22.7.09

ഗാബോയുടെ അമ്മ


`നിന്റെ പപ്പാ വളരെ ദുഃഖിതനാണ്‌'. അമ്മ പറഞ്ഞു.
അപ്പോള്‍ സംഗതി ഇതാണ്‌, ഞാന്‍ ഏറ്റവുമധികം ഭയപ്പെട്ട ശല്യം. നിങ്ങള്‍ ഏറ്റവും അപ്രതീക്ഷിതമായിരിക്കുമ്പോള്‍, മറ്റൊന്നിനാലും ഇളക്കപ്പെടാത്ത ശാന്തമായ സ്വരത്തില്‍ എപ്പോഴുമെന്ന പോലെ അവര്‍ തുടങ്ങി. ഉപചാരമെന്ന മട്ടില്‍, ഉത്തരം എന്തായിരിക്കുമെന്ന്‌ നന്നായി അറിയാമെങ്കിലും ഞാന്‍ ചോദിച്ചു:
`അതെന്തിന്‌?'
`നീ പഠനം ഉപേക്ഷിച്ചതിന്‌.'
`ഞാനത്‌ ഉപേക്ഷിച്ചിട്ടില്ലല്ലോ.' ഞാന്‍ പറഞ്ഞു. `ഞാന്‍ കരിയര്‍ മാറ്റിയെന്നേയുള്ളൂ.'
മുഴുശക്തിയും ഉപയോഗിച്ചുള്ള ഒരു സംവാദം അവരുടെ ചേതനയെ ഉണര്‍ത്തി.
`നിന്റെ പപ്പ പറയുന്നു, ഇത്‌ അക്കാര്യത്തിനു തുല്യമാണെന്ന്‌.' അവര്‍ പറഞ്ഞു.
കളവാണെന്നറിയുമായിരുന്നെങ്കിലും, ഞാന്‍ പറഞ്ഞു:
`അദ്ദേഹവും പഠനം നിര്‍ത്തിയതാണല്ലോ, വയലിന്‍ വായിക്കാന്‍.'
`അത്‌ വ്യത്യസ്‌തമായിരുന്നു.' ചടുലമായ ചുണയോടെ അവര്‍ മറുപടി പറഞ്ഞു. `പാര്‍ട്ടികളിലും സംഗീതനിശകളിലും മാത്രമാണ്‌ അദ്ദേഹം വയലിന്‍ വായിച്ചിരുന്നത്‌. അദ്ദേഹം പഠനം വിട്ടിട്ടുണ്ടെങ്കില്‍ അത്‌ ഭക്ഷണം കഴിക്കാന്‍ ഒന്നും ഇല്ലാതിരുന്നതിനാലാണ്‌. മാത്രമല്ല, ഒരു മാസത്തിനുള്ളില്‍ അദ്ദേഹം ടെലഗ്രാഫി പഠിക്കുകയും ചെയ്‌തു. അക്കാലത്ത്‌ അത്‌ നല്ലൊരു ജോലിയായിരുന്നു, മറ്റെവിടേക്കാളും അരകറ്റാക്കയില്‍.'
`ഞാനും ജീവിക്കാനുള്ളത്‌ സമ്പാദിക്കുന്നുണ്ട്‌. പത്രങ്ങള്‍ക്കു വേണ്ടി എഴുതിയിട്ട്‌.'
`എന്നെ വിഷമിപ്പിക്കാതിരിക്കാനാണ്‌ നീയത്‌ പറയുന്നത്‌.' അവര്‍ പറഞ്ഞു. `പക്ഷേ, ദൂരെ നിന്നു നോക്കിയാല്‍ പോലും ഒരാള്‍ക്ക്‌ നീയിപ്പോള്‍ ഏതവസ്ഥയിലാണെന്ന്‌ പിടികിട്ടും. ബുക്‌സ്‌റ്റോറില്‍ വെച്ച്‌ കണ്ടപ്പോള്‍ എനിക്കു നിന്നെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല.'
`ഞാന്‍ നിങ്ങളെയും തിരിച്ചറിഞ്ഞില്ല.' ഞാന്‍ പറഞ്ഞു.
`പക്ഷേ, ഒരേ കാരണം കൊണ്ടല്ലല്ലോ.' അവര്‍ പറഞ്ഞു. `നീയൊരു യാചകനാണെന്നാണ്‌ എനിക്കു തോന്നിയത്‌.' ഞാനണിഞ്ഞ ചെരുപ്പിലേക്ക്‌ നോക്കി അവര്‍ കൂട്ടിച്ചേര്‍ത്തു: `സോക്‌സ്‌ പോലുമില്ല.'
`ഇതാണ്‌ കൂടുതല്‍ സുരക്ഷിതം.' ഞാന്‍ പറഞ്ഞു. രണ്ടു കുപ്പായങ്ങളും രണ്ട്‌ ജോടി അണ്ടര്‍ഷോര്‍ട്ടുകളും. ഒന്ന്‌ ഉണങ്ങുമ്പോള്‍ മറ്റേത്‌ ധരിക്കാം. ഇതിനപ്പുറം എന്താണൊരാള്‍ക്ക്‌ വേണ്ടത്‌?'.
