3.10.07

വിജയന്‍ മാഷുടെ കൂടെ

2005 ജൂലൈയിലെ മുഷിഞ്ഞ ഒരു വൈകുന്നേരം. ദാറുല്‍ഹുദായുടെ പുറകുവശത്തെ തെങ്ങിന്‍ തോപ്പും ഫുട്ബോള്‍ ഗ്രൌണ്ടും വാഴത്തോട്ടവും നടന്നളന്ന് മതിലിനു മുകളിലെ കമ്പിവേലിയുടെ നിഴലിനും കാറ്റിനുമൊപ്പം വരുന്ന സായാഹ്നസൂര്യന്‍‌റെ വെളിച്ചവും കണ്ട്, പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ ആലോചിച്ചു നടക്കുകയായിരുന്നു ഞാന്‍. നടന്നു തീര്‍ക്കാനുള്ളിടമെല്ലാം പെട്ടെന്നു തീരുകയാണല്ലോ എന്നു തിരിച്ചറിഞ്ഞു തുടങ്ങിയ കാലമായിരുന്നു. മതവും മതേതരവും പഠിക്കുന്ന ഒരു മതവിദ്യാര്‍ഥിക്കുണ്ടാകുന്നതിനേക്കളുണ്ടായിരുന്നു അന്നത്തെ ഉല്‍ക്കണ്ഠകളും അസ്വസ്ഥതകളും. പത്തു കൊല്ലമായി ഒരേ വൃത്തത്തില്‍ കറങ്ങുന്ന ജീവിതത്തിന്‍‌റെ മടുപ്പ്. മതിലുകള്‍ക്കു മുകളില്‍ വെച്ചു കെട്ടിയ മുള്ളുകമ്പികള്‍ മനസ്സിലേക്കും നീണ്ടു വരുന്നുണ്ടോ എന്നൊരു തോന്നല്‍ വെറുതെ ഇടക്കിടെ ഉണ്ടായിക്കൊണ്ടിരുന്നു. ലൈബ്രറിയില്‍ ആഴ്ചപ്പതിപ്പുകള്‍ക്കും വിജ്ഞാനകോശങ്ങള്‍ക്കുമിടയില്‍,‍ പലകൈ മാറിവരുന്ന നല്ല പുസ്തകങ്ങള്‍ വായിക്കുന്ന ക്ലാസ്സ് നേരങ്ങളില്‍, സ്വയം കെട്ടിയിടാവുന്നതിന്‍‌റെ പരിധി വിട്ടാല്‍ പിന്നെ ശൂന്യമായിരുന്നു മനസ്സ്. ആ ശൂന്യതയെ കുടഞ്ഞു കളയാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു തുടങ്ങിയ തിരിച്ചറിവിന്‌റെയോ വഴിമാറലിന്‌റെയോ കാലം...
നടത്തമവസാനിച്ചു പതിവുപോലെ ഫുട്ബോള്‍ കാണാന്‍ നില്‍ക്കുമ്പോള്‍ റഊഫ് കടന്നുവന്നു. എന്നെക്കാളധികമായിരുന്നു അവനു ദാറുല്‍ഹുദായുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള പരാതികള്‍ എന്നതിനാല്‍ ആയിടെയാണു ഞങ്ങള്‍ സുഹൃത്തുക്കളാകുന്നത്. മടുപ്പിനെ വായന കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും കൊച്ചു കൊച്ചു വായനക്കൂട്ടങ്ങള്‍ കൊണ്ടും എക്സ്ട്രാ കരിക്കുലര്‍ കാര്യങ്ങള്‍ കൊണ്ടും മറികടക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നത് അവനാണ്. പരാതികള്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ക്കുകയും, പരിഹാരമില്ലാത്ത ഏകാന്തതയെ പരസ്പരം പകുത്തു നല്‍കുകയും ചെയ്തു। എന്നേക്കാള്‍ മൂന്നു വര്‍ഷം സീനിയറാണെങ്കിലും ഞങ്ങള്‍ക്ക് ഒരുമിക്കാന്‍ ഒന്നിലധികം പ്ലാറ്റ്ഫോമുകളുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ മുന്‍‌കയ്യെടുത്ത്, നിരുത്സാഹപ്പെടുത്തലുകളെയും ശല്യങ്ങളേയുമെല്ലാം മറികടന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തെളിച്ചം എന്ന മാസിക അവയിലൊന്ന്. ഏറ്റവും പ്രധാനവും അതു തന്നെയായിരുന്നു എന്ന് തോന്നുന്നു.
