18.5.11

ബംഗാളില്‍ മാര്‍ക്‌സിസത്തിന്റെ കാലം കഴിഞ്ഞിട്ടില്ല

ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ബൗദ്ധിക വളര്‍ത്തുകേന്ദ്രമെന്നാണ്‌ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി അറിയപ്പെടുന്നത്‌. അധികാര രാഷ്ട്രീയപരവും അല്ലാത്തതുമായ വിവിധ ഇടതുപക്ഷ - കമ്മ്യൂണിസ്റ്റ്‌ ചിന്താധാരകള്‍ ജെ.എന്‍.യുവിന്റെ മുഖ്യധാരയില്‍ സജീവമായി നിലനില്‍ക്കുന്നു. പാര്‍ലമെന്ററി കമ്മ്യൂണിസത്തിന്റെ ഭക്തര്‍ മുതല്‍ കറകളഞ്ഞ ഇടതുപക്ഷ അരാജകവാദികള്‍ക്കു വരെ ജെ.എന്‍.യു തങ്ങളുടേതായ ഇടം അനുവദിക്കുന്നുണ്ട്‌. സി.പി.എമ്മിന്റെ ദേശീയ നേതാക്കളായ പ്രകാശ്‌ കാരാട്ടും സീതാറാം യെച്ചൂരിയുമടക്കം നിരവധി കമ്മ്യൂണിസ്റ്റ്‌ സൈദ്ധാന്തികര്‍ ജെ.എന്‍.യുവിന്റെ ഉ|ന്നങ്ങളാണ്‌. ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം നേരിട്ട ദയനീയ പരാജയം, മറ്റെവിടത്തെയുമെന്ന പോലെ ജെ.എന്‍.യുവിലെയും കമ്മ്യൂണിസ്റ്റുകളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്‌. പരാജയം സംബന്ധിച്ച താത്വിക വിശകലനങ്ങളും വാദപ്രതിവാദങ്ങളും തുടങ്ങുന്നതിനുമുമ്പ്‌ ഗൂഢ മൗനത്തിലാണിപ്പോള്‍ ക്യാമ്പസ്‌.

എസ്‌.എഫ്‌.ഐയുടെ സജീവ പ്രവര്‍ത്തകരെല്ലാം ബംഗാളിലെ പരാജയത്തെപ്പറ്റി ബുദ്ധിപൂര്‍വമായ മൗനം പാലിക്കുകയാണ്‌. `ജനങ്ങളുടെ വിധിതീര്‍പ്പ്‌ വ്യക്തം' എന്നും `ജനവിധി അംഗീകരിക്കുന്നു' എന്നുമെല്ലാമുള്ള സുരക്ഷിത വാചകങ്ങള്‍ക്കപ്പുറത്തേക്ക്‌ അവരധികം പോകുന്നില്ല. എസ്‌.എഫ്‌.ഐ - ജെ.എന്‍.യു പ്രസിഡണ്ട്‌ ലെനിന്‍ കുമാറിന്റെയും അഖിലേന്ത്യാ എസ്‌.എഫ്‌.ഐ ജനറല്‍ സെക്രട്ടറി റിതാബ്രത ബാനര്‍ജിയുടെയുമെല്ലാം വാക്കുകളില്‍ ഇടതുപക്ഷം അകപ്പെട്ടിരിക്കുന്ന അരക്ഷിതത്വത്തിന്റെ സൂചനകളുണ്ട്‌: `തെരഞ്ഞെടുപ്പിലെ പരാജയം ലോകാവസാനമല്ല. ജനങ്ങള്‍ക്കു വേണ്ടി പോരാടി ഞങ്ങള്‍ ഇനിയും തിരിച്ചുവരും.' ജനാധിപത്യ പ്രക്രിയയില്‍ വിജയം പോലെ സ്വാഭാവികമാണ്‌ പരാജയവും എന്നാണ്‌ ഇടതുപക്ഷ നിരീക്ഷകയും ഗ്രന്ഥകാരിയുമായ ജെ.എന്‍.യു സാമ്പത്തിക ശാസ്‌ത്ര വിഭാഗം പ്രൊഫസര്‍ ജയതി ഘോഷ്‌ പറയുന്നത്‌.

