13.8.07

അറബിക്കോളേജിലെ ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്കേസ്.

''ജിബ്‌രീല്‍ ഗൌസ് മര്‍ക്കസ്''
'അപരിചിത തീര്‍ഥാടകര്‍' എന്ന നീലച്ചട്ടയുള്ള പുസ്തകം എന്നെ കാണിച്ചു കൊണ്ട് യൂനുസ്‌ പറഞ്ഞു.
ചട്ടമേല്‍ അടിയില്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്.
എനിക്ക് മനസ്സിലായി. കിട്ടുന്ന പേരുകളെയെല്ലാം അറബിയിലാക്കി നോക്കുന്ന ഒരു ശീലം അന്ന് അറബിക്കോളേജു പിള്ളാരായ ഞങ്ങളുടെ ഇടയിലുണ്ടായിരുന്നു, ചുമ്മാ ഒരു രസത്തിന്. ഷേക്സ്പിയര്‍ ഷൈഖ് സുബൈറും, ഏബ്രഹാം ലിങ്കണ്‍ ഇബ്രാഹീം ലിങ്കാനും, ഗബ്രിയേല്‍ ഒമാര്‍ ബാറ്റിസ്റ്റ്യൂട്ട ജിബ്രീല്‍ ഉമര്‍ ബതിസ്താത്വയുമൊക്കെയായി താടിയും തലേക്കെട്ടും അതിന്‍മേലൊരു വട്ടും വെച്ചു നടക്കുന്നത് വെറുതെ സങ്കല്‍പ്പിക്കുമായിരുന്നു. അറബിക്കോളേജിനകത്തെ കിതാബോതിയും കണക്കും ഇംഗ്ലീഷും പഠിച്ചും ക്ലാസ്മുറികളില്‍ കഴിച്ചുകൂട്ടുന്ന പകലുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ഇന്‍റര്‍വെല്‍ നേരങ്ങളോ അലക്കാനോ കളിക്കാനോ ഇല്ലാത്ത വൈകുന്നേരങ്ങളിലോ ഉറങ്ങാതെ നീട്ടിക്കൊണ്ടു പോകാവുന്ന ലൈബ്രറി്‌റീഡിങ്ങ് റൂം രാത്രികളിലോ മറ്റോ ഉണ്ടാകുന്ന, മറ്റുള്ളവര്‍ സാഹിത്യം എന്ന് വിളിച്ചിരുന്ന, വായനയും അതിനെക്കുറിച്ചുള്ള വര്‍ത്താനങ്ങളും നിറഞ്ഞ ഒരു ബന്ധമായിരുന്നു ഞാനും യൂനുസും തമ്മില്‍.
പതിനൊന്നേക്കര്‍ കാമ്പസിനകത്ത് വെള്ളവസ്ത്രത്തില്‍ സ്വയം പൊതിഞ്ഞ് തൊപ്പിക്കു കീഴെ ജീവിച്ചു പോന്ന ആയിരക്കണക്കിനു പേരില്‍ ചിലര്‍ക്കെങ്കിലും ഞങ്ങളെപ്പോലെ വായനാ ശീലം പകര്‍ന്നു കിട്ടിയിരുന്നു. എം.ടിയെയും പദ്മനാഭനെയും മാധവനെയും മലയാളത്തെയും മറികടന്ന് ഞങ്ങളുടെ കഥകള്‍ ഒ.ഹെന്‍റിയിലേക്കും ഹെമിംഗ്‌വേയിലേക്കും കോര്‍ത്താസാറിലേക്കും മറ്റും എത്തിപ്പെട്ടിരുന്നു. കവിതാ വര്‍ത്തമാനങ്ങളില്‍ മലയാളത്തിലെ പുതുകവികള്‍ വരെ പരല്‍മീനിന്‍ ഇമയിളക്കങ്ങളും ചെടികളുടെ തീരെ ചെറിയ ഇനം രോദനങ്ങളുമായി വന്നു നിന്നു. പുറത്തെ വര്‍ണശബളമായ കാമ്പസ്സുകളിലുണ്ടായിരുന്നതിനേക്കാള്‍ 'സാഹിത്യ ബോധ'വും 'തന്‍റേട'വുംഉണ്ട് വെറും വെള്ളയിലുള്ള ഞങ്ങള്‍ക്ക് എന്ന ചെറിയൊരു അഹങ്കാരവും ഞങ്ങള്‍ അനാവശ്യമായി സൂക്ഷിച്ചു പോന്നു.
