ വലിയൊരു നേട്ടം. അത്‌ ജനതയുടെ മൊത്തം നേട്ടമാണ്‌.
ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ്‌ ബംഗാള്‍ ഏറെ മുന്നോട്ടു പോകാനുള്ളത്‌. ഈ രണ്ടു കാര്യങ്ങളിലും താന്‍ മാറ്റങ്ങള്‍ കൊണ്ടവരുമെന്ന്‌ മമത പ്രഖ്യാപിച്ചിട്ടുണ്ട്‌.

സി.പി.എം ഭരണത്തില്‍ നിന്നകന്നു നില്‍ക്കുന്നതു കൊണ്ട്‌ ആര്‍.എസ്‌.എസ്‌ പോലുള്ള വര്‍ഗീയ കക്ഷികള്‍ക്ക്‌ ബംഗാളിലേക്കുള്ള പ്രവേശം എളുപ്പമാവുന്നു എന്നൊരു നിരീക്ഷണവുമുണ്ട്‌.

അതു ശരിയല്ല. ഗുജറാത്ത്‌, ഉത്തര്‍ പ്രദേശ്‌, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ ബംഗാള്‍ ഏറെ മുന്നിലാണെന്നു കാണാം. ബംഗാളി ജനസംഖ്യയിലെ 25 ശതമാനത്തോളം മുസ്ലിംകളാണ്‌. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനമാണത്‌. ഹിന്ദു-മുസ്ലിം മതമൈത്രിയില്‍ മാതൃകാപരമായ സ്ഥാനം ബംഗാളിനുണ്ട്‌ എന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. വിരുദ്ധമായ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവാം. പാകിസ്‌താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള കുടിയേറ്റക്കാരോടും സൗഹാര്‍ദപൂര്‍ണമായ സമീപനമാണുള്ളത്‌.
ബംഗാളിലെ മതമൈത്രിക്ക്‌ സി.പി.എം അതിന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. പക്ഷേ, സി.പി.എം അധികാരത്തിലേറുന്നതിനു മുമ്പും കാര്യങ്ങള്‍ അങ്ങനെയൊക്കെ തന്നെയായിരുന്നു. ചരിത്രപരവും സാംസ്‌കാരികവുമായ ഘടകങ്ങളാണ്‌ ബംഗാളിലെ മതമൈത്രിയുടെ അടിസ്ഥാനം. ഇടതുപക്ഷം അധികാരത്തില്‍ നിന്നു മാറുന്നതു കൊണ്ടുമാത്രം അവിടെ വര്‍ഗീയ വാദികള്‍ കയ്യടക്കുമെന്ന്‌ കരുതാനാവില്ല. മാത്രമല്ല, വര്‍ഗീയ കക്ഷികളുമായി അകലം പാലിക്കാന്‍ മമത ബാനര്‍ജി ശ്രദ്ധവെക്കുമെന്നും പ്രതീക്ഷിക്കുന്നു.
ജാതി വ്യവസ്ഥിതിയുടെ കാര്യത്തിലും ബംഗാള്‍ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്‌. വിവാഹത്തിന്റെയും മറ്റും കാര്യത്തില്‍ ജാതി ഇന്നും നിലനില്‍ക്കുന്നുണ്ട്‌. പക്ഷേ, പൊതുസമൂഹത്തില്‍ നിന്ന്‌ അത്‌ അകലം പാലിക്കുന്നു. അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബംഗാളിലെ ജാതി തീരെ ചെറിയൊരു വിഷയമാണെന്നു കാണാം.

തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളും പാട്ടുകാരും സിനിമാക്കാരും ചിത്രകാരന്മാരുമെല്ലാം ഇക്കുറി തൃണമൂലിന്റെ ടിക്കറ്റില്‍ മത്സരിച്ച്‌ വിജയിച്ചിട്ടുണ്ട്‌. ഇടതുപക്ഷത്തോട്‌ ചാഞ്ഞുനിന്നിരുന്ന ബംഗാളിന്റെ സാംസ്‌കാരിക രംഗം കൈയടക്കുകയാണോ, സാംസ്‌കാരിക പ്രവര്‍ത്തകരെ അണിനിരത്തുന്നതിലൂടെ മമത ലക്ഷ്യമിടുന്നത്‌?

ബംഗാളി നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടാകുന്നത്‌ മമതയുടെ സര്‍ക്കാറിന്‌ ഗുണംചെയ്യും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകളോട്‌ വിയോജിച്ചിരുന്ന കലാകാരന്മാര്‍ക്ക്‌ മുഖ്യധാരയില്‍ ഇടംനേടാനുള്ള അവസരമാണിത്‌. ഭരണകൂടത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സ്ഥാനങ്ങളെല്ലാം തങ്ങളെ അന്ധമായി അനുകൂലിക്കുന്ന കലാകാരന്മാരെയാണ്‌ സി.പി.എം കുടിയിരുത്തിയിരുന്നത്‌. അതിനു മാറ്റം വരും. സാംസ്‌കാരിക സ്ഥാനങ്ങളില്‍ തൃണമൂല്‍ ആശയങ്ങളുടെ പിന്തുണക്കാര്‍ക്ക്‌ പ്രാതിനിധ്യം ലഭിക്കും.

5.9.09

മഹാന്മാരുടെ ആള്‍ക്കൂട്ടവും മാഞ്ചസ്‌റ്റര്‍ സിറ്റിയും

ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റുകള്‍ അടഞ്ഞതിനു ശേഷം യൂറോപ്പിലെ ഫുട്‌ബാള്‍ ലീഗുകള്‍ വീണ്ടും തുടങ്ങിയിരിക്കുന്നു. ഓണവും നോമ്പുമൊക്കെ ആയതിനാലാവാം, എല്ലാ 'വര്‍ഷാദ്യ'ങ്ങളിലെയും പോലെ, തന്റെ ടീമിനു വേണ്ടി വാദിച്ചുകൊണ്ട്‌ ഒരു സുഹൃത്തും വിളിക്കുന്നില്ല. കളി കാണാന്‍ ആര്‍ക്കും നേരമില്ലെന്നു തോന്നുന്നു.