സി.പി.ഐ(എം.എല്‍ - ലിബറേഷന്‍)യുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ഐ.എസ്‌.എ(ഐസ)യാണ്‌ ജെ.എന്‍.യുവിലെ പുതിയ യാന്ത്രിക മുഖ്യധാരാ ഇടതുപക്ഷം. റോസാ ലക്‌സംബര്‍ഗിന്റെയും ലെനിനിന്റെയും ചെഗുവേരയുടെയും ഭഗത്‌ സിംഗിന്റെയും ചുവര്‍ചിത്രങ്ങള്‍ക്കു കീഴെ പടിഞ്ഞിരിക്കുമ്പോഴും പടിഞ്ഞാറന്‍ മുതലാളിത്ത ബ്രാന്‍ഡുകളെ ഓമനിക്കുന്നവരാണ്‌ മൃദു ഇടതുപക്ഷം മുതല്‍ തീവ്ര ഇടതുപക്ഷം വരെയുള്ളവര്‍. `പര്‍ച്ച'(ലഘുലേഖ)കളിലും മാര്‍ച്ചുകളിലും രാഷ്ട്രീയ ഇടതുപക്ഷത്തിന്റെ സജീവ വിമര്‍ശകരായ ഐസ, ബംഗാളിലെ സി.പി.എമ്മിന്റെ തോല്‍വിയെപ്പറ്റി `ജനവിധി 2011 - പാഠങ്ങളും വെല്ലുവിളികളും' എന്ന പേരില്‍ പര്‍ച്ച പുറത്തിറക്കിയിട്ടുണ്ട്‌. ``ജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന്‌ സി.പി.ഐയും സി.പി.ഐയും ധിക്കാരപൂര്‍വം വിസമ്മതിച്ചപ്പോള്‍ മമതയുടെ അവസരവാദപരവും തന്ത്രപൂര്‍വവുമായ `മാ-മട്ടി-മനുഷ്‌' (മാതാവ്‌, ഭൂമി, മനുഷ്യന്‍) മുദ്രാവാക്യം ജനങ്ങളെ സ്വാധീനിച്ചു.'' ഐസ പറയുന്നു.

മൂന്നു പതിറ്റാണ്ടിലേറെ ജെ.എന്‍.യുവിലെ സമൂഹശാസ്‌ത്ര വിഭാഗത്തിലെ സജീവ അധ്യാപകനും രാഷ്ട്രീയ-സാമൂഹ്യ-വിദ്യാഭ്യാസ വിഷയങ്ങളിലെ വിമര്‍ശനാത്മക സാന്നിധ്യവുമായ പ്രൊഫ. അവിജിത്ത്‌ പഠകിന്‌ ബംഗാളിലെ ഇടതുപക്ഷത്തിന്റെ പതനത്തെപ്പറ്റി വ്യക്തമായ കാഴ്‌ചപ്പാടുണ്ട്‌. ഗാന്ധിയന്‍ ചിന്തയും ജീവിതവും രവീന്ദ്ര സാഹിത്യവും ബംഗാളി നിഷ്‌ഠകളും കൊണ്ടുനടക്കുന്ന ഈ കൊല്‍ക്കത്തക്കാരന്‍ മമതാ ബാനര്‍ജിയുടെ `വിപ്ലവം' ഉയര്‍ത്തുന്ന പ്രതീക്ഷകളും ആശങ്കകളും പങ്കുവെക്കുന്നു. `ആധുനികത, ആഗോളവല്‍ക്കരണം, സ്വത്വം', `ഇന്ത്യന്‍ ആധുനികത: വൈരുധ്യങ്ങളും വിരോധാഭാസങ്ങളും സാധ്യതകളും', `ആധുനിക ഇന്ത്യയിലെ ജീവിതം: രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ രംഗങ്ങളിലെ പ്രതിഫലനം' തുടങ്ങിയ പത്തോളം കൃതികളുടെ കര്‍ത്താവാണ്‌ അദ്ദേഹം. പ്രൊഫ. പഠകുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

34 വര്‍ഷത്തിനു ശേഷം ബംഗാളില്‍ സി.പി.എമ്മിനു ഭരണം നഷ്ടമായിരിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ നിര്‍ണായകമായ ഒരധ്യായമായ ഈ പതനത്തെ എങ്ങനെ നോക്കിക്കാണുന്നു?

