5.9.09

മഹാന്മാരുടെ ആള്‍ക്കൂട്ടവും മാഞ്ചസ്‌റ്റര്‍ സിറ്റിയും

ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റുകള്‍ അടഞ്ഞതിനു ശേഷം യൂറോപ്പിലെ ഫുട്‌ബാള്‍ ലീഗുകള്‍ വീണ്ടും തുടങ്ങിയിരിക്കുന്നു. ഓണവും നോമ്പുമൊക്കെ ആയതിനാലാവാം, എല്ലാ 'വര്‍ഷാദ്യ'ങ്ങളിലെയും പോലെ, തന്റെ ടീമിനു വേണ്ടി വാദിച്ചുകൊണ്ട്‌ ഒരു സുഹൃത്തും വിളിക്കുന്നില്ല. കളി കാണാന്‍ ആര്‍ക്കും നേരമില്ലെന്നു തോന്നുന്നു.

ഇഷ്ടങ്ങളുടെ നെടുകെ കത്തി പായിച്ചുകൊണ്ടാണ്‌ യൂറോപ്പിലെ ട്രാന്‍സ്‌ഫര്‍ ജാലകം അടഞ്ഞത്‌. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ കാര്‍ലോസ്‌ ടെവസിന്റെ 'വേര്‍പാടാ'ണ്‌ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും അര്‍ജന്റീനയെയും ഒരുപോലെ ഇഷ്ടപ്പെടുന്ന എനിക്ക്‌ വിഷമമായത്‌. ക്രിസ്‌റ്റിയാനോക്കൊപ്പം എ.സി. മിലാനില്‍ നിന്ന്‌ കക്കായും വന്നതോടെ റയല്‍ മാഡ്രിഡ്‌ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബായെന്ന്‌ തോന്നിയില്ല. റൊണാള്‍ഡോ, സിദാന്‍, ഫിഗോ, റൗള്‍, ബെക്കാം, റോബര്‍ട്ടോ കാര്‍ലോസ്‌, ഇകേര്‍ കസിയാസ്‌ തുടങ്ങിയവര്‍ ഒന്നിച്ചു പന്തു തട്ടിയിരുന്ന റയല്‍ മാഡ്രിഡിനോളം വരില്ലല്ലോ ഇപ്പോഴത്തേത്‌. അന്നവര്‍ താരാധിപത്യം മൂലം ഉഴറുകയായിരുന്നു. "റയല്‍ ഒരു ടീമല്ല; മഹാന്മാരുടെ ആള്‍ക്കൂട്ടമാണ്‌' എന്ന്‌ അന്ന്‌ അലിഗഡിലുണ്ടായിരുന്ന ശരീഫ്‌ കത്തെഴുതിയിരുന്നു.

യൂറോപ്യന്‍ ഫുട്‌ബാളിന്റെ നീക്കുപോക്കുകള്‍ ശരിയാംവണ്ണം അറിയുന്നയാളാണ്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ കോച്ച്‌ സര്‍ അലക്‌സ്‌ ഫെര്‍ഗൂസന്‍. വര്‍ഷങ്ങളായി ടീമിന്റെ നീക്കങ്ങളെല്ലാം കേന്ദ്രീകരിക്കപ്പെട്ടിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വിറ്റ്‌ കാശാക്കിയ ശേഷം അദ്ദേഹം വാങ്ങിയത്‌ മൈക്കല്‍ ഓവനെയും ലൂയി വലന്‍ഷ്യയെയും. റൊണാള്‍ഡോ പോയതിന്റെ ഒഴിവ്‌ ഈ സീസണില്‍ മാഞ്ചസ്‌റ്ററിന്റെ കളികളില്‍ കണ്ടില്ല. അന്താരാഷ്ട്ര രംഗത്ത്‌ അപ്രസക്തരായ റയാന്‍ ജിഗ്‌സിനെയും പോള്‍ ഷോള്‍സിനെയുമൊക്കെ ഫെര്‍ഗൂസന്‍ ഇപ്പോഴും നന്നായി ഉപയോഗപ്പെടുത്തുന്നു. ബര്‍ബറ്റോവ്‌, റൂണി, ഓവ ത്രയം മുന്‍നിരയില്‍ പരസ്‌പര ധാരണയോടെ കളിക്കുന്നു. മധ്യനിരയില്‍ നാനിയും ഷോള്‍സും ജിഗ്‌സും. പിന്നില്‍ നിന്ന്‌ കയറിക്കളിക്കുന്ന പാട്രീസ്‌ എവ്ര... മച്ചേഡ, വലന്‍ഷ്യ, പാര്‍ക്ക്‌, ആന്റേഴ്‌സണ്‍, കാരിക്‌ തുടങ്ങിയ "പ്രമുഖര്‍' സൈഡ്‌ ബെഞ്ചിലുണ്ട്‌. വിഗാന്‍ അത്‌ലറ്റിക്കിനെതിരെ മടക്കമില്ലാത്ത അഞ്ചു ഗോളിന്‌ നേടിയ ജയമാണ്‌ എന്നെ ഏറ്റവും ആകര്‍ഷിച്ചത്‌. അഞ്ചുഗോളും ഒന്നാന്തരമായിരുന്നു. ഈസി ഫുട്‌ബാളാണ്‌ അന്ന്‌ യുനൈറ്റഡ്‌ കളിച്ചത്‌. ഇനിയുള്ള മത്സരങ്ങള്‍ അത്ര ഈസി ആവുമോ എന്നറിയില്ല.