പന്ത്രണ്ടു കൊല്ലത്തെ സുദീര്‍ഘമായ കോഴ്സായിരുന്നതിനാല്‍, സീനിയര്‍ ജൂനിയര്‍ ഭേദമില്ലാതെ അക്കോളേജില്‍ പഠിച്ച എല്ലാവരും എല്ലാവരെയും അറിയുമായിരുന്നു. മുതിര്‍ന്നവര്‍ ഇളമുറക്കാര്‍ക്ക് സാഹിത്യവും കലയും വരയുമൊക്കെ പകര്‍ന്നു നല്‍കി. ഖസാകിന്‍റെ ഇതിഹാസം മഹാസംഭവമാണെന്ന് തീരെ കൊച്ചുങ്ങളായ ഞങ്ങള്‍ അറിയുന്നത് ഇക്കാക്കമാര്‍ പറഞ്ഞാണ്. കേശവന്‍റെ വിലാപങ്ങളും രണ്ടാമൂഴവും മറ്റുമൊക്കെ ചര്‍ച്ച ചെയ്യുന്നിടങ്ങളില്‍ വിവരം വെച്ചു തുടങ്ങിയിട്ടില്ലാത്ത ഞങ്ങള്‍ക്കും ഇടം കിട്ടി. യൂനുസ് എന്‍റെ നാലു കൊല്ലം സീനിയറാണ്. എന്നിട്ടും വായിച്ചതും എഴുതിയതും ചിന്തിച്ചതും പരസ്പരം പറയുന്നതില്‍ നിന്ന് ഒന്നും ഞങ്ങളെ വിലക്കിയില്ല.
മാര്‍ക്കേസിനെ ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് അന്ന് യൂനുസ് പറഞ്ഞാണ്. ഖസാക്ക് വായിക്കുമ്പോള്‍ ശരിക്കും മനസ്സിലാവാത്ത അന്നത്തെ ഇയാളില്‍ എനിക്ക് വലിയ താല്‍പര്യമൊന്നും തോന്നിയില്ല. പിന്നീട് കുറെ പേരില്‍ കറങ്ങിത്തിരിഞ്ഞ് 'അപരിചിത തീര്‍ഥാടകര്‍' എന്‍റെ കയ്യിലെത്തുന്നത് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞാണ്. അതിനിടയില്‍ അനേകം തവണ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍', 'കോളറക്കാലത്തെ പ്രണയം' എന്നൊക്കെ കേട്ടിരുന്നെങ്കിലും അതൊന്നും എന്താണെന്നോ എന്താണെന്നോ അറിയാനുള്ള താല്‍പര്യം വന്നു ചേര്‍ന്നില്ല. ഒന്നാമത് മടി, പിന്നെ അതൊന്നും എനിക്ക് മനസ്സിലാവുന്ന കാര്യമല്ലെന്നുള്ള ബോധവും.
ഒരു കൊല്ലപ്പരീക്ഷാ കാലത്താണെന്ന് തോന്നുന്നു, തീര്‍ഥാടകര്‍ വായിക്കുന്നത്. മാര്‍ക്കേസിന്‍റെ വിലയറിഞ്ഞിട്ടൊന്നുമല്ല, മനസ്സിലാവുന്നെങ്കില്‍ ആവട്ടെ എന്നേ കരുതിയിള്ളൂ. പതിവു പ്രകാരം, ഉള്ളടക്കം പേജില്‍, വായിച്ചവര്‍ ഇട്ടുവെച്ച അടയാളങ്ങളെ പിന്തുടര്‍ന്ന് 'ഉറങ്ങുന്ന സുന്ദരിയും വിമാനവും' എന്ന കഥയില്‍ എത്തി. സാഹിത്യത്തിലെ ക്രാഫ്റ്റിനെക്കുറിച്ചും കടിച്ചാല്‍ പൊട്ടാത്ത സംജ്ഞകളെക്കുറിച്ചും ഇന്നും വലിയ വിവരമൊന്നുമില്ലാത്ത ഞാന്‍ ആ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ തന്നെ മാര്‍ക്കേസിനാല്‍ കീഴടക്കപ്പെട്ടു പോയി എന്നത് സത്യം.