ഇഷ്ടങ്ങളുടെ നെടുകെ കത്തി പായിച്ചുകൊണ്ടാണ്‌ യൂറോപ്പിലെ ട്രാന്‍സ്‌ഫര്‍ ജാലകം അടഞ്ഞത്‌. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ കാര്‍ലോസ്‌ ടെവസിന്റെ 'വേര്‍പാടാ'ണ്‌ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും അര്‍ജന്റീനയെയും ഒരുപോലെ ഇഷ്ടപ്പെടുന്ന എനിക്ക്‌ വിഷമമായത്‌. ക്രിസ്‌റ്റിയാനോക്കൊപ്പം എ.സി. മിലാനില്‍ നിന്ന്‌ കക്കായും വന്നതോടെ റയല്‍ മാഡ്രിഡ്‌ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബായെന്ന്‌ തോന്നിയില്ല. റൊണാള്‍ഡോ, സിദാന്‍, ഫിഗോ, റൗള്‍, ബെക്കാം, റോബര്‍ട്ടോ കാര്‍ലോസ്‌, ഇകേര്‍ കസിയാസ്‌ തുടങ്ങിയവര്‍ ഒന്നിച്ചു പന്തു തട്ടിയിരുന്ന റയല്‍ മാഡ്രിഡിനോളം വരില്ലല്ലോ ഇപ്പോഴത്തേത്‌. അന്നവര്‍ താരാധിപത്യം മൂലം ഉഴറുകയായിരുന്നു. "റയല്‍ ഒരു ടീമല്ല; മഹാന്മാരുടെ ആള്‍ക്കൂട്ടമാണ്‌' എന്ന്‌ അന്ന്‌ അലിഗഡിലുണ്ടായിരുന്ന ശരീഫ്‌ കത്തെഴുതിയിരുന്നു.

യൂറോപ്യന്‍ ഫുട്‌ബാളിന്റെ നീക്കുപോക്കുകള്‍ ശരിയാംവണ്ണം അറിയുന്നയാളാണ്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ കോച്ച്‌ സര്‍ അലക്‌സ്‌ ഫെര്‍ഗൂസന്‍. വര്‍ഷങ്ങളായി ടീമിന്റെ നീക്കങ്ങളെല്ലാം കേന്ദ്രീകരിക്കപ്പെട്ടിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വിറ്റ്‌ കാശാക്കിയ ശേഷം അദ്ദേഹം വാങ്ങിയത്‌ മൈക്കല്‍ ഓവനെയും ലൂയി വലന്‍ഷ്യയെയും. റൊണാള്‍ഡോ പോയതിന്റെ ഒഴിവ്‌ ഈ സീസണില്‍ മാഞ്ചസ്‌റ്ററിന്റെ കളികളില്‍ കണ്ടില്ല. അന്താരാഷ്ട്ര രംഗത്ത്‌ അപ്രസക്തരായ റയാന്‍ ജിഗ്‌സിനെയും പോള്‍ ഷോള്‍സിനെയുമൊക്കെ ഫെര്‍ഗൂസന്‍ ഇപ്പോഴും നന്നായി ഉപയോഗപ്പെടുത്തുന്നു. ബര്‍ബറ്റോവ്‌, റൂണി, ഓവ ത്രയം മുന്‍നിരയില്‍ പരസ്‌പര ധാരണയോടെ കളിക്കുന്നു. മധ്യനിരയില്‍ നാനിയും ഷോള്‍സും ജിഗ്‌സും. പിന്നില്‍ നിന്ന്‌ കയറിക്കളിക്കുന്ന പാട്രീസ്‌ എവ്ര... മച്ചേഡ, വലന്‍ഷ്യ, പാര്‍ക്ക്‌, ആന്റേഴ്‌സണ്‍, കാരിക്‌ തുടങ്ങിയ "പ്രമുഖര്‍' സൈഡ്‌ ബെഞ്ചിലുണ്ട്‌. വിഗാന്‍ അത്‌ലറ്റിക്കിനെതിരെ മടക്കമില്ലാത്ത അഞ്ചു ഗോളിന്‌ നേടിയ ജയമാണ്‌ എന്നെ ഏറ്റവും ആകര്‍ഷിച്ചത്‌. അഞ്ചുഗോളും ഒന്നാന്തരമായിരുന്നു. ഈസി ഫുട്‌ബാളാണ്‌ അന്ന്‌ യുനൈറ്റഡ്‌ കളിച്ചത്‌. ഇനിയുള്ള മത്സരങ്ങള്‍ അത്ര ഈസി ആവുമോ എന്നറിയില്ല.

ഫെര്‍ഗൂസന്റെ ടീമില്‍ സൈഡ്‌ബെഞ്ചിലെ ഇരിപ്പിടം മടുത്ത്‌ കാര്‍ലോസ്‌ ടെവസ്‌ പിണങ്ങിപ്പോയി ഒടുവില്‍ എത്തിപ്പെട്ടത്‌ മാഞ്ചസ്റ്റര്‍ സിറ്റിയിലാണ്‌. അറബിയുടെ പണത്തിന്റെ ബലത്തില്‍ മറ്റൊരു ചെല്‍സിയാവാനുള്ള സിറ്റിയുടെ ശ്രമത്തെ എതിരാളികള്‍ ഭയക്കേണ്ടിയിരിക്കുന്നു. റോബീഞ്ഞോ നേരത്തെ അവിടെയുണ്ട്‌. ആര്‍സനല്‍ വിട്ടെത്തിയ അഡബയേറും ടെവസും പുതിയ കുപ്പായവുമായി ഇണങ്ങിക്കഴിഞ്ഞു. പുതിയ സീസണില്‍ വന്നവരെല്ലാം 'മരുന്നുകുപ്പി'കളാണ്‌. എവര്‍ട്ടന്‍ വിട്ടു വന്ന ലെസ്‌കോട്ട്‌ ആക്രമണകാരിയായ പ്രതിരോധ ഭടനാണ്‌. ബാഴ്‌സലോണയില്‍ നിന്നെത്തിയ സില്‍വീഞ്ഞോയെ ആണ്‌ നന്നായി ശ്രദ്ധിക്കേണ്ടത്‌. പൂച്ചക്കണ്ണും ചെമ്പിച്ച മുടിയും ക്ഷീണിതന്റെ മുഖഭാവവുമുള്ള ഈ ബ്രസീലുകാരന്‍ എത്ര കണിശക്കാരനാണെന്ന്‌ റയല്‍ മാഡ്രിഡിന്റെ കോച്ചിനോട്‌ ചോദിച്ചാല്‍ മതി. കഴിഞ്ഞ സീസണില്‍ ആര്‍സനലിനു വേണ്ടി പിന്‍നിരയില്‍ പണിയെടുത്ത കോളെ ടൂറെ കൂടി ചേരുന്നതോടെ സിറ്റിയുടെ പ്രതിരോധത്തില്‍ പഴുതുകള്‍ അടയുകയാണ്‌. പരാഗ്വേയുടെ പ്രധാന താരമായ റോക്കി സാന്താക്രൂസ്‌ ബയേണ്‍ മ്യൂണിക്കില്‍ നിന്നും, ഇംഗ്ലീഷ്‌ മധ്യനിര താരം ഗരെറ്റ്‌ ബാരി ആസ്റ്റണ്‍ വില്ലയില്‍ നിന്നും വന്നതാണ്‌ സിറ്റിയുടെ മറ്റ്‌ നേട്ടങ്ങള്‍.