അനിവാര്യമായ പരാജയമാണ്‌ ബംഗാളില്‍ സി.പി.എം ഇപ്പോള്‍ നേരിട്ടിരിക്കുന്നത്‌. തുടര്‍ച്ചയായ 34 വര്‍ഷങ്ങളിലെ ഭരണം ജനങ്ങളെ വകവെക്കേണ്ടതില്ലാത്ത ഒരു മനോഭാവം സി.പി.എമ്മിലുണ്ടാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലുമെല്ലാം മാര്‍ക്‌സിസ്റ്റുകള്‍ നിരന്തരം വിജയിച്ചു. കരുത്തനായ ഒരു എതിരാളി ഇല്ലാതിരുന്നതിനാല്‍, സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ബംഗാളിലെ ഓരോ തുറയും സി.പി.എം കൈവെള്ളയിലാക്കി. പ്രാദേശികമായ ദുര്‍ഗാ പൂജാ കമ്മിറ്റി രൂപീകരിക്കുന്നതു മുതല്‍ യൂണിവേഴ്‌സിറ്റിയിലെ വൈസ്‌ ചാന്‍സ്ലരെ നിയമിക്കുന്നതുവരെ പാര്‍ട്ടിയായി. ഒരു തിരിച്ചുപോക്കുണ്ടാകില്ലെന്ന തരത്തിലുള്ള ആത്മവിശ്വാസം അത്‌ അണികളിലുണ്ടാക്കി.
കേരളത്തിലേതു പോലെ, ഇടതുപക്ഷത്തിന്‌ ബദലാവാനുള്ള കരുത്ത്‌ കോണ്‍ഗ്രസിന്‌ ബംഗാളിലുണ്ടായിരുന്നില്ല. സി.പി.എമ്മിന്റെ ബി.ടീമാണ്‌ കോണ്‍ഗ്രസ്‌ എന്നൊരു ഫലിതം തന്നെയുണ്ടായിരുന്നു. പ്രണബ്‌ മുഖര്‍ജിയെപ്പോലെ വ്യക്തിത്വമുള്ള നേതാക്കന്മാരുണ്ടായിരുന്നെങ്കിലും ബംഗാള്‍ രാഷ്ട്രീയത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഈയവസ്ഥക്കൊരു മാറ്റം വന്നത്‌ 1998-ലെ കോണ്‍ഗ്രസിന്റെ പിളര്‍പ്പോടെയാണ്‌. തൃണമൂല്‍ കോണ്‍ഗ്രസുമായി രംഗത്തെത്തിയ മമതാ ബാനര്‍ജി സി.പി.എമ്മിന്‌ ബദലാകുമെന്ന തോന്നലുണ്ടാക്കി. കമ്മ്യൂണിസ്‌റ്റ്‌ രാഷ്ട്രീയത്തെ തെരുവില്‍ നേരിടാന്‍ ധൈര്യം കാണിച്ചത്‌ അവര്‍ മാത്രമാണ്‌. മമതയുടേത്‌ ഒരു പോരാട്ടം തന്നെയായിരുന്നു.
സി.പി.എമ്മിന്റെ തുടര്‍ച്ചയായുള്ള ഭരണത്തില്‍ അതൃപ്‌തരായ കലാകാരന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും മധ്യവര്‍ഗത്തിനും ഒരുമിച്ചു നില്‍ക്കാനുള്ള ഒരു പൊതുഇടമാണ്‌ മമത വഴി രൂപപ്പെട്ടത്‌. 2007-ലെ സിംഗൂര്‍, നന്ദിഗ്രാം പ്രക്ഷോഭങ്ങള്‍ ഒരു വഴിത്തിരിവായിരുന്നു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമൊപ്പം നിന്ന്‌ ജനകീയ പിന്തുണയാര്‍ജിക്കുകയായിരുന്നു അവര്‍. കാലാകാലങ്ങളായി സി.പി.എമ്മിന്‌ വോട്ടു ചെയ്‌തുപോന്ന സാധാരണക്കാര്‍ മമതയുടെ പക്ഷത്തേക്കു മാറി.
ബംഗാള്‍ ഭരണകൂടത്തിലെ പുതിയ നേതൃമാറ്റത്തെ ശുഭകരമെന്നു തന്നെ വിശേഷിപ്പിക്കണം. സി.പി.എമ്മിനകത്തെ ദുഷിച്ച പ്രവണതകള്‍ക്ക്‌ ജനം നല്‍കിയ പ്രഹരമാണത്‌. ഭരണാധികാരി എന്ന നിലയില്‍ മമതാ ബാനര്‍ജിക്ക്‌ എത്രത്തോളം വിജയിക്കാന്‍ കഴിയുമെന്നും മൂന്നു പതിറ്റാണ്ടിലധികം സി.പി.എം ഭരണകൂടം പരാജയമായ മേഖലകള്‍ അവര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നുമൊക്കെ കാത്തിരുന്നു കാണേണ്ടതുണ്ട്‌. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൊണ്ട്‌ തൃണമൂല്‍ ഭരണകൂടം തകരുകയാണെന്നു വന്നാല്‍പ്പോലും ഇപ്പോഴത്തെ മാറ്റം സ്വാഗതാര്‍ഹമാണ്‌. ഒരുപക്ഷേ, കേരളത്തിലേതിനു സമാനമായ രാഷ്ട്രീയാന്തരീക്ഷത്തിലേക്കുള്ള മാറ്റമാവാം ബംഗാളിനിത്‌. അടിയന്തരാവസ്ഥക്കു ശേഷം ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനു സംഭവിച്ചതിനു സമാനമായ അവസ്ഥയാണ്‌ സി.പി.എം ഇപ്പോള്‍ നേരിടുന്നത്‌. ഇന്ദിരാ ഗാന്ധി ഇല്ലെങ്കില്‍ പിന്നെ ആര്‌ എന്ന ചോദ്യം ശക്തമായിരുന്നിടത്തുനിന്നാണ്‌ അടിയന്തരാവസ്ഥയോടെ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചത്‌. പിന്നീടൊരിക്കലും മുമ്പുണ്ടായിരുന്ന കുത്തക അവസ്ഥയിലേക്ക്‌ തിരിച്ചുപോകാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ലല്ലോ.