'മഞ്ഞില്‍ വീണ നിന്‍റെ ചോരപ്പാടുകള്‍' നീണ്ട ഒരു കഥയാണ്. മൈലുകളോളം നീണ്ടു കിടക്കുന്ന മഞ്ഞു വീണ വഴിത്താരയില്‍ നീന ഡാക്കോണ്ടിന്‍റെ രക്തം ഒരു വരയായി പതിഞ്ഞു കിടക്കുന്നത് സങ്കല്‍പ്പിച്ച് ഞാന്‍ അവളുടെ ഭര്‍ത്താവായ ബില്ലി സാഞ്ചെസ്സിനോളം തന്നെ ചകിതനായി.
അങ്ങനെ ഒരു കഥ എഴുതാന്‍ അറബിക്കോളേജിന്‍റെ നാലുകെട്ടിനകത്തു നിന്നു രക്ഷപ്പെട്ട് ലോകത്തിന്‍റെ ഏതറ്റം വരെ പോയാലും പോയാലും എനിക്ക് ഒരിക്കലും ആവില്ലല്ലോ എന്നോര്‍ത്ത് ദു:ഖിച്ചു. കഥയിലെ കണ്ടന്‍റ്‌ മാത്രം മനസ്സിലാക്കാന്‍ താല്‍പര്യപ്പെടുന്ന വായനക്കാരില്‍ ഒരു കൌതുകവും ജനിപ്പിച്ചിട്ടില്ലാത്ത, പെരുമാറ്റത്തിന്‍റെ അടയാളങ്ങള്‍ വളരെ കുറച്ചു മാത്രം കാണുന്ന മറ്റു കഥകളിലേക്ക് ചെന്നപ്പോള്‍ വിസ്മയം കൊണ്ട് കണ്ണു മിഴിഞ്ഞു. 'പ്രസിഡന്‍റിനു ശുഭയാത്ര', തീവ്രമായ ജീവിതാനുഭവങ്ങളൊന്നും അന്നില്ലാതിരുന്ന എന്നെ സങ്കടപ്പെടുത്തി. 'ഒന്നു ഫോണ്‍ വിളിക്കാന്‍, അത്ര മാത്രം' കരയിച്ചു, 'മിസ്‌ ഫോര്‍ബ്സിന്‍റെ ഉല്ലാസകാലം' ഭയപ്പെടുത്തി. പകല്‍ ക്ലാസ്സെടുക്കുന്ന ഉസ്താദിന്‍റെ കണ്ണുവെട്ടിച്ചും, വൈകുന്നേരം കളിക്കാന്‍ പോകാതെയും, രാത്രി ഏറെ വൈകുംവരെയും ആ പുസ്തകം പല ആവര്‍ത്തി വായിച്ചു. കഥാപാത്രങ്ങളും ചുറ്റുപാടുകളും എന്‍റെ സ്വന്തം എന്ന പോലെ പഴകി.
ജീവിതത്തില്‍ എന്നെങ്കിലും എത്തിപ്പെടുമെന്ന് പ്രതീക്ഷ പോലുമില്ലാത്ത ലാറ്റിനമേരിക്കയും അവിടത്തെ ഉച്ചയുറക്കങ്ങളും കൊടും ചൂടും തെരുവുകളും മനസ്സില്‍ അറിയാതെ വളര്‍ന്നു വലുതായി. അതു വരെ മറഡോണയെയും അര്‍ജന്‍റൈന്‍ ടീമിനെയും ഇഷ്ടപ്പെടുകയും ബ്രസീലിനെയും പെലെയെയും അകാരണമായി വെറുക്കുകയും ചെയ്തിരുന്ന തലത്തില്‍ നിന്ന്, ആ ഭൂഖണ്ടം ഒരു സമസ്യയായി വളര്‍ന്നു.
മാര്‍ക്കേസിന്‍റെ ആ ഒരൊറ്റ പുസ്തകം വലിയൊരു ലോകത്തിലേക്കുള്ള വാതിലാണു തുറന്നത്.
ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ക്കും കോളറാക്കാലത്തിനും വേണ്ടിയുള്ള അന്വേഷണമായിരുന്നു പിന്നെ. മാസത്തില്‍ മൂന്നു ദിവസം മാത്രം പുറംലോകം കാണാനാകുന്ന ആ കോളേജില്‍, പക്വതയെത്തിയിട്ടില്ലാത്ത ആ ചെറുപ്രായത്തില്‍ എന്‍റെ ഏറ്റവും തീവ്രമായ അന്വേഷണം പോലും ഫലം കാണാനുള്ള സാധ്യത വിദൂരമായിരുന്നു. ക്ഷമയോടെ കാത്തിരിക്കുക മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന വഴി.
എന്‍റെ ആഗ്രഹത്തിന്‍റെ തീവ്രത മൂലമാകണം ഏകാന്തത അധികം വൈകാതെ വന്നുപെട്ടു. ഏറെപ്പേരുടെ ഉപയോഗം മൂലം അകാലത്തില്‍ പഴകിപ്പോയ അതിനെ വിലകോടുത്താണു ഞാന്‍ സ്വന്തമാക്കിയത്. പൂര്‍ണമായ വിശ്വാസത്തോടെയും ആത്മാര്‍ഥതയോടെയും ഞാന്‍ സ്വന്തമാക്കുന്ന ആദ്യത്തെ പുസ്തകമാണത്.
തീര്‍ഥാടകരുടെ വഴിയായിരുന്നില്ല ഏകാന്തതക്ക്. കഥകളില്‍ നിന്നും നോവലിലേക്ക് മാറുമ്പോള്‍ മാര്‍ക്കേസ് ഏറെ മാറുന്നുണ്ടെന്ന് തിരിച്ചരിയാന്‍ പഠിഞ്ഞിട്ടില്ലാത്ത, മലയാളത്തിലെ മഹാഗ്രന്‍ഥങ്ങള്‍ പോലും വായിച്ചിട്ടില്ലാത്ത എന്നെ ആ നോവലിലെ വംശപരമ്പരയും സംഭവങ്ങളുടെ മാജിക്കും ആകെ തളര്‍ത്തിക്കളഞ്ഞു. എന്നിട്ടും വാശിയോടെ വായിച്ചു, വീണ്ടും വീണ്ടും... ആര്‍ക്കേടിയോയുടെ യാത്രകളും മെല്‍ക്കിയാടിസിന്‍റെ ഭൂതക്കണ്ണാടിയും ഉര്‍സുലാ ഇഗ്വറാന്‍റെ കേക്കുകളും വഴങ്ങിക്കിട്ടാന്‍ പല ആവര്‍ത്തികള്‍ വായിക്കേണ്ടി വന്നു. റെമെഡിയോസ് സുന്ദരി ആകാശത്തിലേക്കുയര്‍ന്നു പോയതിലെ കവിത പിടികിട്ടിയത് പിന്നെയും കാലങ്ങള്‍ കഴിഞ്ഞാണ്... മതില്‍ ചാടുമ്പോള്‍ വെടികൊണ്ടു മരിച്ച കാമുകനും സ്വന്തം ഏകാന്തതയില്‍ ഉരുകിയുരുകിത്തീര്‍ന്ന റബേക്കയും എന്നേക്കുമായി ഉള്ളില്‍ ഉറച്ചു തീര്‍ന്നു.
പിന്നേയും കുറെ കഴിഞ്ഞെത്തിയ കോളറക്കാലത്തെ പ്രണയമാണ്` മാര്‍ക്കേസിന്‍റെ പുസ്തകങ്ങളില്‍ എന്നെ ഏറ്റവുമാഴത്തില്‍ പിടികൂടിയത്. കൌമാരത്തിന്‍റെ ഉല്‍കണ്ഠകള്‍ക്കും ആകാംക്ഷകള്‍ക്കും മീതെ ചിറകു വിരിച്ചു നിന്ന ഫ്ലോറന്‍റിനോ അരിസയും ഫെര്‍മിന ഡാസയും കൂടി മാര്‍ക്കേസിലേക്ക് ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം എന്നെ പിടിച്ചു കെട്ടി. പിന്നീട്, കോളറക്കാലത്തിന്‍റെ ഇംഗ്ളീഷ് റിയാസ് എത്തിച്ചു തന്നു.