ഫെര്‍ഗൂസന്റെ ടീമില്‍ സൈഡ്‌ബെഞ്ചിലെ ഇരിപ്പിടം മടുത്ത്‌ കാര്‍ലോസ്‌ ടെവസ്‌ പിണങ്ങിപ്പോയി ഒടുവില്‍ എത്തിപ്പെട്ടത്‌ മാഞ്ചസ്റ്റര്‍ സിറ്റിയിലാണ്‌. അറബിയുടെ പണത്തിന്റെ ബലത്തില്‍ മറ്റൊരു ചെല്‍സിയാവാനുള്ള സിറ്റിയുടെ ശ്രമത്തെ എതിരാളികള്‍ ഭയക്കേണ്ടിയിരിക്കുന്നു. റോബീഞ്ഞോ നേരത്തെ അവിടെയുണ്ട്‌. ആര്‍സനല്‍ വിട്ടെത്തിയ അഡബയേറും ടെവസും പുതിയ കുപ്പായവുമായി ഇണങ്ങിക്കഴിഞ്ഞു. പുതിയ സീസണില്‍ വന്നവരെല്ലാം 'മരുന്നുകുപ്പി'കളാണ്‌. എവര്‍ട്ടന്‍ വിട്ടു വന്ന ലെസ്‌കോട്ട്‌ ആക്രമണകാരിയായ പ്രതിരോധ ഭടനാണ്‌. ബാഴ്‌സലോണയില്‍ നിന്നെത്തിയ സില്‍വീഞ്ഞോയെ ആണ്‌ നന്നായി ശ്രദ്ധിക്കേണ്ടത്‌. പൂച്ചക്കണ്ണും ചെമ്പിച്ച മുടിയും ക്ഷീണിതന്റെ മുഖഭാവവുമുള്ള ഈ ബ്രസീലുകാരന്‍ എത്ര കണിശക്കാരനാണെന്ന്‌ റയല്‍ മാഡ്രിഡിന്റെ കോച്ചിനോട്‌ ചോദിച്ചാല്‍ മതി. കഴിഞ്ഞ സീസണില്‍ ആര്‍സനലിനു വേണ്ടി പിന്‍നിരയില്‍ പണിയെടുത്ത കോളെ ടൂറെ കൂടി ചേരുന്നതോടെ സിറ്റിയുടെ പ്രതിരോധത്തില്‍ പഴുതുകള്‍ അടയുകയാണ്‌. പരാഗ്വേയുടെ പ്രധാന താരമായ റോക്കി സാന്താക്രൂസ്‌ ബയേണ്‍ മ്യൂണിക്കില്‍ നിന്നും, ഇംഗ്ലീഷ്‌ മധ്യനിര താരം ഗരെറ്റ്‌ ബാരി ആസ്റ്റണ്‍ വില്ലയില്‍ നിന്നും വന്നതാണ്‌ സിറ്റിയുടെ മറ്റ്‌ നേട്ടങ്ങള്‍.

റോക്കി സാന്താക്രൂസിനെ കൈവിട്ടെങ്കിലും ആര്‍യന്‍ റോബന്റെ അപ്രതീക്ഷിതമായ കടന്നുവരവ്‌ ബയേണ്‍ മ്യൂണിക്കിനെ ഈ സീസണില്‍ തെല്ലൊന്നുമല്ല സഹായിക്കുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കക്കാ, ബെന്‍സീമ തുടങ്ങിയവരെ വന്‍വിലക്ക്‌ സ്വന്തമാക്കിയ റയല്‍ മാഡ്രിഡ്‌ ചെയ്‌ത മണ്ടത്തരമാണ്‌ റോബന്റെ കച്ചവടം. കഴിഞ്ഞ സീസണിന്റെ രണ്ടാം പാദത്തില്‍ റയലിന്റെ നീക്കങ്ങളില്‍ നിര്‍ണ്ണായ സാന്നിധ്യമായിരുന്ന റോബനെ ഒഴിവാക്കിയത്‌, താരത്തിന്‌ ഇടക്കിടെ പരിക്കേല്‍ക്കുന്നു എന്നു പറഞ്ഞാണ്‌. വെസ്ലി സ്‌നൈഡറിനെ നേരത്തെ വിറ്റുകളഞ്ഞ റയല്‍ റോബനെക്കൂടി വേണ്ടെന്ന്‌ വെച്ചത്‌ ഫുട്‌ബാള്‍ ആരാധകരെ അത്ഭുതപ്പെടുത്തി. ഗോള്‍ ഡോട്ട്‌ കോമില്‍ ഇതു സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ ഒരാള്‍ ഈ തീരുമാനത്തെ പറ്റി പ്രതികരിച്ചത്‌ എനിക്കിഷ്ടപ്പെട്ടു: REAL MADrid. മ്യൂണിക്കില്‍ വിമാനമിറങ്ങി മണിക്കൂറുകള്‍ക്കകം കളത്തിലെത്തിയ റോബന്‍ രണ്ട്‌ ഗോള്‍ നേടി തന്റെ ജര്‍മന്‍ അരങ്ങേറ്റം ഭംഗിയാക്കി. റോബന്റെ ബലത്തില്‍, സീസണില്‍ ആദ്യമായി മ്യൂണിക്ക്‌ അന്ന്‌ ജയിക്കുകയും ചെയ്‌തു.
വിംഗുകള്‍ മാറിക്കളിക്കാന്‍ പ്രത്യേക വൈഭവമുള്ള റോബന്റെ അഭാവം കക്കാ നികത്തുമെന്ന്‌ ചുരുങ്ങിയപക്ഷം എനിക്കെങ്കിലും തോന്നുന്നില്ല. ക്രിസ്‌റ്റിയാനോയുടെയും കക്കായുടെയും ശൈലികള്‍ തമ്മില്‍ യോജിച്ചുപോകുമോ എന്നതിലും സംശയമുണ്ട്‌. മഹാന്മാരുടെ ആള്‍ക്കൂട്ടം എന്ന ദുരന്തം റയല്‍ ആവര്‍ത്തിക്കുമെന്നാണ്‌ തോന്നുന്നത്‌. സ്‌പാനിഷ്‌ ലീഗ്‌ ബാഴ്‌സലോണ നേടില്ലെന്ന്‌ വിചാരിക്കാന്‍ കാരണങ്ങളൊന്നും ഞാന്‍ കാണുന്നില്ല.

മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ മുന്നേറ്റം ഏതറ്റം വരെ പോകുമെന്നും ബയേണ്‍ മ്യൂണിക്ക്‌ ബുണ്ടസ്‌ ലീഗ കിരീടം തിരിച്ചുപിടിക്കുമോ എന്നും റയല്‍ മാഡ്രിഡ്‌ ലീഗില്‍ എത്രാമതായി ഫിനിഷ്‌ ചെയ്യുമെന്നുമാണ്‌ ഈ സീസണില്‍ ഞാന്‍ ഉറ്റു നോക്കുക.

22.7.09

ഗാബോയുടെ അമ്മ


`നിന്റെ പപ്പാ വളരെ ദുഃഖിതനാണ്‌'. അമ്മ പറഞ്ഞു.
അപ്പോള്‍ സംഗതി ഇതാണ്‌, ഞാന്‍ ഏറ്റവുമധികം ഭയപ്പെട്ട ശല്യം. നിങ്ങള്‍ ഏറ്റവും അപ്രതീക്ഷിതമായിരിക്കുമ്പോള്‍, മറ്റൊന്നിനാലും ഇളക്കപ്പെടാത്ത ശാന്തമായ സ്വരത്തില്‍ എപ്പോഴുമെന്ന പോലെ അവര്‍ തുടങ്ങി. ഉപചാരമെന്ന മട്ടില്‍, ഉത്തരം എന്തായിരിക്കുമെന്ന്‌ നന്നായി അറിയാമെങ്കിലും ഞാന്‍ ചോദിച്ചു:
`അതെന്തിന്‌?'
`നീ പഠനം ഉപേക്ഷിച്ചതിന്‌.'
`ഞാനത്‌ ഉപേക്ഷിച്ചിട്ടില്ലല്ലോ.' ഞാന്‍ പറഞ്ഞു. `ഞാന്‍ കരിയര്‍ മാറ്റിയെന്നേയുള്ളൂ.'
മുഴുശക്തിയും ഉപയോഗിച്ചുള്ള ഒരു സംവാദം അവരുടെ ചേതനയെ ഉണര്‍ത്തി.
`നിന്റെ പപ്പ പറയുന്നു, ഇത്‌ അക്കാര്യത്തിനു തുല്യമാണെന്ന്‌.' അവര്‍ പറഞ്ഞു.
കളവാണെന്നറിയുമായിരുന്നെങ്കിലും, ഞാന്‍ പറഞ്ഞു:
`അദ്ദേഹവും പഠനം നിര്‍ത്തിയതാണല്ലോ, വയലിന്‍ വായിക്കാന്‍.'
`അത്‌ വ്യത്യസ്‌തമായിരുന്നു.' ചടുലമായ ചുണയോടെ അവര്‍ മറുപടി പറഞ്ഞു. `പാര്‍ട്ടികളിലും സംഗീതനിശകളിലും മാത്രമാണ്‌ അദ്ദേഹം വയലിന്‍ വായിച്ചിരുന്നത്‌. അദ്ദേഹം പഠനം വിട്ടിട്ടുണ്ടെങ്കില്‍ അത്‌ ഭക്ഷണം കഴിക്കാന്‍ ഒന്നും ഇല്ലാതിരുന്നതിനാലാണ്‌. മാത്രമല്ല, ഒരു മാസത്തിനുള്ളില്‍ അദ്ദേഹം ടെലഗ്രാഫി പഠിക്കുകയും ചെയ്‌തു. അക്കാലത്ത്‌ അത്‌ നല്ലൊരു ജോലിയായിരുന്നു, മറ്റെവിടേക്കാളും അരകറ്റാക്കയില്‍.'
`ഞാനും ജീവിക്കാനുള്ളത്‌ സമ്പാദിക്കുന്നുണ്ട്‌. പത്രങ്ങള്‍ക്കു വേണ്ടി എഴുതിയിട്ട്‌.'
`എന്നെ വിഷമിപ്പിക്കാതിരിക്കാനാണ്‌ നീയത്‌ പറയുന്നത്‌.' അവര്‍ പറഞ്ഞു. `പക്ഷേ, ദൂരെ നിന്നു നോക്കിയാല്‍ പോലും ഒരാള്‍ക്ക്‌ നീയിപ്പോള്‍ ഏതവസ്ഥയിലാണെന്ന്‌ പിടികിട്ടും. ബുക്‌സ്‌റ്റോറില്‍ വെച്ച്‌ കണ്ടപ്പോള്‍ എനിക്കു നിന്നെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല.'
`ഞാന്‍ നിങ്ങളെയും തിരിച്ചറിഞ്ഞില്ല.' ഞാന്‍ പറഞ്ഞു.
`പക്ഷേ, ഒരേ കാരണം കൊണ്ടല്ലല്ലോ.' അവര്‍ പറഞ്ഞു. `നീയൊരു യാചകനാണെന്നാണ്‌ എനിക്കു തോന്നിയത്‌.' ഞാനണിഞ്ഞ ചെരുപ്പിലേക്ക്‌ നോക്കി അവര്‍ കൂട്ടിച്ചേര്‍ത്തു: `സോക്‌സ്‌ പോലുമില്ല.'