`ഇത്തിരി അന്തസ്സ്‌...' അവര്‍ പറഞ്ഞു. വ്യത്യസ്‌തമായൊരു ധ്വനിയില്‍ പറഞ്ഞ്‌ അവരത്‌ മയപ്പെടുത്തി: `നിന്നെ ഞങ്ങള്‍ അതിയായി സ്‌നേഹിക്കുന്നതു കൊണ്ടാണ്‌ ഞാനിത്‌ പറയുന്നത്‌.'
`എനിക്കറിയാം.' ഞാന്‍ പറഞ്ഞു. `പക്ഷേ, എന്നോടു പറയൂ: എന്റെ സ്ഥാനത്തായിരുന്നെങ്കില്‍ നിങ്ങളും ഇതുതന്നെയല്ലേ ചെയ്യുക?'
`ഇല്ല.' അവര്‍ പറഞ്ഞു. `എന്റെ മാതാപിതാക്കളെ വിഷമിപ്പിക്കുമെങ്കില്‍ ഞാനത്‌ ചെയ്യില്ല.'
തന്റെ കല്യാണക്കാര്യത്തില്‍ കുടുംബത്തിന്റെ എതിര്‍പ്പുകള്‍ ഇല്ലാതാക്കാന്‍ അവരെടുത്ത ശാഠ്യം ഓര്‍ത്തുകൊണ്ട്‌, ചിരിയോടെ ഞാന്‍ പറഞ്ഞു:
`എന്റെ കണ്ണിലേക്കു നോക്കാന്‍ ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നു.'
പക്ഷേ, അവര്‍ നിഷ്‌പ്രഭയായിരുന്നു, എന്റെ നോട്ടം ഒഴിവാക്കി. കാരണം, ഞാനെന്താണ്‌ ചിന്തിക്കുന്നതെന്ന്‌ അവര്‍ക്ക്‌ നന്നായി അറിയാമായിരുന്നു.
`എന്റെ മാതാപിതാക്കളുടെ അനുഗ്രഹമുണ്ടാകുന്നതു വരെ ഞാന്‍ വിവാഹം കഴിച്ചിട്ടില്ല.' അവര്‍ പറഞ്ഞു. `പക്ഷേ, നീ പറഞ്ഞതു പോലെ അവരുടെ ഇഷ്ടമില്ലാതെയാണ്‌ ഞാനതു ചെയ്‌തത്‌.'
അവര്‍ സംഭാഷണം നിര്‍ത്തി. എന്റെ വാദഗതികള്‍ അവരെ കീഴടക്കിയതു കൊണ്ടല്ല, മറിച്ച്‌ അവര്‍ക്ക്‌ ടോയ്‌ലറ്റ്‌ ഉപയോഗിക്കേണ്ടിയിരുന്നതിനാലും അതിന്റെ വൃത്തിയില്‍ വിശ്വാസമില്ലാതിരുന്നതിനാലും. കുറച്ചുകൂടി ശുദ്ധിയുള്ള മറ്റൊരു സ്ഥലമുണ്ടോ എന്നറിയാന്‍ ലോഞ്ചിലെ ബോസണിനോട്‌ ഞാന്‍ സംസാരിച്ചു. പക്ഷേ, താനും ഉപയോഗിക്കുന്നത്‌ പൊതുകക്കൂസാണെന്നാണ്‌ അയാള്‍ പറഞ്ഞത്‌. കോണ്‍റാഡിനെ വായിക്കുകയാണെന്ന പോലെ അയാള്‍ ഉപസംഹരിച്ചു: `കടലില്‍, നാമെല്ലാം തുല്യരാണ്‌.' അതിനാല്‍, എന്റെ അമ്മയും സമത്വത്തിന്റെ നിയമത്തിലേക്കു സമര്‍പ്പിക്കപ്പെട്ടു. ഞാന്‍ ഭയപ്പെട്ടതിനു വിപരീതമായി, അതില്‍ നിന്നു പുറത്തുവന്നപ്പോള്‍ അവര്‍ ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു.
`ഒന്നോര്‍ത്തു നോക്ക്‌' അവര്‍ എന്നോടു പറഞ്ഞു: `ഒരു സമൂഹരോഗവുമായി ഞാന്‍ മടങ്ങിച്ചെന്നാല്‍ നിന്റെ പപ്പാ എന്താവും പറയുക?'