റോക്കി സാന്താക്രൂസിനെ കൈവിട്ടെങ്കിലും ആര്‍യന്‍ റോബന്റെ അപ്രതീക്ഷിതമായ കടന്നുവരവ്‌ ബയേണ്‍ മ്യൂണിക്കിനെ ഈ സീസണില്‍ തെല്ലൊന്നുമല്ല സഹായിക്കുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കക്കാ, ബെന്‍സീമ തുടങ്ങിയവരെ വന്‍വിലക്ക്‌ സ്വന്തമാക്കിയ റയല്‍ മാഡ്രിഡ്‌ ചെയ്‌ത മണ്ടത്തരമാണ്‌ റോബന്റെ കച്ചവടം. കഴിഞ്ഞ സീസണിന്റെ രണ്ടാം പാദത്തില്‍ റയലിന്റെ നീക്കങ്ങളില്‍ നിര്‍ണ്ണായ സാന്നിധ്യമായിരുന്ന റോബനെ ഒഴിവാക്കിയത്‌, താരത്തിന്‌ ഇടക്കിടെ പരിക്കേല്‍ക്കുന്നു എന്നു പറഞ്ഞാണ്‌. വെസ്ലി സ്‌നൈഡറിനെ നേരത്തെ വിറ്റുകളഞ്ഞ റയല്‍ റോബനെക്കൂടി വേണ്ടെന്ന്‌ വെച്ചത്‌ ഫുട്‌ബാള്‍ ആരാധകരെ അത്ഭുതപ്പെടുത്തി. ഗോള്‍ ഡോട്ട്‌ കോമില്‍ ഇതു സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ ഒരാള്‍ ഈ തീരുമാനത്തെ പറ്റി പ്രതികരിച്ചത്‌ എനിക്കിഷ്ടപ്പെട്ടു: REAL MADrid. മ്യൂണിക്കില്‍ വിമാനമിറങ്ങി മണിക്കൂറുകള്‍ക്കകം കളത്തിലെത്തിയ റോബന്‍ രണ്ട്‌ ഗോള്‍ നേടി തന്റെ ജര്‍മന്‍ അരങ്ങേറ്റം ഭംഗിയാക്കി. റോബന്റെ ബലത്തില്‍, സീസണില്‍ ആദ്യമായി മ്യൂണിക്ക്‌ അന്ന്‌ ജയിക്കുകയും ചെയ്‌തു.
വിംഗുകള്‍ മാറിക്കളിക്കാന്‍ പ്രത്യേക വൈഭവമുള്ള റോബന്റെ അഭാവം കക്കാ നികത്തുമെന്ന്‌ ചുരുങ്ങിയപക്ഷം എനിക്കെങ്കിലും തോന്നുന്നില്ല. ക്രിസ്‌റ്റിയാനോയുടെയും കക്കായുടെയും ശൈലികള്‍ തമ്മില്‍ യോജിച്ചുപോകുമോ എന്നതിലും സംശയമുണ്ട്‌. മഹാന്മാരുടെ ആള്‍ക്കൂട്ടം എന്ന ദുരന്തം റയല്‍ ആവര്‍ത്തിക്കുമെന്നാണ്‌ തോന്നുന്നത്‌. സ്‌പാനിഷ്‌ ലീഗ്‌ ബാഴ്‌സലോണ നേടില്ലെന്ന്‌ വിചാരിക്കാന്‍ കാരണങ്ങളൊന്നും ഞാന്‍ കാണുന്നില്ല.

മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ മുന്നേറ്റം ഏതറ്റം വരെ പോകുമെന്നും ബയേണ്‍ മ്യൂണിക്ക്‌ ബുണ്ടസ്‌ ലീഗ കിരീടം തിരിച്ചുപിടിക്കുമോ എന്നും റയല്‍ മാഡ്രിഡ്‌ ലീഗില്‍ എത്രാമതായി ഫിനിഷ്‌ ചെയ്യുമെന്നുമാണ്‌ ഈ സീസണില്‍ ഞാന്‍ ഉറ്റു നോക്കുക.