ഓഗസ്റ്റ് ലക്കം തെളിച്ചത്തിന്‍‌റെ വര്‍ക്കുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലായിരുന്നു ഞങ്ങള്‍. തെളിച്ചത്തിന്‍‌റെ പേരില്‍, അവസരം കിട്ടുമ്പോഴെല്ലാം കാമ്പസിനു പുറത്തു പോകാനും നനവിന്‌റെ പുതിയ ഇടങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ആ കാലം.
തെളിച്ചത്തിന്‌റെ പേരില്‍ എം എന്‍ വിജയന്‍ മാഷെ കാണാന്‍ പോവുക എന്ന ഒരാശയം റഊഫാണു എടുത്തിട്ടത്. സ്വാതന്ത്ര്യത്തെക്കുറിച്ചു മാഷിനെക്കൊണ്ടു സംസാരിപ്പിച്ചു മാസികക്കു കവര്‍ സ്റ്റോറിയാക്കാം. ആ പേരില്‍, ആ ചെലവില്‍ ദാറുല്‍ ഹുദായുടെ മടുത്തതും വരണ്ടതുമായ അന്തരീക്ഷത്തില്‍ നിന്നു രക്ഷപ്പെടാനുള്ള ഒരിടം ഓര്‍മയിലെങ്കിലും സൃഷ്ടിക്കാം. മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ആത്മകഥയല്ലാതെ മറ്റൊന്നും വിജയന്‍ മാഷുടേതായി വായിച്ചിട്ടില്ലെങ്കിലും, മാഷെ കാണാന്‍ പോവുക എന്നത് എനിക്കും സന്തോഷകരമായിത്തോന്നി. ആ വൈകുന്നേരത്തെ ആശയം പിന്നീട് കുറേ യത്നങ്ങള്‍ക്കു ശേഷം സഫലമാകുമെന്നുവന്നു. കോളേജില്‍ നിന്നു അനുവാദം ലഭിച്ചു. വിജയന്‍ മാഷെ വിളിച്ചു ചെല്ലേണ്ട ദിവസവും സമയവുമുറപ്പിച്ചു.
‘സന്തോഷത്തിനും സ്നേഹത്തിനും പ്രാധാന്യം നല്‍കുന്ന ഒരാളുടെ അടുത്തേക്കാണു നമ്മള്‍ പുറപ്പെടുന്നത്.’ ദാറുല്‍ഹുദായുടെ ഗേറ്റു കടന്നു പുറത്തേക്കു വരുമ്പോള്‍ റഊഫ് എന്നോടു പറഞ്ഞു. ആ പ്രഭാതത്തിനു മീതെ മഴ പെയ്യുന്നുണ്ടായിരുന്നു. രാവിലെ 12 മണിക്കു കൊടുങ്ങല്ലൂരിലെത്താനായിരുന്നു മാഷ് പറഞ്ഞത്. പു കസയിലെ രാജിയും പാര്‍ട്ടിയില്‍ നിന്നു പുറത്താവലും മറ്റുമായി മാഷ് മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന കാലമാണ്. അനാരോഗ്യം വകവെക്കാതെ പ്രസംഗിച്ചും പ്രസ്താവനകളിറക്കിയും സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ കള്ളനാണയങ്ങളെ മാഷ് വെളിച്ചത്തു കാട്ടിക്കൊണ്ടിരിക്കുന്ന ആ ദിവസങ്ങളില്‍ ഒരു അഭിമുഖം, അതും ലോകപരിചയം തീരെയില്ലാ‍ത്ത ഞങ്ങള്‍ക്കു അനുവദിച്ചു കിട്ടിയതു തന്നെ അല്‍ഭുതമായിരുന്നു।