മാര്‍ക്കേസിനെ തെരഞ്ഞു കൊണ്ടുള്ള അലച്ചിലായിരുന്നു പിന്നീടുള്ള എന്‍റെ പുസ്തകാന്വേഷണങ്ങള്‍ എന്നു പറയാം. ജനറല്‍ ഇന്‍ ഹിസ് ലാബറിന്ത്, നോ വണ്‍ റൈറ്റ്സ് റ്റു കേണല്‍ എന്നീ പുസ്തകങ്ങളിലേക്കെത്തുമ്പോഴേക്ക് ഇംഗ്ളീഷ് വഴങ്ങിത്തുടങ്ങിയിരുന്നു.
മാര്‍ക്കേസിനെ പരിചയപ്പെട്ട ശേഷം പുറത്തു വന്ന ലിവിങ് റ്റു ടെല്‍ ദെ ടെയ്‌ല്‍ ഗാബോയുടെ എഴുത്തിലേക്ക് കൂടുതല്‍ വെളിച്ചം തരുന്നുണ്ടായിരുന്നു. ശരീഫാണ്` ആ കട്ടിപുസ്തകം തന്നത്. ഹിറാ സെന്‍ററില്‍ നിന്നു കണ്ട അതിന്‍റെ കോപ്പിയില്‍ നിന്ന് അനേകം പേജുകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വായന തുടങ്ങിയതാണ്. ഇപ്പോള്‍ കൂടെ ഇരിക്കുന്നുണ്ടായിട്ടും അരിച്ചരച്ചും കണ്ണൂന്നിയുമുള്ള വായന തീരുന്നില്ല. ഓര്‍മക്കളുടെ ബാല്യകാലം പൊടി പറ്റിക്കിടക്കുന്ന ജന്മനാട്ടിലേക്ക് 21ആം വയസ്സില്‍ വീടു വില്‍ക്കാന്‍ വേണ്ടി അമ്മയോടൊപ്പം തിരിച്ചെത്തുന്ന ഗാബോ ഇപ്പോള്‍ എന്‍റെ കൂടെ ഉണ്ട്. ഓരോ വാക്കും സൂക്ഷിച്ച്, പരിപൂര്‍ണമാണെന്ന വിധത്തിലുള്ള ഗബോയുടെ എഴുത്ത് വായിക്കുമ്പോഴുള്ള സംത്രിപ്തി മറ്റെവിടെ നിന്നും കിട്ടിയിട്ടില്ല ഇതേ വരെ.
ഒരു സങ്കടമുണ്ട്, മെമ്മറി ഓഫ് മെലാങ്കളി വോര്‍സിനു വേണ്ടി അതിറങ്ങിയ നാള്‍ തൊട്ട് അന്വേഷിക്കുന്നുണ്ട്. കയ്യകലത്തിലുണ്ടെങ്കിലും ഓരോ സാഹചര്യങ്ങളുടെ പ്രശ്നങ്ങള്‍ കാരണംഅത് ഇനിയും വായിക്കാനായിട്ടില്ല.
ദാറുല്‍ഹുദായില്‍ നിന്നു പുറത്താക്കപ്പെട്ട് ജീവിതത്തിന്‍റെ ചൂട് അറിഞ്ഞും അനുഭവിച്ചും തുടങ്ങിയ ഈ കാലത്തും, പകലത്തെ പണി കഴിഞ്ഞു ഉറക്കപ്പിച്ചുമായി മുറിയിലേക്ക് ചെല്ലുമ്പോള്‍ ജനല്‍പ്പടിയിലിരിക്കുന്ന no one writes to colonelന്‍റെയോ Living to tell the taleന്‍റെയോ, leaf stormന്‍റെയോ പുറഞ്ചട്ടമെല്‍ Gabriel Garcia marquez എന്നു കാണുമ്പോള്‍ ജിബ്രീല്‍ ഗൌസ് മര്‍ക്കസ് എന്നു വിദൂരതയില്‍ നിന്ന് ആരോ പറയുന്നത് കേള്‍ക്കുന്നു। 'ജിബ്രീല്‍ ഗൌസ്‌ മര്‍ക്കസ്.' അപ്പോള്‍ അന്തം വെച്ചു തുടങ്ങിയിട്ടില്ലാത്ത, വായനയില്‍ വെറും ശിശുവായ ഒരുത്തനിലേക്ക് മാന്ത്രികപ്പരവതാനി വിരിച്ച് ഇറങ്ങി വരുന്ന ഗാബോയെ ഞാന്‍ കാണുന്നു.