23.6.08

ആ മെലിഞ്ഞ മനുഷ്യന്‍ ഇനിയില്ല


ഹോളണ്ടിന്റെ ക്രോസ്‌ബാറിനു കീഴില്‍ ഇനി എഡ്വിന്‍ വാന്‍ഡര്‍സാര്‍ ഉണ്ടാവില്ല. യൂറോകപ്പ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയോടേറ്റ അപ്രതീക്ഷിത പരാജയത്തോടെയാണ്‌ ഒന്നര പതിറ്റാണ്ടോളം നീണ്ട അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാന്‍ ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഗോളികളിലൊരാളായ വാന്‍ഡര്‍സാര്‍ തീരുമാനിച്ചത്‌. ഹോളണ്ടിനു വേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിക്കുകയെന്ന അപൂര്‍വ ബഹുമതി സ്വന്തമാക്കിയ മത്സരത്തില്‍ ഞെട്ടിപ്പിക്കുന്ന തോല്‍വിയേറ്റുവാങ്ങി കണ്ണീരോടെ വിടപറയാനായി അടുപ്പമുള്ളവര്‍ സാര്‍ എന്നു വിളിക്കുന്ന ഈ കാവല്‍ക്കാരന്റെ വിധി. അവസാന മത്സരത്തില്‍ റഷ്യയുടെ ഗോളെന്നുറച്ച കാല്‍ ഡസന്‍ അവസരങ്ങളെങ്കിലും വാന്‍ഡര്‍സാര്‍ തടഞ്ഞിട്ടിരുന്നു.
പ്രധാന ടൂര്‍ണ്ണമെന്റുകളുടെ ക്വാര്‍ട്ടറുകളിലും സെമിഫൈനലുകളിലും സ്ഥിരസാന്നിധ്യമായ ഹോളണ്ട്‌ ടീം ദൗര്‍ഭാഗ്യം കൊണ്ട്‌ പുറത്താകുമ്പോഴെല്ലാം ഈ നീണ്ടുമെലിഞ്ഞ മനുഷ്യന്‍ ബാറിനു കീഴെയുണ്ടായിരുന്നു. താന്‍ കണ്ടതില്‍ വെച്ച്‌ ഏറ്റവും നിര്‍ഭാഗ്യവാനും ശാന്തനും ക്ഷമാശീലനുമായ മനുഷ്യന്‍ എന്നാണ്‌ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ച്‌ സര്‍ അലക്‌സ്‌ ഫെര്‍ഗൂസന്‍ വാന്‍ഡര്‍സാറിനെ വിശേഷിപ്പിച്ചത്‌.
യുവരക്തം തുളുമ്പുന്ന ഡച്ച്‌ ടീമിന്റെ ഗോളിയായി മുപ്പത്തെട്ടുകാരനായ വാന്‍ഡര്‍സാറിനെ തെരഞ്ഞെടുക്കാന്‍ കോച്ച്‌ മാര്‍ക്കോ വാന്‍ബാസ്‌റ്റണെ പ്രേരിപ്പിച്ചത്‌ ആ കൈകളിലുള്ള വിശ്വാസം തന്നെയായിരുന്നു. ഫുട്‌ബോള്‍ കളിക്കുന്ന പ്രമുഖ രാജ്യങ്ങളിലെയെല്ലാം ഗോളിമാരുടെ കരിയറിന്റെ പരമാവധി ആയുസ്സ്‌ അഞ്ചോ ആറോ കൊല്ലമാണെന്നോര്‍ക്കുമ്പോഴാണ്‌, കരുത്തരായ ഹോളണ്ടിന്റെ വലയ്‌ക്കു മുന്നില്‍ പതിറ്റാണ്ടു പിന്നിട്ട വാന്‍ഡര്‍സാറിന്റെ പ്രസക്തി മനസ്സിലാവുക. വാന്‍ബാസ്റ്റണ്‍-റൈക്കാഡ്‌-ഗുള്ളിറ്റ്‌ ത്രയത്തിന്റെ മാന്ത്രികയുഗം അവസാനിച്ചതിനു തൊട്ടുപിറകെയുണ്ടായ തലമുറയുടെ പ്രതിനിധിയാണ്‌ വാന്‍ഡര്‍സാര്‍. ഫ്രാങ്ക്‌ ഡിബോയര്‍, എഡ്‌്‌ഗാര്‍ ഡേവിഡ്‌സ്‌, ഡെന്നിസ്‌ ബെര്‍ഗ്‌കാംപ്‌, പാട്രിക്‌ ക്ലൈവര്‍ട്ട്‌, സീഡോര്‍ഫ്‌ തുടങ്ങിയ അതികായര്‍ മുതല്‍ പുതിയ തലമുറയിലെ ഇബ്രാഹീം അഫലെ, ഡിര്‍ക്‌ ക്യുയിറ്റ്‌, ഹണ്ട്‌ലാര്‍ തുടങ്ങിയ പയ്യന്മാര്‍ വരെയുള്ളവര്‍ക്കൊപ്പം കളിക്കാന്‍ വാന്‍ഡര്‍സാറിനു ഭാഗ്യം ലഭിച്ചു.
1994 ലോകകപ്പ്‌ സ്‌ക്വാഡിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും വാന്‍ഡര്‍സാറിന്‌ സൈഡ്‌ ബെഞ്ചിലിരിക്കാനായിരുന്നു വിധി. കഴിഞ്ഞ മത്സരത്തില്‍ ഹോളണ്ടിനെ തോല്‍പ്പിച്ച റഷ്യയുടെ കോച്ചായ ഗെസ്‌ ഹിഡിങ്കിന്റെ പരിശീലനത്തിനു കീഴില്‍ 1995 ല്‍ ബെലാറസിനെതിരെയാണ്‌ സാര്‍ ആദ്യ അന്താരാഷ്‌ട്ര മത്സരം കളിച്ചത്‌.
അസാമാന്യമായ നിരീക്ഷണ പാടവവും വഴക്കമുള്ള ശരീരവും കൊണ്ട്‌ എതിരാളികളുടെ പൊള്ളുന്ന ഷോട്ടുകള്‍ രക്ഷപ്പെടുത്തുന്ന വിദഗ്‌ധനായിരുന്നു വാന്‍ഡര്‍സാര്‍. 1995 ല്‍ അരങ്ങേറിയ ശേഷം കഴിഞ്ഞ ദിവസം വിരമിക്കുന്നതു വരെ രാജ്യത്തിനായി 128 മത്സരങ്ങളാണ്‌ അദ്ദേഹം കളിച്ചത്‌. 98, 2006 ലോകകപ്പുകളിലും 96, 2000, 2004, 2008 യൂറോകപ്പുകളിലും ഡച്ച്‌ ടീമിന്റെ ഗോളി വാന്‍ഡര്‍സാറായിരുന്നു. യൂറോ 96 ക്വാര്‍ട്ടര്‍, ഫ്രാന്‍സ്‌ 98 സെമി, യൂറോ 2000 സെമി എന്നിവയില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഹോളണ്ടിന്റെ വലകാത്ത സാര്‍, 2004 ക്വാര്‍ട്ടറിലെ ഷൂട്ടൗട്ടില്‍ സ്വീഡന്റെ ഒലോഫ്‌ മെല്‍ബര്‍ഗിന്റെ കിക്ക്‌ തടുത്തിട്ട്‌ ടീമിനെ സെമിയിലെത്തിച്ചു. 2006 ലോകകപ്പില്‍ ഗ്രൂപ്പ്‌ ഘട്ടത്തില്‍ ഐവറി കോസ്‌റ്റിനെതിരെയുള്ള മത്സരത്തില്‍ ഗോള്‍ വഴങ്ങാതെ, സൗഹൃദ മത്സരങ്ങളല്ലാത്ത 10 അന്താരാഷ്ട്ര മാച്ചുകളില്‍ തുടര്‍ച്ചയായി ഗോള്‍ വഴങ്ങാതിരുന്ന റെക്കോഡ്‌ സാര്‍ സ്വന്തമാക്കി. 1103 മിനുട്ടുകള്‍ ഗോള്‍ വഴങ്ങാതെ വല കാത്ത അപൂര്‍വ റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്‌.
റഷ്യക്കെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തോടെ ഏറ്റവുമധികം യൂറോ കപ്പ്‌ മത്സരങ്ങള്‍ കളിച്ച ഫ്രഞ്ച്‌ താരം ലിലിയന്‍ തുറാമിന്റെ റെക്കോഡിനൊപ്പമെത്താന്‍ വാന്‍ഡര്‍സാറിനായി. ``ഞങ്ങള്‍ നന്നായി കളിച്ചില്ല. റഷ്യക്കാരാവട്ടെ തങ്ങളുടെ ജോലി ഉജ്ജ്വലമായി നിര്‍വഹിക്കുകയും ചെയ്‌തു. അവര്‍ അര്‍ഹിച്ച ജയമാണിത്‌.'' മത്സരശേഷം വാന്‍ഡര്‍സാര്‍ പറഞ്ഞു. അവസാന നിമിഷം നിസ്റ്റല്‍റൂയ്‌ ഗോള്‍ നേടി ഹോളണ്ടിനെ മത്സരത്തിലേക്ക്‌ തിരികെ കൊണ്ടുവന്നപ്പോള്‍ കളി പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക്‌ നീങ്ങുമെന്ന്‌ താന്‍ കരുതിയിരുന്നു. അങ്ങനെയാണെങ്കില്‍ എങ്ങനെയും താന്‍ ടീമിനെ രക്ഷിക്കുമായിരുന്നു. കഴിഞ്ഞ മാസം മോസ്‌കോയില്‍ നടന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ ചെല്‍സിയുടെ നിക്കോളാസ്‌ അനെല്‍ക്കയുടെ കിക്ക്‌ തടുത്ത്‌ വാന്‍ഡര്‍സാര്‍ തന്റെ ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‌ കപ്പ്‌ നേടിക്കൊടുത്തിരുന്നു.
``ഞങ്ങള്‍ക്ക്‌ ഇനി ഭാവിയെ നേരിടണം. പക്ഷേ എന്നെ കൂടാതെയായിരിക്കുമത്‌. ഈ സായാഹ്നത്തില്‍ ആരും ആരെയും കുറ്റപ്പെടുത്തുന്നില്ല. ആര്‍ക്കെങ്കിലും നേരെ വിരല്‍ ചൂണ്ടാനുള്ള സമയവുമല്ലിത്‌...'' വികാരഭരിതനായി വാന്‍ഡര്‍സാര്‍ പറഞ്ഞു.
വാന്‍ബാസ്റ്റണ്‌ ശേഷം ഹോളണ്ട്‌ ടീമിന്റെ കോച്ചായി ചുമതലയേല്‍ക്കുന്ന ബെര്‍ട്ട്‌ വാന്‍ മാര്‍വിജിക്‌, ലോകകപ്പ്‌ വരെ തുടരാന്‍ വാന്‍ഡര്‍സാറോട്‌ അഭ്യര്‍ത്ഥിച്ചുവെങ്കിലും തനിക്കിനി ആവില്ലെന്നായിരുന്നു സാറിന്റെ മറുപടി.
1995 ലെ ഏറ്റവും മികച്ച യൂറോപ്യന്‍ ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട വാന്‍ഡര്‍സാര്‍ ഹോളണ്ട്‌ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഗോളിയാണ്‌. ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ലോകത്തെ നാല്‍പ്പതു താരങ്ങളിലൊരാളായാണ്‌ ഈ ഇതിഹാസ താരം കളംവിടുന്നത്‌.