സ്ഥലകാലങ്ങളെക്കുറിച്ചും, സമയത്തെക്കുറിച്ചുമുള്ള ബോധം ഗൌരവമായി വെച്ചു തുടങ്ങിയിട്ടില്ലാത്ത ഞങ്ങള്‍ പരപ്പനങ്ങാ‍ടി സ്റ്റേഷനില്‍ നിന്നു പരശുറാം എക്സ്പ്രസ് കയറുന്നത് 9.15 ന്‍. മുക്കിയും മൂളിയും ഞരങ്ങിയും അരിച്ചും തീവണ്ടി തൃശൂരെത്തുമ്പോള്‍ 1 മണിയായിരുന്നു. അവിടെ നിന്നു ഒരു മണിക്കൂറിലധികം യാത്രയുണ്ടു കൊടുങ്ങല്ലൂരിലേക്ക്. ഓടിയും കിതച്ചും ബസ് സ്റ്റാന്‍ഡിലെത്തി മാഷിനു വിളിച്ചു. ഞങ്ങള്‍ വരുന്നതും കാത്തിരിക്കുകയായിരുന്ന ആ വലിയ മനുഷ്യനോട് ഞ്ങ്ങള്‍ തൃശൂരെത്തിയതേയുള്ളൂ എന്നു അറിയിക്കേണ്ട ഉത്തരവാദിത്വം റഊഫ് ഏറ്റെടുത്തു.
‘എവിടെയായിരുന്നു ഇതുവരെ?‘ ആഴത്തില്‍ നിന്നു വരുന്നതെന്നു തോന്നിക്കുന്ന ശബ്ദം ഫോണിലൂടെ മുഴങ്ങി.
‘ഞങ്ങള്‍ ട്രെയിനിലാണു വന്നത്. വണ്ടി പതുക്കെ….‘ റഊഫ് പറഞ്ഞു.
‘അതു ശരി. തീവണ്ടിയില്‍ സുഖിച്ച് വരികയായിരുന്നു അല്ലേ?‘ മാഷിന്‍‌റെ സംസാരം കേട്ട് ഞങ്ങള്‍ ശരിക്കും ഭയന്നു. 2 മണിയോടെ മാഷ് കോഴിക്കോട്ടേക്കു പുറപ്പെടുകയാണെന്നും ഇന്നിനി സംസാരിക്കാന്‍ നേരമില്ലെന്നും വിജയന്‍ മാഷ് അറിയിച്ചു. റഊഫും ഞാനും ഫോണിലൂടെ മാറിമാറി അപേക്ഷിച്ചു നോക്കിയെങ്കിലും സംസാരിക്കാന്‍ പറ്റില്ല എന്ന തീരുമാനം മാറ്റാന്‍ മാഷ് തയ്യാറായില്ല.
ഏതായാലും ഇത്രടം വന്നതല്ലേ, വരുന്നതു വരട്ടേ എന്നു കൊടുങ്ങല്ലൂരേക്കു ബസ്സുകയറി. കൊടുങ്ങല്ലൂരു നിന്നും ഓട്ടോ പിടിച്ചു ‘കരുണ’യിലെത്തുമ്പോള്‍ ഭാഗ്യം, മാഷ് പുറപ്പെട്ടിട്ടില്ല. കാറു മുറ്റത്തു കിടപ്പുണ്ട്. വീട്ടില്‍ മക്കളോ ബന്ധുക്കളോ മറ്റാരോ ഉണ്ട്. സംസാരിക്കാന്‍ സമയമില്ല എന്നു തന്നെയാണു വിജയന്‍ മാഷ് ഞങ്ങളെ കണ്ടപ്പോഴും അതേ കനമുള്ള ശബ്ദത്തില്‍ പറഞ്ഞത്.