`ഇതാണ്‌ കൂടുതല്‍ സുരക്ഷിതം.' ഞാന്‍ പറഞ്ഞു. രണ്ടു കുപ്പായങ്ങളും രണ്ട്‌ ജോടി അണ്ടര്‍ഷോര്‍ട്ടുകളും. ഒന്ന്‌ ഉണങ്ങുമ്പോള്‍ മറ്റേത്‌ ധരിക്കാം. ഇതിനപ്പുറം എന്താണൊരാള്‍ക്ക്‌ വേണ്ടത്‌?'.
`ഇത്തിരി അന്തസ്സ്‌...' അവര്‍ പറഞ്ഞു. വ്യത്യസ്‌തമായൊരു ധ്വനിയില്‍ പറഞ്ഞ്‌ അവരത്‌ മയപ്പെടുത്തി: `നിന്നെ ഞങ്ങള്‍ അതിയായി സ്‌നേഹിക്കുന്നതു കൊണ്ടാണ്‌ ഞാനിത്‌ പറയുന്നത്‌.'
`എനിക്കറിയാം.' ഞാന്‍ പറഞ്ഞു. `പക്ഷേ, എന്നോടു പറയൂ: എന്റെ സ്ഥാനത്തായിരുന്നെങ്കില്‍ നിങ്ങളും ഇതുതന്നെയല്ലേ ചെയ്യുക?'
`ഇല്ല.' അവര്‍ പറഞ്ഞു. `എന്റെ മാതാപിതാക്കളെ വിഷമിപ്പിക്കുമെങ്കില്‍ ഞാനത്‌ ചെയ്യില്ല.'
തന്റെ കല്യാണക്കാര്യത്തില്‍ കുടുംബത്തിന്റെ എതിര്‍പ്പുകള്‍ ഇല്ലാതാക്കാന്‍ അവരെടുത്ത ശാഠ്യം ഓര്‍ത്തുകൊണ്ട്‌, ചിരിയോടെ ഞാന്‍ പറഞ്ഞു:
`എന്റെ കണ്ണിലേക്കു നോക്കാന്‍ ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നു.'
പക്ഷേ, അവര്‍ നിഷ്‌പ്രഭയായിരുന്നു, എന്റെ നോട്ടം ഒഴിവാക്കി. കാരണം, ഞാനെന്താണ്‌ ചിന്തിക്കുന്നതെന്ന്‌ അവര്‍ക്ക്‌ നന്നായി അറിയാമായിരുന്നു.
`എന്റെ മാതാപിതാക്കളുടെ അനുഗ്രഹമുണ്ടാകുന്നതു വരെ ഞാന്‍ വിവാഹം കഴിച്ചിട്ടില്ല.' അവര്‍ പറഞ്ഞു. `പക്ഷേ, നീ പറഞ്ഞതു പോലെ അവരുടെ ഇഷ്ടമില്ലാതെയാണ്‌ ഞാനതു ചെയ്‌തത്‌.'
അവര്‍ സംഭാഷണം നിര്‍ത്തി. എന്റെ വാദഗതികള്‍ അവരെ കീഴടക്കിയതു കൊണ്ടല്ല, മറിച്ച്‌ അവര്‍ക്ക്‌ ടോയ്‌ലറ്റ്‌ ഉപയോഗിക്കേണ്ടിയിരുന്നതിനാലും അതിന്റെ വൃത്തിയില്‍ വിശ്വാസമില്ലാതിരുന്നതിനാലും. കുറച്ചുകൂടി ശുദ്ധിയുള്ള മറ്റൊരു സ്ഥലമുണ്ടോ എന്നറിയാന്‍ ലോഞ്ചിലെ ബോസണിനോട്‌ ഞാന്‍ സംസാരിച്ചു. പക്ഷേ, താനും ഉപയോഗിക്കുന്നത്‌ പൊതുകക്കൂസാണെന്നാണ്‌ അയാള്‍ പറഞ്ഞത്‌. കോണ്‍റാഡിനെ വായിക്കുകയാണെന്ന പോലെ അയാള്‍ ഉപസംഹരിച്ചു: `കടലില്‍, നാമെല്ലാം തുല്യരാണ്‌.' അതിനാല്‍, എന്റെ അമ്മയും സമത്വത്തിന്റെ നിയമത്തിലേക്കു സമര്‍പ്പിക്കപ്പെട്ടു. ഞാന്‍ ഭയപ്പെട്ടതിനു വിപരീതമായി, അതില്‍ നിന്നു പുറത്തുവന്നപ്പോള്‍ അവര്‍ ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു.
`ഒന്നോര്‍ത്തു നോക്ക്‌' അവര്‍ എന്നോടു പറഞ്ഞു: `ഒരു സമൂഹരോഗവുമായി ഞാന്‍ മടങ്ങിച്ചെന്നാല്‍ നിന്റെ പപ്പാ എന്താവും പറയുക?'