9.6.08

എന്റെ യൂറോപ്പ്‌ സ്വപ്‌നങ്ങള്‍


ചന്ദ്രിക റിക്രിയേഷന്‍ ക്ലബ്ബില്‍ നിന്ന്‌, യൂറോ കപ്പില്‍ ഇറ്റലിയുടെ കേളികേട്ട പ്രതിരോധത്തെ നിര്‍ദ്ദാക്ഷിണ്യം ചവിട്ടിയരച്ച്‌ ഹോളണ്ടുകാര്‍ നേടിയ മൂന്നു ഗോള്‍ ജയം കണ്ട്‌ മനം നിറഞ്ഞ്‌, രാത്രി രണ്ടുമണിക്ക്‌ മാവൂര്‍ റോഡിലൂടെ മുറിയിലേക്കു നടക്കുകയായിരുന്നു ഞാന്‍. മഴ ചാറിക്കൊണ്ടിരുന്നതിനാല്‍ തെരുവ്‌ വിജയമായിരുന്നു. നനഞ്ഞുകിടക്കുന്ന രാത്രിവഴിയിലേക്ക്‌ മഞ്ഞവെളിച്ചം വീഴ്‌ത്തി നിരനിരയായി നില്‍ക്കുന്ന തെരുവുവിളക്കുകളുടെ പശ്ചാത്തലത്തില്‍ നേരിയ കാറ്റിനൊപ്പം ഉലഞ്ഞുവീഴുന്ന മഴത്തുള്ളികള്‍ നോക്കി, മുപ്പത്തി ഒന്നാം മിനുട്ടില്‍ വെസ്ലി സ്‌നൈഡര്‍ നേടിയ അസാധ്യമായ ആ ഗോളിനെക്കുറിച്ചു തന്നെ വീണ്ടും വീണ്ടും ആലോചിച്ച്‌ വേഗത്തില്‍ നടക്കുകയായിരുന്നു ഞാന്‍. കാറ്റിനനുസരിച്ച്‌ കൂടിയും കുറഞ്ഞും ചാറുന്ന മഴ നനഞ്ഞുകൊണ്ടായിരുന്നു നടത്തം.