അവിടെ എവിടെയെങ്കിലും മുറിയെടുക്കാമെന്നും പിറ്റേന്നു സംസാരിക്കാന്‍ അനുവദിക്കാമോ എന്നും ഞങ്ങള്‍ കെഞ്ചി നോക്കി. ഇന്നു പോയാലിനി രണ്ടു നാള്‍ കഴിഞ്ഞേ മടങ്ങൂ എന്നദ്ദേഹം.
നിരാശയോടെ മടങ്ങാനിറങ്ങിയ ഞങ്ങളോട് ‘ഊണു കഴിച്ചതാണോ’ എന്നു അന്വേഷിച്ചു മാഷ്. അഭിമുഖം കിട്ടില്ലെന്ന നിരാശയില്‍, ഇല്ലെന്നോ ഉണ്ടെന്നോ പറയണമെന്നറിയാതെ നില്‍ക്കുന്ന ഞങ്ങളെ മാഷ് അകത്തേക്കു വിളിച്ചു. വാര്‍ധക്യത്തിന്‌റെ ഐശ്വര്യമുള്ള സ്നേഹം കൊണ്ട് മാഷിന്‍‌റെ ഭാര്യ ഞങ്ങള്‍ക്കു പച്ചരിച്ചോറും കൂട്ടാനും വിളമ്പി. ഒപ്പം നിന്നു നിര്‍ബന്ധിച്ച് വീണ്ടും വീണ്ടും വിളമ്പിത്തന്നു.
ഊണു കഴിഞ്ഞ ഉടന്‍ മാഷ് ഞങ്ങളെ സിറ്റൌട്ടിലേക്കു വിളിച്ചു. സമയത്തിന്‍‌റെ വില പറഞ്ഞു മനസ്സിലാക്കി. പുറപ്പെടാനുള്ള നേരം അതിക്രമിച്ചിട്ടും ഞങ്ങളോടു സ്വാതന്ത്ര്യത്തെക്കുറിച്ചും മറ്റും സംസാരിച്ചു. ഗാംഭീര്യമാര്‍ന്ന ആ മുഖത്ത് ക്ഷീണത്തിന്‍‌റെ ചാലുകള്‍ കാണാമായിരുന്നു.
പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം മാഷ് ചിരിച്ചു ഒഴിഞ്ഞുമാറി. പാര്‍ട്ടി ജനങ്ങളുടേതാണെന്നും, പാര്‍ട്ടീയില്‍ നിന്നു പുറത്താകുക എന്നാല്‍ ലോകത്തു നിന്നു പുറത്താകുക എന്നല്ലെന്നും വിജയന്‍ മാഷ് പറഞ്ഞു. പാര്‍ട്ടിയിലേക്കു ഒരു മടക്കം അസാദ്ധ്യമല്ല എന്ന രീതിയിലായിരുന്നു സംസാരം, മുഴുനേരവും.
‘മാഷ് പാര്‍ട്ടിയിലേക്കു മടങ്ങുമോ’ റഊഫ് ചോദിച്ചു.
എല്ലാ ചോദ്യങ്ങളേയും മുക്കിക്കളയുന്ന ഒരു ചിരിയായിരുന്നു അതിനുള്ള ഉത്തരം.
അതിനു ശേഷം മാഷ് മക്കളോടൊപ്പം യാത്ര പുറപ്പെട്ടു.
നിറഞ്ഞ മനസ്സുമായി തിരിച്ചു പോകാനിറങ്ങിയ ഞങ്ങളെ, നിങ്ങളെ രണ്ടുപേരെയും കൊടുങ്ങല്ലൂരിറക്കി വിടാം എന്നു പറഞ്ഞു നിറഞ്ഞ കാറില്‍ കയറ്റി. മുന്നിലെ സീറ്റില്‍ എനിക്കു ഇരിക്കാന്‍ വേണ്ടി ആ മഹാമനുഷ്യന്‍ ഒതുങ്ങിയിരുന്ന കാഴ്ച എങ്ങനെ മറക്കാനാണ്‍?