അര്‍ധരാത്രി കഴിഞ്ഞ്‌ എപ്പോഴോ, ചാനലില്‍ വളരുന്ന അനിമോണുകള്‍ തുഴകളുടെ വേഗം കുറക്കുകയും ലോഞ്ച്‌ കണ്ടല്‍ക്കാടുകളില്‍ കുടുങ്ങിപ്പോവുകയും ചെയ്‌തതിനാല്‍ ഞങ്ങള്‍ മൂന്നു മണിക്കൂര്‍ വൈകിയിരുന്നു. കുറെ യാത്രക്കാര്‍ക്ക്‌ കരയില്‍ നില്‍ക്കുകയും തങ്ങളുടെ ഊഞ്ഞാല്‍ക്കിടക്കയുടെ നാരുകള്‍ കൊണ്ട്‌ കണ്ടലുകളെ അകറ്റുകയും ചെയ്യേണ്ടി വന്നു.. ചൂടും കൊതുകുകളും അസഹ്യമായിരുന്നു. എങ്കിലും ഇടവിട്ടുള്ളതും എന്നാല്‍ പൂര്‍ണ്ണമായി വീണുപോകാത്തതുമായ, ഞങ്ങളുടെ കുടുംബത്തില്‍ പ്രസിദ്ധമായ തന്റെ കൊച്ചുറക്കങ്ങള്‍ കൊണ്ട്‌ അമ്മ അവയ്‌ക്ക്‌ പിടികൊടുക്കാതെ രക്ഷപ്പെട്ടു. ആ കൊച്ചുറക്കം ഞങ്ങളുടെ സംഭാഷണത്തിന്റെ തന്തുവിട്ടുപോകാതിരിക്കാന്‍ അവരെ സഹായിച്ചു. ഞങ്ങള്‍ യാത്ര തുടരുകയും ശുദ്ധമായ കാറ്റ്‌ വീശാന്‍ തുടങ്ങുകയും ചെയ്‌തപ്പോള്‍ അവര്‍ ശരിക്കും ഉണര്‍ന്നു.
`എങ്ങനെയായാലും' അവര്‍ നെടുവീര്‍പ്പോടെ പറഞ്ഞു, `എന്തെങ്കിലുമൊരു മറുപടി എനിക്കു നിന്റെ പപ്പായുടെ അടുത്തേക്കു കൊണ്ടുചെല്ലണം.'
`അതോര്‍ത്തു വിഷമിക്കണ്ട...' അതേ നിഷ്‌ക്കളങ്കതയോടെ ഞാന്‍ പറഞ്ഞു. `ഡിസംബറില്‍ഞാന്‍ തന്നെ നേരിട്ട്‌ അദ്ദേഹത്തിന്റെ അടുത്തു ചെന്ന്‌ എല്ലാം വിശദീകരിക്കാം.'
`അതിനിനിയും പത്തു മാസമുണ്ട്‌.' അവര്‍ പറഞ്ഞു.
`ശരിയാണ്‌. എന്നാലും യൂണിവേഴ്‌സിറ്റിയില്‍ ഇക്കൊല്ലം വല്ലതും ശരിപ്പെടുത്താനുള്ള സമയം വൈകിപ്പോയിരിക്കുന്നു.'
`നീ പോകുമെന്ന്‌ വാക്കു തരുന്നോ?'
`വാക്കു തരുന്നു.'
അപ്പോള്‍ ആദ്യമായി അവരുടെ സ്വരത്തില്‍ വ്യക്തമായ പിരിമുറുക്കം ഞാന്‍ കണ്ടെത്തി: `അതെ എന്നു പറയാന്‍ പോവുകയാണെന്ന്‌ എനിക്കു നിന്റെ പപ്പായോട്‌ പറയാമോ?'
`ഇല്ല' എന്നായിരുന്നു എന്റെ നിസ്സന്ദേഹമായ മറുപടി. `നിങ്ങളങ്ങനെ പറയണ്ട.' അവര്‍ പുറത്തേക്ക്‌ മറ്റൊരു വഴി തേടുകയാണെന്ന്‌ വ്യക്തമായിരുന്നു. പക്ഷേ, ഞാന്‍ സമ്മതിച്ചില്ല.
`എല്ലാ സത്യവും ഞാന്‍ നേരെയങ്ങ്‌ അദ്ദേഹത്തോട്‌ പറയുന്നതാണ്‌ നല്ലത്‌.' അവര്‍ പറഞ്ഞു: `അതു വഞ്ചനയാവില്ലെന്നു തോന്നുന്നു.'
`ശരി' ഞാന്‍ ആശ്വാസത്തോടെ പറഞ്ഞു: `അദ്ദേഹത്തോടു പറഞ്ഞോളൂ...'
ഞങ്ങള്‍ അവിടെ നിര്‍ത്തി, .അവരെ ശരിക്കറിയാത്ത ആരും അതു കഴിഞ്ഞെന്നാണ്‌ വിചാരിക്കുക. എന്നാല്‍, ശ്വാസമെടുക്കാന്‍ വേണ്ടിയുള്ള ചെറിയൊരു നിര്‍ത്തലാണതെന്ന്‌ എനിക്കറിയാമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ ഉറക്കത്തിലേക്കു വീണു. ഒരു നേരിയ കാറ്റ്‌ കൊതുകുകളെ ആട്ടിയകറ്റുകയും പുതിയ വായുവില്‍ പൂക്കളുടെ സുഗന്ധം നിറക്കുകയും ചെയ്‌തു. അപ്പോള്‍ ലോഞ്ച്‌ ഒരു പായ്‌ക്കപ്പലിന്റെ ദയാലുത്വം കൈവരിച്ചു.