കളി കഴിഞ്ഞ്‌ മഴ നനഞ്ഞുള്ള നടത്തത്തിന്‌ എന്റെ ഫുട്‌ബോള്‍ സ്വപ്‌നങ്ങളുമായുള്ള ഇഴപിരിയാനാവാത്ത ബന്ധം തുടര്‍ന്നു പോവുകയാണല്ലോ എന്നാലോചിച്ചപ്പോള്‍ കൗതുകം തോന്നി. ഇരുട്ട്‌ വീണ നാട്ടുവഴികളിലൂടെ കളിയോടുള്ള അടങ്ങാത്ത ഭ്രാന്തും പിടിക്കപ്പെടുമോ എന്ന പരിഭ്രമവുമായി നടന്ന ചില രാത്രിസഞ്ചാരങ്ങള്‍ ഓര്‍മ്മയില്‍ പുതഞ്ഞു കിടപ്പുണ്ട്‌. മഴ കോരിച്ചൊരിയുന്ന അര്‍ധരാത്രികളില്‍ പന്തുകളി കാണാന്‍ വേണ്ടിമാത്രം ഉറക്കമിളച്ച്‌ ടി.വിക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടിയിരിക്കുന്ന ക്ലബ്ബുകളും വീട്ടുവരാന്തകളും ലക്ഷ്യമാക്കിയുള്ള നടത്തങ്ങള്‍. അറബിക്കോളേജ്‌ വിദ്യാര്‍ത്ഥിയായിരുന്ന അന്നത്തെ ഓര്‍മ്മകള്‍ അപ്രതിരോധ്യമാംവിധം മനസ്സിലേക്ക്‌ തള്ളിക്കയറി വരികയാണ്‌ യൂറോ കപ്പ്‌ അരങ്ങുതകര്‍ക്കുന്ന ഈ രാത്രികളില്‍.
ആഹ്ലാദവും ആശങ്കകളുമായാണ്‌ അന്ന്‌ ഞങ്ങള്‍ അറബിക്കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കിടലേക്ക്‌ ലോകകപ്പ്‌, യൂറോ കപ്പ്‌ തുടങ്ങിയ മേജര്‍ ടൂര്‍ണ്ണമെന്റുകള്‍ കടന്നുവന്നിരുന്നത്‌. മിക്കവരും ഒന്നാന്തരം കളിപ്പിരാന്തന്മാരായിരുന്നു. മലപ്പുറം ജില്ലയുടെ കളിപ്പിരാന്തിന്റെ സ്വാഭാവികതയെന്ന പോലെ അര്‍ജന്റീനയും ബ്രസീലുമായിരുന്നു ലോകകപ്പില്‍ ഞങ്ങളില്‍ അധികപേരുടെയും ഇഷ്ട ടീമുകള്‍. യൂറോ കപ്പ്‌ വരുമ്പോള്‍ ഫ്രാന്‍സ്‌, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇംഗ്ലണ്ട്‌, ജര്‍മനി എന്നിങ്ങനെ ഞങ്ങള്‍ ഇഷ്ടങ്ങള്‍ പകുത്തെടുത്ത്‌ തമ്മില്‍ത്തല്ലി. ഞാന്‍ ഹോളണ്ടിന്റെ കൂടെയായിരുന്നു.
ഹോളണ്ട്‌ സെമിഫൈനല്‍ കളിച്ച 1998 ലോകകപ്പ്‌ നടക്കുമ്പോള്‍ സജീവമായ ഫുട്‌ബോള്‍ പ്രേമിയായിരുന്നില്ല ഞാന്‍. ഫുട്‌ബോള്‍ കാഴ്‌ചയിലെ ലഹരി പിടിക്കാന്‍ തുടങ്ങിയ 2002 ലോകകപ്പില്‍ അവര്‍ കളിച്ചിരുന്നുമില്ല. അന്ന്‌ അര്‍ജന്റീനക്കൊപ്പമായിരുന്നു. 2004 യൂറോ കപ്പിലാണെന്നു തോന്നുന്നു ഹോളണ്ട്‌ എന്നെ പിടികൂടിയത്‌. ഓറഞ്ച്‌ നിറത്തിന്റെ വശ്യത മാത്രമല്ല ത്രികോണക്കണ്ണട വച്ച എഡ്‌ഗാര്‍ ഡേവിഡ്‌സിന്റെ കുതിരവാല്‍ മുടി കുലുക്കിയുള്ള പാച്ചിലും അര്‍ധാവസരങ്ങള്‍ ഗോളാക്കാന്‍ റൂഡ്‌ വാന്‍ നിസ്‌റ്റല്‍റൂയിക്കുള്ള മിടുക്കും ടോട്ടല്‍ ഫുട്‌ബോള്‍ എന്ന ആശയം ലോകത്തിന്‌ സംഭാവന ചെയ്‌തത്‌ ഇവരുടെ മുന്‍ഗാമിയായ യോഹന്‍ ക്രൈഫ്‌ ആണല്ലോ എന്ന വിചാരവും ഹോളണ്ടിനോടുള്ള ഇഷ്ടം കൂട്ടി. പാട്രിക്‌ ക്ലൈവര്‍ട്ടിനോടും വാന്‍ഡര്‍സാറോടും പ്രത്യേക താല്‍പ്പര്യമായിരുന്നു. അന്ന്‌ ഗ്രൂപ്പ്‌ ഘട്ടത്തില്‍ ജര്‍മനിയുമായി നടന്ന മത്സരം കാണാന്‍ വേണ്ടിയാണ്‌ ആദ്യമായി കോളേജിന്റെ ഉയരമുള്ള മതില്‍ കയറിയിറങ്ങുന്നത്‌ എന്നു തോന്നുന്നു.
ഒരു അറബിക്കോളേജ്‌ വിദ്യാര്‍ത്ഥിക്ക്‌ യൂറോകപ്പും ലോകകപ്പും ലൈവായി കാണുകയെന്നത്‌ ഏതാണ്ട്‌ അസാധ്യമായിരുന്നു അന്നും ഇന്നും. കോളേജിന്റെ നിയമാവലികളില്‍ കളി കാണുന്നത്‌ നിരോധിക്കപ്പെട്ടിരുന്നു. നേരെയുള്ള വഴിയിലൂടെ കാണാനാവില്ലെന്നതിനാല്‍ അതീവ രഹസ്യമായി, ഹോളോബ്രിക്‌സിനു മുകളില്‍ കമ്പിമുള്ളുകള്‍ കൊണ്ട്‌ കെട്ടിയുറപ്പിച്ച മതില്‍ അതിസാഹസികമായി ചാടിക്കടന്നു വേണം കാര്യം സാധിക്കുന്നത്‌. പിടിക്കപ്പെട്ടാല്‍ കരിയര്‍ കുളമാകുമെന്നതിനാല്‍ ഒരു മാതിരി പേടിയുള്ളവരൊന്നും അതിനു ധൈര്യപ്പെട്ടില്ല. വൈകുന്നേരങ്ങളും വെള്ളിയാഴ്‌ചകളിലെ പകല്‍നേരങ്ങളിലും കോളേജ്‌ ഗ്രൗണ്ടിലും മാനിപ്പാടത്തുമായി സ്വയം മെസ്സിയും റൊണാള്‍ഡീഞ്ഞോയും ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുമായി പന്തുകളിച്ചാണ്‌ അവര്‍ അരിശം തീര്‍ത്തിരുന്നത്‌.