അഭിമുഖം നടത്തിയതു തെളിച്ചത്തിനു വേണ്ടി എഴുതാന്‍ റഊഫിനായില്ല. അനിവാര്യമായ ചില കാരണങ്ങളാല്‍ പിറ്റേന്നു തന്നെ ദാറുല്‍ഹുദാ അവനെ പുറത്താ‍ക്കി. അവന്‍ വിട പറഞ്ഞു പോകുന്നതു കാണാന്‍ ഞാനന്ന് അവിടെ ഉണ്ടായിരുന്നില്ല.
പിന്നീട്, റഊഫിനു ജവഹര്‍ലാല്‍ നെഹ്രു യൂനിവേഴ്സിറ്റിയില്‍ പി ജിക്ക് അഡ്മിഷന്‍ കിട്ടി. അവന്‍ പഠിപ്പിന്‌റെ തിരക്കുകളിലേക്കു പോയി. അതിനിടയില്‍ ദാറുല്‍ഹുദാ എന്നെയും പുറന്തള്ളി. അതിനിടയിലെ കത്തെഴുത്തുകളിലും സംഭാഷണങ്ങളിലും കൊടുങ്ങല്ലൂരേക്ക് ഒരിക്കല്‍ കൂടി പോകാനുള്ള ആഗ്രഹം ഞങ്ങള്‍ സജീവമായി പങ്കു വെച്ചിരുന്നു. ഇടക്കെപ്പോഴോ മാഷിനു രോഗം കലശലായപ്പോള്‍ മനസ്സ് പ്രാര്‍ഥനാ നിര്‍ഭരമാ‍യിരുന്നു.
ഒടുവില്‍ ഈ ജൂണിലാണു വീണ്ടും വിജയന് മാഷിനെ തേടി തൃശൂരിലേക്കു പുറപ്പെടുന്നത്. പഴയ അതേ മഴക്കാലം. അതേ പരശുറാം എക്സ്പ്രസ്സ്. റഊഫിനും എനിക്കുമൊപ്പം ഷരീഫുമുണ്ടായിരുന്നു. ഞങ്ങളെക്കൂടാതെ മുമ്പു പലതവണ മാഷെ കാണാന്‍ പോയിട്ടുള്ളതാണു ഷരീഫ്.
ഇത്തവണ മാഷിന്‌റെ മുഖത്ത് പഴയ പ്രസരിപ്പു കണ്ടില്ല. പ്രതിദ്ധ്വനി പോലുള്ള ആ സ്വരത്തില്‍ ഇടര്‍ച്ച വ്യക്തമായിരുന്നു. പലപ്പോഴായി വന്നു ശല്യം ചെയ്തു കൊണ്ടിരുന്ന രോഗം മാഷിനെ അത്രമേല്‍ ബാധിച്ചിരുന്നു. എങ്കിലും സംസാരിച്ചു തുടങ്ങിയപ്പോള്‍ ആ പഴയ വിപ്ലവകാരി മടങ്ങി വന്നു. രോഗത്തെക്കുറിച്ചു പറഞ്ഞു തുടങ്ങി, മഴയിലൂടെയും പ്രകൃതിയിലൂടെയും കമ്മ്യൂണിസത്തിലൂടെയും സംസാരം കടന്നു പോയി. രോഗക്കിടക്കയില്‍ മരണത്തെ മുന്നില്‍ കണ്ടതു മാഷ് വിവരിച്ചു. വി എസ് അച്യുതാനന്ദനെക്കുറിച്ചും അദ്ദേഹത്തിന്‌റെ ഊര്‍ജസ്വലതയെക്കുറിച്ചും പറഞ്ഞു.