അര്‍ധരാത്രി കഴിഞ്ഞ്‌ എപ്പോഴോ, ചാനലില്‍ വളരുന്ന അനിമോണുകള്‍ തുഴകളുടെ വേഗം കുറക്കുകയും ലോഞ്ച്‌ കണ്ടല്‍ക്കാടുകളില്‍ കുടുങ്ങിപ്പോവുകയും ചെയ്‌തതിനാല്‍ ഞങ്ങള്‍ മൂന്നു മണിക്കൂര്‍ വൈകിയിരുന്നു. കുറെ യാത്രക്കാര്‍ക്ക്‌ കരയില്‍ നില്‍ക്കുകയും തങ്ങളുടെ ഊഞ്ഞാല്‍ക്കിടക്കയുടെ നാരുകള്‍ കൊണ്ട്‌ കണ്ടലുകളെ അകറ്റുകയും ചെയ്യേണ്ടി വന്നു.. ചൂടും കൊതുകുകളും അസഹ്യമായിരുന്നു. എങ്കിലും ഇടവിട്ടുള്ളതും എന്നാല്‍ പൂര്‍ണ്ണമായി വീണുപോകാത്തതുമായ, ഞങ്ങളുടെ കുടുംബത്തില്‍ പ്രസിദ്ധമായ തന്റെ കൊച്ചുറക്കങ്ങള്‍ കൊണ്ട്‌ അമ്മ അവയ്‌ക്ക്‌ പിടികൊടുക്കാതെ രക്ഷപ്പെട്ടു. ആ കൊച്ചുറക്കം ഞങ്ങളുടെ സംഭാഷണത്തിന്റെ തന്തുവിട്ടുപോകാതിരിക്കാന്‍ അവരെ സഹായിച്ചു. ഞങ്ങള്‍ യാത്ര തുടരുകയും ശുദ്ധമായ കാറ്റ്‌ വീശാന്‍ തുടങ്ങുകയും ചെയ്‌തപ്പോള്‍ അവര്‍ ശരിക്കും ഉണര്‍ന്നു.
`എങ്ങനെയായാലും' അവര്‍ നെടുവീര്‍പ്പോടെ പറഞ്ഞു, `എന്തെങ്കിലുമൊരു മറുപടി എനിക്കു നിന്റെ പപ്പായുടെ അടുത്തേക്കു കൊണ്ടുചെല്ലണം.'
`അതോര്‍ത്തു വിഷമിക്കണ്ട...' അതേ നിഷ്‌ക്കളങ്കതയോടെ ഞാന്‍ പറഞ്ഞു. `ഡിസംബറില്‍ഞാന്‍ തന്നെ നേരിട്ട്‌ അദ്ദേഹത്തിന്റെ അടുത്തു ചെന്ന്‌ എല്ലാം വിശദീകരിക്കാം.'
`അതിനിനിയും പത്തു മാസമുണ്ട്‌.' അവര്‍ പറഞ്ഞു.
`ശരിയാണ്‌. എന്നാലും യൂണിവേഴ്‌സിറ്റിയില്‍ ഇക്കൊല്ലം വല്ലതും ശരിപ്പെടുത്താനുള്ള സമയം വൈകിപ്പോയിരിക്കുന്നു.'
`നീ പോകുമെന്ന്‌ വാക്കു തരുന്നോ?'
`വാക്കു തരുന്നു.'
അപ്പോള്‍ ആദ്യമായി അവരുടെ സ്വരത്തില്‍ വ്യക്തമായ പിരിമുറുക്കം ഞാന്‍ കണ്ടെത്തി: `അതെ എന്നു പറയാന്‍ പോവുകയാണെന്ന്‌ എനിക്കു നിന്റെ പപ്പായോട്‌ പറയാമോ?'
`ഇല്ല' എന്നായിരുന്നു എന്റെ നിസ്സന്ദേഹമായ മറുപടി. `നിങ്ങളങ്ങനെ പറയണ്ട.' അവര്‍ പുറത്തേക്ക്‌ മറ്റൊരു വഴി തേടുകയാണെന്ന്‌ വ്യക്തമായിരുന്നു. പക്ഷേ, ഞാന്‍ സമ്മതിച്ചില്ല.
`എല്ലാ സത്യവും ഞാന്‍ നേരെയങ്ങ്‌ അദ്ദേഹത്തോട്‌ പറയുന്നതാണ്‌ നല്ലത്‌.' അവര്‍ പറഞ്ഞു: `അതു വഞ്ചനയാവില്ലെന്നു തോന്നുന്നു.'
`ശരി' ഞാന്‍ ആശ്വാസത്തോടെ പറഞ്ഞു: `അദ്ദേഹത്തോടു പറഞ്ഞോളൂ...'
ഞങ്ങള്‍ അവിടെ നിര്‍ത്തി, .അവരെ ശരിക്കറിയാത്ത ആരും അതു കഴിഞ്ഞെന്നാണ്‌ വിചാരിക്കുക. എന്നാല്‍, ശ്വാസമെടുക്കാന്‍ വേണ്ടിയുള്ള ചെറിയൊരു നിര്‍ത്തലാണതെന്ന്‌ എനിക്കറിയാമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ ഉറക്കത്തിലേക്കു വീണു. ഒരു നേരിയ കാറ്റ്‌ കൊതുകുകളെ ആട്ടിയകറ്റുകയും പുതിയ വായുവില്‍ പൂക്കളുടെ സുഗന്ധം നിറക്കുകയും ചെയ്‌തു. അപ്പോള്‍ ലോഞ്ച്‌ ഒരു പായ്‌ക്കപ്പലിന്റെ ദയാലുത്വം കൈവരിച്ചു.