ജൂണ്‍ ജൂലൈ മാസങ്ങളില്‍, നമ്മുടെ രാത്രികളിലാണ്‌ യൂറോ കപ്പ്‌ നടക്കുന്നത്‌. പന്ത്രണ്ടു മണിക്കു ശേഷമുള്ള കളികാണാന്‍ പോകുന്നതിന്‌ അന്ന്‌ രാവിലെ ഉറക്കമെണീക്കുന്നതു മുതല്‍ ആലോചിച്ചു തുടങ്ങണം. കളിയുടെ ഷെഡ്യൂള്‍ കാണാപ്പാഠമായിരുന്നതിനാല്‍ ചിലപ്പോള്‍ ദിവസങ്ങള്‍ക്കു മുമ്പു തന്നെ തീരുമാനിച്ചുറപ്പിക്കും. എന്നാലും പുറപ്പെട്ടു പോകുന്ന സമയത്ത്‌, സ്വയം വിധിക്കു വിട്ടുകൊടുത്തുകൊണ്ടുള്ള അനിശ്ചിതത്വവും ഇരുട്ടത്ത്‌ മഴ നനഞ്ഞ്‌ വിറച്ചും ചെളിയില്‍ കാല്‍പൂണ്ടും വെളിച്ചത്തെ ഒഴിഞ്ഞുമുള്ള നടത്തവും കളി കഴിഞ്ഞ്‌ ആഹ്ലാദമോ സങ്കടമോ ഉള്ളില്‍ അടക്കിപ്പിടിച്ച്‌ ഒറ്റക്കോ കൂട്ടുകാര്‍ക്കൊപ്പമോ നിശ്ശബ്ദമായുള്ള മടക്കവും തന്നെ ഏറ്റവും പ്രധാനം. വലിയ ടീമുകളുടെ കളികള്‍ ആള്‍ത്തിരക്കു മൂലം ചിലപ്പോള്‍ ഒന്നര മണിക്കൂറും മഴ നനഞ്ഞു തന്നെ കണ്ടിട്ടുണ്ട്‌.
പകലിലെ ഇടവേളകളില്‍, രാത്രി കളികാണാന്‍ കൂടെ വരാന്‍ പറ്റിയ ആളെ കണ്ടെത്തണം. അഭിരുചിയും പരിചയവും ആത്മവിശ്വാസവുമുള്ളയാളെ വേണം കാണേണ്ടത്‌. അവന്‍ ചിലപ്പോള്‍ മറ്റാരുടെയോ കൂടെ പോകാന്‍ സമ്മതിച്ചിട്ടുണ്ടാകും. കളികാണാനുള്ള സുരക്ഷിതമായ സങ്കേതം രഹസ്യമാക്കിവെക്കുകയാണ്‌ പലരും ചെയ്‌തിരുന്നത്‌. കോളേജില്‍ നിന്ന്‌ കളികാണാനെത്തുന്ന എല്ലാവരും ഒരേ സ്ഥലത്ത്‌ ഒരുമിച്ചുകൂടിയാലുണ്ടാകുന്ന പൊല്ലാപ്പ്‌ മനസ്സിലാക്കി, പതിവായി പോകുന്നവര്‍ ഒരു ഒത്തുതീര്‍പ്പിലെത്തിയിരുന്നു. എന്നാല്‍, ചില ദിവസങ്ങളില്‍ പല വഴി വന്ന്‌ ഒരേ കേന്ദ്രത്തില്‍ ഒരുമിച്ചു കൂടേണ്ടിവരാറുണ്ട്‌. പ്രിയപ്പെട്ട ടീമുകളുടെ കളിയാകുമ്പോള്‍ കാണാന്‍ ആളു കൂടും. 2004 ല്‍, ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ നടന്ന മത്സരം കാണാന്‍ പാറക്കടവത്തെ ക്ലബ്ബില്‍ ഒരു സമ്മേളനത്തിനുള്ള ആളുണ്ടായിരുന്നു. അധികവും സഹപാഠികള്‍. സമനിലയിലവസാനിച്ച കളി കഴിഞ്ഞ്‌ നിശ്ശബ്ദമായി റോഡിന്റെ അരികുപറ്റി നിശ്ശബ്ദമായി മടങ്ങുന്ന ആള്‍ക്കൂട്ടം ഇന്നും മനസ്സിലുണ്ട്‌.
രാത്രി ഡ്യൂട്ടിക്കുള്ള ഉസ്‌താദ്‌ നേരത്തെ ഉറങ്ങാനായിരിക്കും കളി കാണാന്‍ പോകുന്ന ദിവസത്തെ പ്രാര്‍ത്ഥന മുഴുവന്‍. പോകുന്നവരെ നോക്കാന്‍ ഉസ്‌താദ്‌ ആളെ നിശ്ചയിച്ചിട്ടുണ്ട്‌ എന്ന വാര്‍ത്ത പരക്കും ചില ദിവസങ്ങളില്‍. ചിലപ്പോള്‍ കളി കാണാന്‍ തീര്‍ച്ചപ്പെടുത്തിയവര്‍ തങ്ങളുടെ അസൗകര്യമൊഴിവാക്കാന്‍ വേണ്ടി പ്രചരിപ്പിച്ചതാവും. ഏതായാലും ജീവന്‍ പണയം വെച്ചാണ്‌ അത്തരം നാളുകളിലെ പോക്ക്‌.