ഒരിക്കല്‍ ഏതോ നാട്ടില്‍ ഒരു പ്രോഗ്രാമിനു ചെന്നപ്പോള്‍ അവിടെ ദൂരെ ഒരു കുന്നിന്‍ മുകളിലേക്കു സംഘാടകര്‍ ചൂണ്ടിക്കാണിച്ചതിനെക്കുറിച്ചു മാഷ് പറഞ്ഞു. കയറിപ്പറ്റാന്‍ ഏറെ ബുദ്ധിമുട്ടുള്ള അവിടെ വീ എസ്സും സംഘവും നില്‍പ്പുണ്ടായിരുന്നതു കണ്ടു മാഷ് വിസ്മയിച്ചു പോയത്രേ. വീ എസ്സിന്‍‌റെ നിശ്ചയ ദാര്‍ഡ്യത്തെ എതിര്‍ത്തു തോല്‍പ്പിക്കാനാവില്ലെന്നു വിജയന്‍ മാഷ് ആണയിട്ടു പറഞ്ഞു. പിണറായി വിജയനെക്കുറിച്ചും കുറച്ചെങ്കിലും പറഞ്ഞു, ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്ന പോലെ എതിര്‍ത്തു കൊണ്ടല്ല. ഏറെ വാത്സല്യത്തോടെ.
ജനശക്തിയിലെയും സമകാലിക മലയാളത്തിലെയും കോളമെഴുത്തിനെക്കുറിച്ചും മാഷ് സംസാരിച്ചു. മൂന്നാറു മുതല്‍ അമേരിക്കയും ഇറാക്കും വരെ പോയി. ഇടക്ക് ആ പഴയ ഉച്ചത്തിലുള്ള ചിരി ചിരിച്ചു. എങ്കിലും രോഗം വരുത്തിയ മാറ്റങ്ങള്‍ ആ മുഖത്തും ശരീരത്തിലും കാണാ‍മായിരുന്നു.
ഇനിയും വരുമെന്നു പറഞ്ഞാണു മടങ്ങിയത്. സന്തോഷത്തോടെ മാഷ് ഞങ്ങളെ യാത്രയാക്കുകയും ചെയ്തു.
.
ഇടക്കൊരു ദിവസം വിശദാംശങ്ങളില്ലാതെ ‘വിജയന്‍ മരിച്ചു‘ എന്നൊരു വാര്‍ത്ത കേട്ടു. അത് എം എന്‍ വിജയന്‍ തന്നെയാണെന്ന്‍ ആരോ സ്ഥിരീകരിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ ആദ്യം ചെയ്തത് ഷരീഫിനു വിളിക്കുകയാണ്‍. ആരോടൊക്കെയോ വിളിച്ചു ചോദിച്ച്, മരിച്ചത് നടന്‍ വിജയനാണെന്നു അവന്‍ അറിയിച്ചു. വിജയന്‍ മാഷ് അത്ര പെട്ടെന്നൊന്നും മരിക്കില്ലല്ലോ എന്നു ഞങ്ങള്‍ പരസ്പരം പറഞ്ഞു. എത്രയും പെട്ടെന്നൊരിക്കല്‍ വിജയന്‍ മാഷെ കാണാന്‍ പോകണം എന്നു ഞങ്ങള്‍ തീരുമാനിക്കുകയും ചെയ്തു.
.
ഇന്നുച്ചക്കു, എം എന്‍ വിജയന്‍ പത്രസമ്മേളനത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍, മരിച്ചതു മറ്റാരോ ആയിരിക്കണമെന്ന പ്രാര്‍ഥനയുണ്ടായിരുന്നു ഉള്ളില്‍. എന്തു ചെയ്യാം, മരിച്ചതു മലയാളിയെ തിരിച്ചറിയുകയും തിരുത്തുകയും ചെയ്ത നമ്മുടെ സ്വന്തം വിജയന്‍ മാഷ് തന്നെയാണെന്നു സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ ആകെ ഒരു മരവിപ്പായിരുന്നു.
കൊടുങ്ങല്ലൂരിലേക്കൊരു യാത്ര ഇനിയുണ്ടാകുമോ?
ആ ചിരി, ആ മുഴങ്ങുന്ന ശബ്ദം, ആ വാ‍ത്സല്യം ഇനിയുണ്ടാവില്ലല്ലോ