ബംഗാളില്‍ ഫലപ്രഖ്യാപനം വന്നയുടനെ ട്വിറ്ററില്‍ കണ്ട ഒരു സന്ദേശം ഇപ്രകാരമായിരുന്നു: `എന്റെ ജീവിതകാലത്ത്‌ രണ്ടു കാര്യങ്ങള്‍ കാണാന്‍ കഴിയില്ലെന്നാണ്‌ ഞാന്‍ കരുതിയിരുന്നത്‌. ഒന്ന്‌ - ഇന്ത്യ ഫുട്‌ബോള്‍ ലോകകപ്പിന്‌ യോഗ്യത നേടുന്നത്‌. രണ്ട്‌ - സി.പി.എം ബംഗാളിലെ അധികാരത്തില്‍ നിന്നു പുറത്താകുന്നത്‌.' അത്രത്തോളം അസാധ്യമായ സംഗതിയാണ്‌ ബംഗാളില്‍ സംഭവിച്ചിരിക്കുന്നത്‌.

പാര്‍ട്ടിയുടെ കെട്ടുറപ്പും വ്യാപ്‌തിയും പരിഗണിക്കുമ്പോള്‍ സി.പി.എം അധികാരത്തില്‍ നിന്നു പുറത്താവുക എന്നത്‌ ബംഗാളിലെ മിക്ക ആളുകളുടെയും വിദൂര സ്വപ്‌നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല. ആര്‍.എസ്‌.എസ്സിന്റേതിനു സമാനമായ രീതിയിലാണ്‌ അവരുടെ സംഘടനാ സംവിധാനം. തീവ്ര വലതുപക്ഷം പോലെ സുസംഘടിതമായ തീവ്ര ഇടതുപക്ഷം. മറ്റു രാഷ്ട്രീയ കക്ഷികളുടെ സംവിധാനങ്ങള്‍ അത്ര കെട്ടുറപ്പുള്ളതല്ല.
സംഘടനാബലവും അധികാരവും സി.പി.എമ്മില്‍ ധാര്‍ഷ്യവും വിനയാന്വിതരാകുന്നതിനോലുള്ള വിമുഖതയും വളര്‍ത്തിയിരുന്നു. ബുദ്ധദേവ്‌ ഭട്ടാചാര്യ അടക്കം ഏതാണ്ടെല്ലാ മന്ത്രിമാരും തോല്‍ക്കാന്‍ കാരണമായത്‌ അതാണ്‌. കാലങ്ങളായി ജനങ്ങള്‍ എല്ലാം കാണുന്നതാണ്‌. പാര്‍ട്ടിയുടെ താഴേത്തട്ടില്‍ ബാധിച്ച ജീര്‍ണത സി.പി.എമ്മിനെ ജനങ്ങളുടെ ശത്രുവാക്കിമാറ്റുകയായിരുന്നു. അനുഭാവികളോടു പോലും ധിക്കാരപൂര്‍ണമായ സമീപനമാണ്‌ പാര്‍ട്ടിക്കാര്‍ കൈക്കൊണ്ടിരുന്നത്‌. പാര്‍ട്ടി ക്ലാസുകളിലും പാര്‍ട്ടി സ്‌കൂളുകളിലും അണികള്‍ക്ക്‌ രാഷ്ട്രീയ വിദ്യാഭ്യാസം പകര്‍ന്നുകൊടുക്കുന്ന രീതി അന്യം നിന്നുപോവുകയും ചെയ്‌തു. സംസ്ഥാന നേതൃത്വത്തിലുള്ള പലര്‍ക്കും നല്ല ഇമേജാണുണ്ടായിരുന്നത്‌. പക്ഷേ, പ്രവര്‍ത്തകരുടെ ധാര്‍ഷ്ട്യത്തിന്‌ ഇത്തവണ ജനങ്ങള്‍ മറുപടി നല്‍കുക തന്നെ ചെയ്‌തു.
മമത ബാനര്‍ജിയുടെ നേതൃപാടവത്തെ തുടക്കത്തില്‍ സംശയത്തോടെയാണ്‌ ആളുകള്‍ കണ്ടിരുന്നത്‌. പിന്നീട്‌ അവര്‍ക്ക്‌ ബുദ്ധിജീവികളുടെയും മധ്യവര്‍ഗ സമൂഹത്തിന്റെയും പിന്തുണ ലഭിച്ചു. സി.പി.എമ്മുമായി അനുരാഗത്തിലുണ്ടായിരുന്ന മധ്യവര്‍ഗത്തിന്റെ നിലപാടുമാറ്റം നിര്‍ണായകമായി.


നന്ദിഗ്രാം, സിംഗൂര്‍ വിഷയങ്ങളില്‍ സി.പി.എം ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ എതിര്‍ത്തുകൊണ്ടാണ്‌ മമത ബാനര്‍ജി ഈ വിപ്ലവത്തിലേക്കുള്ള യാത്ര തുടങ്ങിയത്‌. ഇടതുഭരണത്തോടുള്ള വിയോജിപ്പ്‌ ആയിരുന്നു മമതയുടെ ആയുധം. അതല്ലാതെ, സ്വന്തം നിലയില്‍ എന്തെങ്കിലും ആശയമോ ആദര്‍ശമോ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടോ? എതിര്‍പ്പിന്റെ രാഷ്ട്രീയം മാത്രമാണോ തൃണമൂലിന്റെ നിലപാടുതറ?