27.4.09

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിട്ടുണ്ടോ?


ലോകത്തുള്ള ആളുകളെ മൊത്തം രണ്ടായി വിഭജിക്കാം. ഒന്ന്‌: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍, രണ്ട്‌: അത്‌ ഉപയോഗിക്കാത്തവര്‍. ധൃതിയും വേഗവും കൂടിയ ഇക്കാലത്ത്‌ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക എന്നത്‌ മഹത്വമോ ഉപയോഗിക്കാതിരിക്കുക എന്നത്‌ അയോഗ്യതയോ ആണെന്നു ആരെങ്കിലും പറയുമെന്നു തോന്നുന്നില്ല. ചുറ്റുപാടും മനസ്ഥിതിയും ആവശ്യവുമാണ്‌ മൊബൈല്‍ ഉണ്ടാവുക/ഇല്ലാതിരിക്കുക എന്നതിന്റെ മാനദണ്ഡം. മൊബൈല്‍ ഫോണ്‍ ഉള്ളവരെ തന്നെ പലതായി തരംതിരിക്കാന്‍ കഴിയും. വില കുറഞ്ഞത്‌/കൂടിയത്‌ ഉപയോഗിക്കുന്നവര്‍, മൊബൈലില്‍ നിന്ന്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍, അത്യാവശ്യത്തിനു ഫോണ്‍ ചെയ്യാന്‍ മാത്രം അത്‌ കൊണ്ടു നടക്കുന്നവര്‍, ട്വന്റി ഫോര്‍ അവര്‍ എന്നു പറഞ്ഞ മാതിരി അതും ചെവിട്ടില്‍ തിരുകി നടക്കുന്നവര്‍... ഈ പട്ടിക നിങ്ങളുടെ ഇഷ്‌ടത്തിനും കാഴ്‌ചപ്പാടിനും അനുസരിച്ചങ്ങനെ നീട്ടിക്കൊണ്ടു പോകാവുന്നതാണ്‌.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ മറ്റൊരു രീതിയില്‍ തരംതിരിക്കാനാണ്‌ ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്‌. അതായത്‌ ഒന്ന്‌: ഉള്ള മൊബൈല്‍ ഇതുവരെ നഷ്‌ടപ്പെടാത്തവര്‍, രണ്ട്‌: നഷ്‌ടപ്പെട്ടവര്‍. ഇന്നലെ വൈകീട്ട്‌ ആറു മണിവരെ ഭാഗ്യവാന്മാരായ ആദ്യഗണത്തിലായിരുന്നു ഞാന്‍. കോഴിക്കോട്‌ കടപ്പുറത്തെ മേഘം മൂടിയ സായന്തനത്തില്‍ നാലഞ്ച്‌ സുഹൃത്തുക്കളോടൊപ്പം ആള്‍ക്കൂട്ടത്തിനിടയിലൂടെ കാറ്റുകൊണ്ട്‌ കാഴ്‌ചകണ്ട്‌ നടക്കുന്നതിനിടയില്‍, ഏതാണ്ട്‌ ആറരയായിക്കാണും ഞാന്‍ ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. പോക്കറ്റില്‍ മൊബൈല്‍ ഇല്ല.