14 comments:

 1. മാര്‍ക്കേസ്. എന്‍റെ വായനാനുഭവം.

  ReplyDelete
 2. അപ്പൊ.. മതവും പഠിച്ചില്ലേ? എന്തു തന്നെയായാലും മറ്റെന്തെങ്കിലും പഠിക്കനൊത്തല്ലൊ.. ഈ കാലഘട്ടത്തിലും പുസ്തകങ്ങള്‍ മരീചികയാവുന്നത് അചിന്തിനീയം തന്നെ... വായിച്ച് മുന്നേറുക... ആ വായനാനുഭവങ്ങളില്‍ നിന്ന് ഒരു എഴുത്തുകാരന്‍ ഉദയം ചെയ്യട്ടെ എന്നു ആശംസിക്കുന്നു...

  ReplyDelete
 3. സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട ആദമിന്‍റേയും ഗര്‍ഭപാത്രത്തില്‍ നിന്നും 
  പുരത്താക്കപ്പെട്ട കുഞ്ഞിന്‍റേയും നിസ്സഹായതയും 
  കുഞ്ഞുപിച്ചകളും 
  നമ്മെ ഇത്ര ദൂരം നടത്തിച്ചില്ലേടാ....
  എഴുതുക ആ കാലം....
  നിന്നെ എടുത്തെറിയുകയും 
  എന്നെ ഒഴിച്ചിടുകയും ചെയ്ത ദാറുല്‍ ഹുദ.
  അല്ല ആ കലാ ശാലക്ക്
  മറ്റെന്താ നമുക്കു വേണ്ടി ചെയ്യാന്‍ പറ്റുമായിരുന്നത് തിരിച്ചുപോവാന്‍ പറ്റാത്ത ഒരിടമായി
  ആ തെങ്ങിന്‍ തോപ്പുകളും  വാഴക്കുലത്തൊടികളും 
  ഉയരം വച്ച മതിലുകളും... 
  ഉണ്ണാനും ഉറങ്ങാനും ഉടുക്കാനും 
  കളഞ്ഞതിലേറെ സമയം 
  ഉര്‍സുലക്കൊപ്പവും ഫെര്‍മിനക്കൊപ്പവും  കത്തെഴുത്തു വിദഗ്ധനായ അരിസക്കൊപ്പവും കഴിച്ചു....
  അയാളില്‍ നിന്നല്ലേ
  കത്തെഴുത്തിന്‍റെ രോഗം 
  നമ്മെ ശരിക്കും ബാധിച്ചത്....
  കാലു വെന്തവരുടെ ന്റ്ത്തത്തിലാ
  നമ്മുടെ പഴയ ചങ്ങാതികള്
  അവരേക്കാള്‍ 
  ദറുല്‍ ഹുദ ഊട്ടിയത്
  നമ്മെയാണെടാ.....
  നീ എഴുത് ആ ശുഭ്ര വസ്ത്ര ച്ചമയങ്ങളുടെ അഴകുകള്‍ 
  വെള്ള തൊപ്പി വച്ച ആ കഴിഞ്ഞകാലം 