റോഡില്‍ വെച്ച്‌ കോളേജുമായി ബന്ധമുള്ള നാട്ടുകാരും അസമയത്ത്‌ സ്‌കൂട്ടറില്‍ വരാറുള്ള മാനേജറും ചിലപ്പോഴൊക്കെ പോലീസും പേടിസ്വപ്‌നങ്ങളായിരുന്നു. കളികഴിഞ്ഞ്‌ തിരികെ മതില്‍ചാടുമ്പോള്‍ ഇരുട്ടത്ത്‌ തോട്ടക്കാരന്‍ പതുങ്ങിയിരിപ്പുണ്ടോ എന്ന ആശങ്ക എപ്പോഴുമുണ്ടായിരുന്നു. എത്ര വിദഗ്‌ധമായി തിരികെ പ്രവേശിച്ചാലും ചിലപ്പോള്‍ വെറും ദൗര്‍ഭാഗ്യം കൊണ്ടു മാത്രം, ഉറക്കമുണര്‍ന്ന്‌ ബാത്ത്‌റൂമില്‍ പോകുന്ന ഉസ്‌താദ്‌ പിടികൂടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. കുടുങ്ങുമ്പോഴെല്ലാം വിദഗ്‌ധമായ നുണ പറഞ്ഞ്‌ രക്ഷപ്പെട്ടു. കുടുങ്ങിയാല്‍ പിന്നെ രക്ഷിതാവിനെ കൊണ്ടുവരണം. ചിലപ്പോള്‍ ആ വര്‍ഷം തന്നെ നഷ്ടപ്പെടും. ചിലപ്പോള്‍ കോളേജിലെ പഠിപ്പുതന്നെ.
കോണ്‍ഫെഡറേഷന്‍ കപ്പ്‌ നടക്കുന്ന കാലത്ത്‌ മഴ പെയ്യുന്ന രാത്രികളൊന്നില്‍ റഊഫുമൊന്നിച്ച്‌ മഴ നനഞ്ഞു കണ്ട ബ്രസീല്‍-ഗ്രീസ്‌, ഏറ്റവും കടുത്ത ഭീഷണി നിലനില്‍ക്കുന്ന സമയത്ത്‌ കണ്ട കഴിഞ്ഞ ലോകകപ്പിലെ അര്‍ജന്റീന-ഹോളണ്ട്‌, കളികഴിഞ്ഞ്‌ പെരുംമഴയത്ത്‌ ഇഷ്ടടീം തല്ലിത്തോറ്റതില്‍ സങ്കടപ്പെട്ട്‌ മൂകനായി നടന്ന പോര്‍ച്ചുഗല്‍-ഹോളണ്ട്‌ തുടങ്ങിയ മത്സരങ്ങളുടെ വിശദാംശങ്ങള്‍ വരെ ഉള്ളില്‍ പതിഞ്ഞുകിടക്കുന്നു. ഇടിയും മിന്നലും പറപ്പിച്ചുകളയാന്‍ പോന്ന കാറ്റുമുള്ള രാത്രികളില്‍, ക്ലബ്ബുകളിലും വീട്ടുവരാന്തകളിലുമൊന്നും കളിവെച്ചിട്ടില്ലെന്നു കണ്ട്‌ നിരാശയോടെ ഉഴറി നടന്നതും കളി തുടങ്ങി പത്തുമിനുട്ടാകുമ്പോഴേക്ക്‌ കറന്റ്‌ പോയിട്ട്‌ കളി കഴിയാന്‍ നേരം വരെ ഉത്‌കണ്‌ഠയോടെ കാത്തിരുന്നതും ഓര്‍ക്കുന്നു. 2002 ലെ പ്രാഥമിക റൗണ്ടില്‍ സ്വീഡനുമായുള്ള മത്സരത്തില്‍ സമനിലയില്‍ കുടുങ്ങി അര്‍ജന്റീനയും ഡെന്മാര്‍ക്കിനോട്‌ തോറ്റ്‌ ഫ്രാന്‍സും പുറത്തായതിനു ശേഷം നാളുകളോളം കോളേജന്തരീക്ഷത്തില്‍ തങ്ങിനിന്ന മ്ലാനതയും, 2006 ല്‍ സെര്‍ബിയക്കെതിരെ 24 വണ്‍ടച്ചുകള്‍ക്കൊടുവില്‍ ഗോളടിച്ച്‌ അര്‍ജന്റീന ജയിച്ചതിന്റെ ആഹ്ലാദവും, അര്‍ജന്റീന തോറ്റാലും ബ്രസീല്‍ കപ്പെടുക്കരുതേ എന്ന്‌ മനമുരുകിയുള്ള പ്രാര്‍ത്ഥനയും യൂറോ ലഹരി പതയുന്ന ഉറക്കമില്ലാത്ത ഈ രാത്രികളില്‍ അരുമയോടെ ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്നു.
ഹോളണ്ടിന്റെ ദൗര്‍ഭാഗ്യമാണ്‌ എന്നെ അവരില്‍ ഉറപ്പിച്ചുനിര്‍ത്തിയത്‌. ഓരോ ടൂര്‍ണ്ണമെന്റിലും മികച്ച ടീമായി വന്ന്‌ ദൗര്‍ഭാഗ്യം കൊണ്ട്‌ കണ്ണീര്‍ വാര്‍ത്തുനില്‍ക്കുന്ന അവരുടെ ചരിത്രം മനപ്പാഠമാണ്‌. 1996 മുതല്‍ ക്രോസ്‌ബാറിനു കീഴിലുണ്ടായിരുന്ന എഡ്വിന്‍ വാന്‍ഡര്‍സാറാണ്‌ ഇത്തവണ ഡച്ചുകളെ നയിക്കുന്നത്‌. മുപ്പത്തിയെട്ടാം വയസ്സില്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡനു വേണ്ടി ചാമ്പ്യന്‍സ്‌ ലീഗ്‌ ഉയര്‍ത്തിയതു പോലെ അര്‍ഹതപ്പെട്ട യൂറോ കിരീടം ഉയര്‍ത്തിയാവുമോ സാര്‍ വിടപറയുന്നത്‌? ഇന്നലെ ഇറ്റലിയെ തകര്‍ത്തുവിട്ട ആ കളിയുടെ ആവേശം നിസ്റ്റല്‍റൂയിക്കും സ്‌നൈഡറിനും ബ്രാങ്കോസ്‌റ്റിനും കൂട്ടര്‍ക്കും നിലനിര്‍ത്താനാവുമോ? അതോ ഏറ്റവും നന്നായി കളിച്ച്‌ അടയാളങ്ങളൊന്നും ബാക്കിവെക്കാതെ ഡച്ച്‌ഫുട്‌ബോളിന്റെ ഈ പേജും മറിയുമോ?
യൂറോ 2004 സെമിയില്‍ പെനാല്‍ട്ടി ബോക്‌സിന്റെ പുറത്തുനിന്ന്‌ മനീഷ്‌ തൊടുത്ത ഷോട്ട്‌ വാന്‍ഡര്‍സാറിന്റെ ജാഗ്രതയെ മറികടന്ന്‌ ഹോളണ്ടിന്റെ പോസ്‌റ്റില്‍ കയറിയപ്പോഴും, കയ്യാങ്കളിയായിത്തീര്‍ന്ന 2006 ക്വാര്‍ട്ടറില്‍ കിട്ടിയ ഒരേയൊരവസരത്തില്‍ അതേ മനീഷിന്റെ ക്ലോസ്‌റേഞ്ചര്‍ വലകുലുക്കിയപ്പോഴും നുറുങ്ങിപ്പോയ പ്രതീക്ഷകള്‍ ഇപ്പോള്‍ ഞാന്‍ ചേര്‍ത്തുവയ്‌ക്കുകയാണ്‌.