നഷ്‌ടപ്പെട്ടത്‌ കഴിഞ്ഞ സെപ്‌തംബറില്‍ 1800 രൂപക്കു വാങ്ങിയ എല്‍.ജിയുടെ എഫ്‌.എം. മൊബൈല്‍. ഉപയോഗിച്ചിരുന്ന നമ്പര്‍: 9447357850. 9946139890 എന്ന എന്റെ പൂര്‍വകാല സിംകാര്‍ഡിനെ ബാറ്ററിക്കു മുകളില്‍ കുടിയിരുത്തിയിരുന്നു- ബി.എസ്‌.എന്‍.എല്‍ റേഞ്ച്‌ ഇല്ലാത്ത സ്ഥലങ്ങളിലോ ആ സിമ്മില്‍ ബാലന്‍സില്ലാത്തപ്പോഴോ ഉപയോഗിക്കുന്നതിനുള്ള കരുതലായി മാത്രം.

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുക എന്നാല്‍ ജീവിതത്തില്‍ മറ്റൊന്നും നഷ്ടപ്പെടുന്നതു പോലെയല്ലെന്ന്‌ എനിക്ക്‌ വളരെ പെട്ടെന്ന്‌ മനസ്സിലായി. ഏതു രഹസ്യവും പറയാവുന്ന ഒരു സുഹൃത്ത്‌ അപ്രതീക്ഷിതമായി നമ്മെ ഉപേക്ഷിച്ചുപോകുന്നതിന്റെ നടുക്കം മൊബൈല്‍ നഷ്ടപ്പെട്ടുകഴിഞ്ഞു എന്നറിഞ്ഞ നിമിഷം എന്നെ പിടികൂടുന്നതറിഞ്ഞു. ഏറെക്കാലമായി എന്റെ ബന്ധങ്ങളെ സംരക്ഷിച്ചു പോന്ന രൂപത്തില്‍ ചെറുതും അനുഭവത്തില്‍ വളരെ വലുതുമായൊരുപകരണമായിരുന്നു അത്‌. യാത്രകളിലെ മുഷിയുന്ന ഏകാന്തതയെ ശമിപ്പിച്ച, കടപ്പുറത്തും റെയില്‍വേ സ്റ്റേഷനിലും മാനാഞ്ചിറയിലും പേരില്ലാത്ത അനേകം സ്ഥലങ്ങളിലും വിരസമായ കാത്തിരിപ്പുകളെ സഹ്യമാക്കിയ, എത്ര അകലത്തുള്ള സുഹൃത്തും ഒരു മിസ്സ്‌ഡ്‌കാള്‍ ദൂരത്തിനുള്ളില്‍ ഏറ്റവുമടുത്തുണ്ടെന്ന്‌്‌ ആശ്വസിപ്പിച്ച, നട്ടപ്പാതിരകളില്‍ വിളിച്ചുണര്‍ത്തി ഗുഡ്‌നൈറ്റ്‌ പറയുന്ന സൗഹൃദങ്ങളുടെ കുസൃതികളൊളിപ്പിച്ച, ആഹ്ലാദകരമായ നിമിഷങ്ങള്‍ മെസ്സേജുകളായി പറത്തിവിടാവുന്ന കറുത്തു മെലിഞ്ഞ ഒരുപകരണം. സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പരാതിയുടെയും കോപത്തിന്റെയും വാക്കുകള്‍ വൈദ്യുത തരംഗമായെത്തി തട്ടിയുണര്‍ത്തിയിരുന്നു അതിലൂടെ. ചിലപ്പോഴെങ്കിലും, അതിനെ മൗനമാക്കി വെച്ച്‌ ലോകത്തോട്‌ പ്രതിഷേധിക്കാറുണ്ടായിരുന്നു ഞാന്‍.

ഏറെ നാളുകള്‍ക്കു ശേഷമുള്ള ഒത്തുചേരലിന്റെ സന്തോഷം കളിപറഞ്ഞും പോപ്പ്‌കോണ്‍ കൊറിച്ചും ഞങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ഞായറാഴ്‌ചയായതിനാല്‍ കടപ്പുറത്ത്‌ പതിവിലധികം ആളുകള്‍. പ്രണയം രണ്ടു മനസ്സുകളിലുണ്ടാക്കുന്ന ഏറ്റവും വിസ്‌തൃതമായ അവസ്ഥ ആസ്വദിച്ചിരിക്കുന്ന പലരെ വിലയിരുത്തി, ബലൂണ്‍ പിടിച്ചും പട്ടം പറത്തിയും ഉപ്പുവെള്ളത്തില്‍ കളിച്ചും പ്രായത്തിന്റെ അര്‍ഹത തെളിയിക്കുന്ന കുട്ടികളെ കണ്ട്‌ മനംനിറഞ്ഞ്‌, കച്ചവടക്കാരടെ ബഹളങ്ങളൊഴിഞ്ഞ്‌, എന്തും സാധ്യമാണെന്ന്‌ ധരിച്ച്‌ ചുറ്റുവട്ടത്തെ കൂടിയ അളവില്‍ ആത്മവിശ്വാസത്തോടെ നോക്കുന്ന കൗമാരക്കാരുടെ ഒച്ചകളില്‍ പങ്കെടുത്ത്‌ കനംകുറഞ്ഞായിരുന്നു ഞങ്ങളുടെ നടത്തം. ആകാശം മേഘാവൃതമായതിനാല്‍ പതിവിലും നേരത്തെ ഇരുട്ട്‌ പരന്നു തുടങ്ങിയെന്നും ആള്‍ക്കൂട്ടത്തെ ചിതറിക്കാന്‍ മഴവരുമെന്നും തോന്നിച്ചു. മേഘക്കീറിനിടയിലൂടെ കടലില്‍ ദൂരെ വൈകുന്നേര വെയില്‍ വീഴുന്നുണ്ടായിരുന്നു. ഒറ്റക്കിരുന്ന്‌ ജീവിതത്തെയോ മരണത്തെയോ കുറിച്ച്‌ ഗാഢമായി ആലോചിക്കുന്ന ഏതാനും ആണുങ്ങളെയും കണ്ടു.