  ReplyDelete
 4. കൊള്ളാം ഷാഫീ ,
  ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു
  ഷാന്‍

  ReplyDelete
 5. ഏകാന്തയുടെ 100 വര്‍ഷങ്ങള്‍ വായിക്കാന്‍ പറഞ്ഞു തന്ന ഒരു അനിയനെ ഇപ്പൊള്‍ സ്നേഹപൂര്‍വം സ്മരിക്കുന്നു .,ഇഷ്ടമാവില്ല എന്നാണു ഞാന്‍ വിചാരിച്ചിരുന്നതു..പക്ഷെ ഉര്‍സുലയ് ഒക്കെ ഇന്നും മറക്കാന്‍ കഴിയുന്നില്ല ..പിന്നെ കോളറകാലം തിരഞ്ഞുപിടിച്ചു വായിക്കുകയായിരുന്നു..മാര്‍ക്വസിനെ മുഴുവന്‍ വായിച്ചിട്ടില്ല..പൊതുവെ മലയാളികളുക്കു മര്‍ക്വസിനെ പെട്ടെന്നു ഇഷ്ടപ്പെടുമെന്നു എന്റെ സുഹൃത്തു പറയുന്നു!

  വായന്യ്ക്കും എഴുത്തിനും ആശംസക്ള്‍
  qw_er_ty

  ReplyDelete
 6. വളരെ നന്നായി ഷാഫി. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

  ReplyDelete
 7. ഉമ്പാച്ചി, ഒരു കൂടിക്കാഴ്ചയിലാണ് ദാറുല്‍ഹുദാ വിദ്യാര്‍ത്ഥിയായിരുന്നെന്ന് വെളിപ്പെടുത്തുന്നത്. ഇപ്പോ മറ്റൊരു വിദ്യാര്‍ത്ഥിയേയും പരിചയപ്പെടാനൊത്തു.മാര്‍കേസിനേയും എം മുകുന്ദനേയും ദാറുല്‍ ഹുദായില്‍ നിന്നറിഞ്ഞു എന്ന് കേള്‍ക്കുമ്പോഴേ അദ്ഭുതം തോന്നുന്നു. കൂടുതല്‍ എഴുതികാണാന്‍ ആഗ്രഹിക്കുന്നു.സന്തോഷം തോന്നുന്നു.

  (തിരൂരിലെവിടെയാണ്?)

  ReplyDelete
 8. നന്നായിരിക്കുന്നു.
  ഞാന്‍ ആദ്യം വായിച്ചത് 100 വറ്ഷങ്ങളാണ്‍.അതിനെക്കാള്‍ ഇഷ്ടപ്പെട്ടു,കോളറാക്കാലം.ബി.എസ്.സി ഒന്നാം വറ്ഷം പഠിക്കുമ്പോള്‍ കോളറാകാലം വായിക്കാന്‍ കൊടുത്തതിന്റെ പിറ്റേന്ന് പുസ്തകവുമായി തിരികെ വന്ന് ‘ഇമ്മാതിരി ചീത്ത പുസ്തകം ഇനി തരരുത്’ എന്ന് കൂട്ടുകാരി പറഞ്ഞതോറ്ത്ത് ഇപ്പൊളും ചിരിവരുന്നു.