സി.പി.എം ഭരണത്തിന്റെ ജീര്‍ണതയില്‍ നിന്നുള്ള മോചനം ആണ്‌ മമത ജനങ്ങള്‍ക്കു മുന്നില്‍വെച്ച പ്രതീക്ഷ. രാഷ്ട്രീയ ഇടതുപക്ഷത്തു നിന്നു നോക്കുമ്പോള്‍ അത്‌ നെഗറ്റീവ്‌ രാഷ്ട്രീയം തന്നെയാണ്‌. താത്വികമോ പ്രത്യയശാസ്‌ത്രപരമോ ആയ ഒന്നും തൃണമൂലിന്‌ ഉണ്ടായിരുന്നില്ല. അത്തരമൊരു നിലപാടു തറയുടെ രൂപീകരണ ഘട്ടത്തിലാണിപ്പോള്‍. ഇടതുപക്ഷത്തിനെതിരായ ഈ ഇലക്ഷന്‍ വിപ്ലവത്തില്‍ അവര്‍ക്കൊപ്പം നിന്ന ബുദ്ധിജീവികളും കലാകാരന്മാരും ആ രൂപീകരണ പ്രക്രിയയില്‍ പങ്കാളികളാവും.
ഒരു ജനകീയ പ്രസ്ഥാനത്തിന്റെ നേതാവ്‌ എന്ന നിലയില്‍ മമത ഏറെ പക്വത കൈവരിച്ചിട്ടുണ്ട്‌ എന്നതും ശ്രദ്ധിക്കേണ്ടതാണ്‌. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്‌തമായി, വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ അവരിപ്പോള്‍ ഒതുക്കം പാലിക്കുന്നു. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷം അവര്‍ നടത്തിയ പ്രസംഗം ടി.വിയില്‍ കണ്ടു. ടാഗോറിന്റെ വരികളൊക്കെ ഉദ്ധരിച്ചു കൊണ്ടുള്ളത്‌. മമതയുടേതായി ഞാന്‍ കേട്ട ഏറ്റവും നല്ല പ്രസംഗമായിരുന്നു അതെന്നു നിസ്സംശയം പറയാം.

സി.പി.എമ്മിന്റെ മൂന്നു പതിറ്റാണ്ടുകളെ അപ്രസക്തമാക്കുന്ന ഭരണമായിരിക്കും തൃണമൂലിന്റേത്‌ എന്നു കരുതുന്നുണ്ടോ?

അങ്ങനെയൊരു പ്രവചനത്തിന്റെ അവസരമല്ലിത്‌. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ പരിധികളും പരിമിതികളുമുണ്ട്‌. അഴിമതിയുടെ കാര്യത്തില്‍ കരുണാനിധിയേക്കാള്‍ ഭേദമല്ലല്ലോ തമിഴ്‌നാട്ടില്‍ ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജയലളിത. ബംഗാളിനെ സംബന്ധിച്ചിടത്തോളം മികച്ചൊരു ഭരണത്തിന്റെ തുടക്കമെന്നതിനേക്കാള്‍ ഭരണത്തിലെ വഴിത്തിരിവാണ്‌ കൈവന്നിരിക്കുന്നത്‌ എന്നു ഞാന്‍ കരുതുന്നു. മികച്ച രീതിയില്‍ ഭരണം നടത്തി ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ മമതക്ക്‌ അവസരമുണ്ട്‌. അവരുടെ ഭരണം മോശമായാല്‍ അടുത്ത തെരഞ്ഞെടുപ്പോടെ തന്നെ തിരിച്ചുവരാന്‍ സി.പി.എമ്മിനു കഴിഞ്ഞേക്കാം. പക്ഷേ, മുന്‍കാലങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളാവില്ല ഇനിയുള്ള കാലത്ത്‌ ബംഗാളിലുണ്ടാവുക.

മമത വികസന വിരോധിയാണെന്ന വിമര്‍ശനം തെരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ സി.പി.എം ഉയര്‍ത്തിയിരുന്നു?