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു എന്നറിഞ്ഞതോടെ ഞങ്ങളുടെ ആഘോഷം പെട്ടെന്നു നിലച്ചു. ആഹ്ലാദത്തോടെ പിന്നിട്ട വഴികള്‍ മൗനമായും ഉദ്വേഗത്തോടെയും തിരഞ്ഞ്‌ തിരിച്ചുനടന്നു. റസ്‌റ്റോറണ്ടിലെ സീറ്റിനു ചുവട്ടിലും കൂടിനിന്നിരുന്നിടത്തെ മണലിനടിയിലും ടൈല്‍സ്‌ പാകിയ തിട്ടയുടെ ഒതുക്കുകളിലും ശ്രദ്ധയോടെ തെരഞ്ഞു. ആളുകളെ ഒറ്റ തിരിച്ചും സംശയത്തോടെയും വീക്ഷിക്കാന്‍ തുടങ്ങി. നഷ്ടപ്പെട്ടതു മുതല്‍ മൊബൈല്‍ സ്വിച്ചോഫ്‌ ആയിരുന്നതിനാല്‍ അത്‌ ആരുടെയോ കയ്യിലെത്തിയിട്ടുണ്ടെന്നുറപ്പായിരുന്നു. എങ്കിലും വെറുതെ ഒരു സമാധാനത്തിന്‌ കുറെ തെരഞ്ഞതിനു ശേഷം, അവരുടെ ഒഴിവുദിനത്തിന്റെ പ്രസന്നത കളഞ്ഞതിനു മാപ്പു ചോദിച്ച്‌ പണിത്തിരക്കിലേക്ക്‌ ഞാന്‍ ഒറ്റക്കു മടങ്ങി. പിന്നെ, ഇത്തരം അവസ്ഥകളില്‍ അനിവാര്യമായ ശേഷക്രിയകള്‍ പൂര്‍ത്തിയാക്കി.

ഒരവയവം മുറിച്ചു മാറ്റപ്പെട്ടതിന്റെ അസ്വസ്ഥത ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഹാന്‍ഡ്‌സെറ്റിനോടുള്ള ആഭിമുഖ്യമല്ല, അതിനകത്തുണ്ടായിരുന്ന ലോകം നഷ്ടമായതിന്റെ സങ്കടമാണത്‌. ഒറ്റപ്പെട്ട ചില തുരുത്തുകളിലുള്ള ബന്ധങ്ങള്‍ എനിക്ക്‌ എന്നെന്നേക്കുമായി ഇല്ലാതാകുന്നു. ദീര്‍ഘകാലത്തെ അനുഭവങ്ങളില്‍ നിന്നു ഞാന്‍ അന്വേഷിച്ചു കണ്ടെത്തിയവയായിരുന്നു അതില്‍ പലതും. അവയിലേക്കെത്തിപ്പെടാന്‍ എനിക്കു വേറെ വഴികളില്ല. തീവ്രമായ മുഹൂര്‍ത്തങ്ങളില്‍ തലോടുകയോ തല്ലുകയോ ചെയ്‌ത എസ്‌.എം.എസുകളും പോയി. ഡ്രാഫ്‌റ്റില്‍ സേവ്‌ ചെയ്‌തു വച്ച, ഒരിക്കലും കളഞ്ഞുകൂടാത്ത പല വരികളും കണക്കുകളും എന്നെന്നേക്കുമായി ഡിലീറ്റായി. ജീവിതം ചില വഴിത്തിരിവുകളില്‍ നമുക്ക്‌ പ്രതീക്ഷിക്കാന്‍ കഴിയാത്ത ചിലത്‌ ഇങ്ങനെ കരുതിവെക്കുമെന്നും അവയ്‌ക്കനന്തരം എന്തൊക്കെയാവുമെന്നും കാത്തിരുന്നു കാണുക മാത്രമേ വഴിയുള്ളൂവെന്നും ഞാനിപ്പോള്‍ ആഴത്തില്‍ അറിയുന്നു.