  ReplyDelete
 9. നന്നായി എഴുതിയിരിക്കുന്നു.
  Hundred Years of Solitude വായിച്ചിട്ടുണ്ട്.(അതിന്റെ മലയാ‍ള പരിഭാഷ.മൂലക്രുതിയുടെ ഭംഗി ഒരു പരിഭാഷക്കും അവകാശപ്പെടാനില്ല.). പക്ഷേ ശരിക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. ഞാനത്ര ആയിട്ടില്ലെന്ന് തോന്നുന്നു... പിന്നീട് ഇനിയും ശ്രമിക്കാം.
  :)
  പൊട്ടന്‍

  ReplyDelete
 10. @ sameer
  മതപഠനത്തിനായുള്ള ആ കാലം വല്ലാത്തൊരു കാലമായിരുന്നു കെട്ടോ. വല്ലതും പഠിച്ചിട്ടുണ്ടെങ്കില്‍ അവിടുന്ന് പഠിച്ചതേ ഉള്ളൂ
  .

  @
  ഉമ്പാച്ചി.
  മതിലിനു മുകളില്‍ നിവര്‍ത്തിക്കെട്ടിയ മുള്ളുകമ്പികളിലൂടെ കടന്നു വരുമ്പോള്‍ കാറ്റിനെ ചോര മണക്കുന്നു എന്ന് പറഞ്ഞു ഒരിക്കല്‍ ജമാല്‍. അവിടെ നനവുള്ളവര്‍ ഇല്ലാതാവില്ല.
  നീയുമെഴുത്. എന്നേക്കാളുണ്ടല്ലോ നിനക്കവിടെ ജീവിതം.
  നന്ദി.

  @ ചില നേരത്ത്.
  തിരൂരിനടുത്ത് കാരത്തൂരില്‍. അവിടെ നിന്നും കുറച്ചുണ്ട് ആനപ്പടി റോട്ടില്‍ ഉള്ളിലേക്ക്.

  @ ഉപാസന.
  ശരിയാണ്. കോളറാക്കലത്തിന്‍റെ ഇംഗ്ലീഷും മലയാളവും വെച്ചു വായിച്ചു നോക്കുക. ഭാഷകള്‍ കയറിയിറങ്ങുംതോറും ഓരോ സ്രിഷ്ടിയുടെയും ഗുണം കുറയും.

  @പ്രിയംവദ, പ്രമോദ്, ഉറുമ്പ്, ഷാന്‍
  നന്ദി, വളരെ വളരെ നന്ദി.

  ReplyDelete
 11. ഇന്ന് എന്‍റെ വിദ്യഭ്യാസം ഇങ്ങിനെയുള്ള ബ്ലോഗ്ഗുകളിലാണ്‌
  വിദ്യ അഭ്യസിക്കാന്‍ മറന്നു പോയ് ഞാന്‍

  നന്നയിട്ടുണ്ടു....ഇനിയും പ്രതീക്ഷികുന്നു.

  മന്‍സൂര്‍,നിലംബൂര്‍

  ReplyDelete
 12. iyaal bhayankara aalanallo ampada njaane

  ReplyDelete
 13. hi shafi, i just cant understand why u drae to blame and curse in between the lines an academy which facilitated us subsribtion of ideas from a vast and wide world, reading of greats like Marquez along with religious greats like Imam Ghazali and Navavi...i remember that i was blessed to go through the entire world of global literry classics while being at very early stages of Darul Huda, an instituion if i were not gifted to enter in i would have been doing some job somewhere after failing my 10th as it was the norm of most of my fellow villagers. I had not to go out of the darul Huda campus to eagerly enjoy the wild juice of 'Hundred Years of Solitude" i remember i had read it in the fifth year of my Darul Huda life...Now being a research student in JNU, the number one university of our country, i cherish my blessed years in Darul Huda, which taught me to well balance between religious and material like, as it taught me to balance between Marquez and Jahiz, Neruda and Abul Al al Ma'arry, Sartre and Gzali
  bye, Zubair Hudawi, JNU New Delhi

  ReplyDelete
 14. hi,
  shafi,
  it was pathetic that you made such comments on a well name and fame institution like Darul Huda,
  On such pitiable comments, we could learn between lines you may bowled out from there with your soiled, polluted and unclean works.
  At any coast, what I feel that you have no right at all to blame such institution even after at least you get a plat form to live.

  ReplyDelete

പ്രതികരണം