ബുദ്ധിജീവികളും കലാകാരന്മാരും നാഗരിക മധ്യവര്‍ഗവും കര്‍ഷകരുമെല്ലാമടക്കം തന്റെ പിന്നിലുള്ള വലിയൊരു സ്‌പെക്ട്രത്തെ തൃപ്‌തിപ്പെടുത്തുക എന്നതാവും മമതക്കു മുന്നിലുള്ള വലിയ വെല്ലുവിളി. മധ്യവര്‍ഗവും കര്‍ഷകരും സി.പി.എമ്മിന്റെ ഉറച്ച അണികളായിരുന്നു എന്നോര്‍ക്കണം. ഈ വിഭാഗങ്ങളോടെല്ലാം എങ്ങനെ സംവദിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വ്യവസായവല്‍ക്കരണം, വികസനം തുടങ്ങിയ കാര്യങ്ങളില്‍ അവരുടെ വിജയം. വന്‍ വ്യവസായ പ്രൊജക്ടുകള്‍ക്ക്‌ കൂടിയ അളവില്‍ ഭൂമി ഏറ്റെടുത്തു നല്‍കുന്നതിന്‌ പ്രായോഗിക തടസ്സങ്ങളുണ്ട്‌. ഹരിയാനയിലെയും ബംഗാളിലെയും ഭൂഭാഗങ്ങള്‍ വലിയ അന്തരമുണ്ട്‌. ഹരിയാനയിലെ ഭൂമിയുടെ വലിയൊരു വിഭാഗവും വെറുതെ കിടക്കുന്നതാണ്‌. ബംഗാളിലേതാകട്ടെ കൂടുതല്‍ വളക്കൂറുള്ള, കൃഷിക്കനുയോജ്യമായ മണ്ണും. പരമ്പരാഗതമായി കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്‌ കൂടുതലും. ബംഗാളിന്റെ പ്രധാന വരുമാന മാര്‍ഗം കൃഷിയില്‍ നിന്നാണ്‌, അതും മുഖ്യമായി അരിയില്‍ നിന്ന്‌. ഗോതമ്പ്‌, കരിമ്പ്‌, ഉരുളക്കിഴങ്ങ്‌, പയറുവര്‍ഗങ്ങള്‍, എണ്ണവിത്തിനങ്ങള്‍ തുടങ്ങിയവയും വ്യാപകമായി കൃഷി ചെയ്യുന്നു.
ദുര്‍ഗാപൂരിലേതു പോലുള്ള വ്യാവസായിക ടൗണ്‍ഷിപ്പുകളും ഇന്‍ഡസ്‌ട്രിയല്‍ യൂണിറ്റുകളും കൊണ്ടുവരിക എളുപ്പമാവില്ല. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച്‌ തിപക്ഷത്തിരുന്ന അവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഇനി സി.പി.എമ്മും ഉന്നയിച്ചു തുടങ്ങും.
1977-ല്‍ അധികാരത്തിലെത്തുമ്പോള്‍ ഏറെക്കുറെ സമാനമായ ചോദ്യങ്ങള്‍ സി.പി.എമ്മിനും നേരിടേണ്ടതുണ്ടായിരുന്നു. ഇടതുചിന്താഗതിയും പാര്‍ലമെന്ററി രാഷ്ട്രീയവും ചേര്‍ന്നു പോകുമോ, ട്രേഡ്‌ യൂണിയനിസത്തെ വിജയകരമായി കൈകാര്യം ചെയ്യാന്‍ കഴിയുമോ, കോണ്‍ഗ്രസിനു ബദലായി സി.പി.എമ്മിന്‌ തിളങ്ങാനാവുമോ?, കൃഷിയെയും വികസനത്തെയും അവര്‍ എങ്ങിനെ ഒന്നിച്ചു കൊണ്ടുപോകും തുടങ്ങിയ ചോദ്യങ്ങള്‍ 77-ല്‍ ഉയര്‍ന്നിരുന്നു. അതുപോലെ കുറെ ചോദ്യങ്ങള്‍ മമതയെയും കാത്തിരിക്കുന്നു.

പതിറ്റാണ്ടുകള്‍ നീണ്ട ഭരണകാലത്ത്‌ സി.പി.എമ്മിന്റെ അടിച്ചമര്‍ത്തല്‍ നയം നേരിട്ട നക്‌സലുകളോടും മറ്റും തൃണമൂല്‍ സൗഹാര്‍ദം പുലര്‍ത്തിയിരുന്നുവല്ലോ. മമതയെ ശക്തമായി പിന്തുണക്കുന്ന ബുദ്ധിജീവികളില്‍ പലരും നക്‌സല്‍ പശ്ചാത്തലമുള്ളവരാണ്‌. തൃണമൂല്‍ ഭരണത്തില്‍ പങ്കുപറ്റി ഇക്കൂട്ടര്‍ സി.പി.എമ്മിനു നേരെ പകപോക്കല്‍ നടത്താനിടയില്ലേ?

അത്തരം ചില വിഷയങ്ങളില്‍ എന്തു സംഭവിക്കുമെന്നോ മമത എങ്ങനെ കൈകാര്യം ചെയ്യുമെന്നോ വ്യക്തമല്ല. ഏതു രാഷ്ട്രീയ പാര്‍ട്ടിയായാലും അടിത്തട്ടിലുള്ള അണികളുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ നിലനി|ിനെ ബാധിക്കും. സി.പി.എമ്മിന്റെ തകര്‍ച്ചക്ക്‌ വേഗം വര്‍ധിപ്പിച്ചതും ഒരര്‍ത്ഥത്തില്‍ സ്വന്തം അണികള്‍ തന്നെയാണല്ലോ. മധ്യവര്‍ഗത്തെ പാര്‍ട്ടിയില്‍ നിന്നകറ്റുന്നതില്‍ വലിയൊരു പങ്ക്‌ വഹിച്ചത്‌ പ്രാദേശിക നേതൃത്വവും പ്രവര്‍ത്തകരുമാണ്‌. അടിത്തട്ടിലുള്ളവര്‍ക്ക്‌ കൃത്യമായ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാനും പാര്‍ട്ടിയുടെ നയരേഖകളിലേക്ക്‌ അവരെ കൊണ്ടുവരാനും കഴിഞ്ഞാല്‍ ഏറെ കുഴപ്പങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ തൃണമൂലിന്‌ കഴിയും. അധികാരത്തിന്റെ ലഹരി താഴേത്തട്ടിലേക്ക്‌ വളരെ വേഗം വ്യാപിക്കുന്നതാണ്‌.

ബംഗാളില്‍ സി.പി.എമ്മിന്റെ പതനം ഒരു കാലഘട്ടത്തിന്റെ അവസാനമായും മാര്‍ക്‌സിസത്തിന്റെ പതനമായുമെല്ലാം ദേശീയ മാധ്യമങ്ങള്‍ ആഘോഷിക്കുന്നുണ്ട്‌.

അത്‌ മാധ്യമങ്ങളുടെ സെന്‍സേഷണല്‍ മനോഭാവത്തില്‍ നിന്നുണ്ടാകുന്ന ജ|നം മാത്രമാണ്‌. ബംഗാളില്‍ തോറ്റ സി.പി.എമ്മും മാര്‍ക്‌സിസ്റ്റ്‌ ചിന്താഗതിയും തമ്മിലുള്ള അന്തരം വലുതാണ്‌. മാര്‍കിസ്റ്റ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണ്‌ മാര്‍ക്‌സിസ്‌റ്റുകളെന്നോ പാര്‍ട്ടിയെ പിന്തുണക്കുന്നവരെല്ലാം മാര്‍ക്‌സിസ്റ്റുകളെന്നോ പറയാന്‍ കഴിയില്ല. മാര്‍ക്‌സിസത്തെ കുത്തകവല്‍ക്കരിക്കാനുള്ള അവകാശം സി.പി.എമ്മിനില്ല. ഗാന്ധിയന്മാരെല്ലാം ഗാന്ധി പീസ്‌ ഫൗണ്ടേഷനില്‍ അംഗത്വമുള്ളവര്‍ മാത്രമാണെന്നു പറയുന്നതു പോലെയാവും അത്‌. ആത്മീയതയെപ്പറ്റി കബീര്‍ദാസ്‌ പറഞ്ഞത്‌, ഏതെങ്കിലും പ്രത്യക്ഷമായ മതരൂപങ്ങളിലോ പള്ളികളിലോ ക്ഷേത്രങ്ങളിലോ അല്ല ആത്മീയത കുടികൊള്ളുന്നത്‌ എന്നാണ്‌. ദൈവം മനുഷ്യന്റെ മനസ്സിലാണ്‌. അതുപോലെത്തന്നെയാണ്‌ മാര്‍ക്‌സിസത്തിന്റെയും ഗാന്ധിസത്തിന്റെയുമെല്ലാം കാര്യവും. സി.പി.എമ്മിനെതിരായുള്ള ഈ തെരഞ്ഞെടുപ്പുഫലം `നോ റ്റു മാര്‍ക്‌സിസം' ആണെന്നു പറയാനാവില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ ഇസങ്ങളുടേതല്ലെന്ന്‌ ജനങ്ങള്‍ക്കറിയാം.

ഈ ഭരണമാറ്റം കൊണ്ടുള്ള ക്ഷിപ്രവും പ്രാഥമികവുമായ നേട്ടം ആര്‍ക്കാണ്‌?

അങ്ങനെയൊരു പ്രത്യേക വിഭാഗത്തെ എടുത്തുപറയാന്‍ കഴിയില്ല. ബംഗാളി ജനതക്ക്‌ മുഴുവന്‍ എന്നു പറയാം. മുമ്പ്‌ ഉദ്യോഗാര്‍ത്ഥി സര്‍ക്കാര്‍ ജോലിക്കായി പബ്ലിക്‌ സര്‍വീസ്‌ കമ്മീഷനെ സമീപിക്കുമ്പോള്‍, പാര്‍ട്ടിയുമായി ബന്ധമുള്ള ആരെങ്കിലും അയാളെ അറിഞ്ഞിരിക്കണം എന്ന അലിഖിതമായ നിബന്ധന നിലനിന്നിരുന്നു. പാര്‍ട്ടിയുമായി ബന്ധമില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ ജോലി / ആനുകൂല്യങ്ങള്‍ ലഭിച്ചേക്കില്ല എന്ന ഭയമുണ്ടായിരുന്നു. സി.പി.എമ്മിന്റെ ഭാഗമായുള്ള യൂണിയനുകളില്‍ അംഗമായിരിക്കണം എന്ന ഒരവസ്ഥ നിലനിന്നിരുന്നു. ആ ഭയം മാറുന്നു എന്നതാണ്‌ വലിയൊരു നേട്ടം. അത്‌ ജനതയുടെ മൊത്തം നേട്ടമാണ്‌.
ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ്‌ ബംഗാള്‍ ഏറെ മുന്നോട്ടു പോകാനുള്ളത്‌. ഈ രണ്ടു കാര്യങ്ങളിലും താന്‍ മാറ്റങ്ങള്‍ കൊണ്ടവരുമെന്ന്‌ മമത പ്രഖ്യാപിച്ചിട്ടുണ്ട്‌.

സി.പി.എം ഭരണത്തില്‍ നിന്നകന്നു നില്‍ക്കുന്നതു കൊണ്ട്‌ ആര്‍.എസ്‌.എസ്‌ പോലുള്ള വര്‍ഗീയ കക്ഷികള്‍ക്ക്‌ ബംഗാളിലേക്കുള്ള പ്രവേശം എളുപ്പമാവുന്നു എന്നൊരു നിരീക്ഷണവുമുണ്ട്‌.

അതു ശരിയല്ല. ഗുജറാത്ത്‌, ഉത്തര്‍ പ്രദേശ്‌, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ ബംഗാള്‍ ഏറെ മുന്നിലാണെന്നു കാണാം. ബംഗാളി ജനസംഖ്യയിലെ 25 ശതമാനത്തോളം മുസ്ലിംകളാണ്‌. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനമാണത്‌. ഹിന്ദു-മുസ്ലിം മതമൈത്രിയില്‍ മാതൃകാപരമായ സ്ഥാനം ബംഗാളിനുണ്ട്‌ എന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. വിരുദ്ധമായ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവാം. പാകിസ്‌താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള കുടിയേറ്റക്കാരോടും സൗഹാര്‍ദപൂര്‍ണമായ സമീപനമാണുള്ളത്‌.
ബംഗാളിലെ മതമൈത്രിക്ക്‌ സി.പി.എം അതിന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. പക്ഷേ, സി.പി.എം അധികാരത്തിലേറുന്നതിനു മുമ്പും കാര്യങ്ങള്‍ അങ്ങനെയൊക്കെ തന്നെയായിരുന്നു. ചരിത്രപരവും സാംസ്‌കാരികവുമായ ഘടകങ്ങളാണ്‌ ബംഗാളിലെ മതമൈത്രിയുടെ അടിസ്ഥാനം. ഇടതുപക്ഷം അധികാരത്തില്‍ നിന്നു മാറുന്നതു കൊണ്ടുമാത്രം അവിടെ വര്‍ഗീയ വാദികള്‍ കയ്യടക്കുമെന്ന്‌ കരുതാനാവില്ല. മാത്രമല്ല, വര്‍ഗീയ കക്ഷികളുമായി അകലം പാലിക്കാന്‍ മമത ബാനര്‍ജി ശ്രദ്ധവെക്കുമെന്നും പ്രതീക്ഷിക്കുന്നു.
ജാതി വ്യവസ്ഥിതിയുടെ കാര്യത്തിലും ബംഗാള്‍ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്‌. വിവാഹത്തിന്റെയും മറ്റും കാര്യത്തില്‍ ജാതി ഇന്നും നിലനില്‍ക്കുന്നുണ്ട്‌. പക്ഷേ, പൊതുസമൂഹത്തില്‍ നിന്ന്‌ അത്‌ അകലം പാലിക്കുന്നു. അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബംഗാളിലെ ജാതി തീരെ ചെറിയൊരു വിഷയമാണെന്നു കാണാം.

തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളും പാട്ടുകാരും സിനിമാക്കാരും ചിത്രകാരന്മാരുമെല്ലാം ഇക്കുറി തൃണമൂലിന്റെ ടിക്കറ്റില്‍ മത്സരിച്ച്‌ വിജയിച്ചിട്ടുണ്ട്‌. ഇടതുപക്ഷത്തോട്‌ ചാഞ്ഞുനിന്നിരുന്ന ബംഗാളിന്റെ സാംസ്‌കാരിക രംഗം കൈയടക്കുകയാണോ, സാംസ്‌കാരിക പ്രവര്‍ത്തകരെ അണിനിരത്തുന്നതിലൂടെ മമത ലക്ഷ്യമിടുന്നത്‌?

ബംഗാളി നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടാകുന്നത്‌ മമതയുടെ സര്‍ക്കാറിന്‌ ഗുണംചെയ്യും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകളോട്‌ വിയോജിച്ചിരുന്ന കലാകാരന്മാര്‍ക്ക്‌ മുഖ്യധാരയില്‍ ഇടംനേടാനുള്ള അവസരമാണിത്‌. ഭരണകൂടത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സ്ഥാനങ്ങളെല്ലാം തങ്ങളെ അന്ധമായി അനുകൂലിക്കുന്ന കലാകാരന്മാരെയാണ്‌ സി.പി.എം കുടിയിരുത്തിയിരുന്നത്‌. അതിനു മാറ്റം വരും. സാംസ്‌കാരിക സ്ഥാനങ്ങളില്‍ തൃണമൂല്‍ ആശയങ്ങളുടെ പിന്തുണക്കാര്‍ക്ക്‌ പ്രാതിനിധ്യം ലഭിക്കും.