23.6.08

ആ മെലിഞ്ഞ മനുഷ്യന്‍ ഇനിയില്ല


ഹോളണ്ടിന്റെ ക്രോസ്‌ബാറിനു കീഴില്‍ ഇനി എഡ്വിന്‍ വാന്‍ഡര്‍സാര്‍ ഉണ്ടാവില്ല. യൂറോകപ്പ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയോടേറ്റ അപ്രതീക്ഷിത പരാജയത്തോടെയാണ്‌ ഒന്നര പതിറ്റാണ്ടോളം നീണ്ട അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാന്‍ ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഗോളികളിലൊരാളായ വാന്‍ഡര്‍സാര്‍ തീരുമാനിച്ചത്‌. ഹോളണ്ടിനു വേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിക്കുകയെന്ന അപൂര്‍വ ബഹുമതി സ്വന്തമാക്കിയ മത്സരത്തില്‍ ഞെട്ടിപ്പിക്കുന്ന തോല്‍വിയേറ്റുവാങ്ങി കണ്ണീരോടെ വിടപറയാനായി അടുപ്പമുള്ളവര്‍ സാര്‍ എന്നു വിളിക്കുന്ന ഈ കാവല്‍ക്കാരന്റെ വിധി. അവസാന മത്സരത്തില്‍ റഷ്യയുടെ ഗോളെന്നുറച്ച കാല്‍ ഡസന്‍ അവസരങ്ങളെങ്കിലും വാന്‍ഡര്‍സാര്‍ തടഞ്ഞിട്ടിരുന്നു.
പ്രധാന ടൂര്‍ണ്ണമെന്റുകളുടെ ക്വാര്‍ട്ടറുകളിലും സെമിഫൈനലുകളിലും സ്ഥിരസാന്നിധ്യമായ ഹോളണ്ട്‌ ടീം ദൗര്‍ഭാഗ്യം കൊണ്ട്‌ പുറത്താകുമ്പോഴെല്ലാം ഈ നീണ്ടുമെലിഞ്ഞ മനുഷ്യന്‍ ബാറിനു കീഴെയുണ്ടായിരുന്നു. താന്‍ കണ്ടതില്‍ വെച്ച്‌ ഏറ്റവും നിര്‍ഭാഗ്യവാനും ശാന്തനും ക്ഷമാശീലനുമായ മനുഷ്യന്‍ എന്നാണ്‌ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ച്‌ സര്‍ അലക്‌സ്‌ ഫെര്‍ഗൂസന്‍ വാന്‍ഡര്‍സാറിനെ വിശേഷിപ്പിച്ചത്‌.
യുവരക്തം തുളുമ്പുന്ന ഡച്ച്‌ ടീമിന്റെ ഗോളിയായി മുപ്പത്തെട്ടുകാരനായ വാന്‍ഡര്‍സാറിനെ തെരഞ്ഞെടുക്കാന്‍ കോച്ച്‌ മാര്‍ക്കോ വാന്‍ബാസ്‌റ്റണെ പ്രേരിപ്പിച്ചത്‌ ആ കൈകളിലുള്ള വിശ്വാസം തന്നെയായിരുന്നു. ഫുട്‌ബോള്‍ കളിക്കുന്ന പ്രമുഖ രാജ്യങ്ങളിലെയെല്ലാം ഗോളിമാരുടെ കരിയറിന്റെ പരമാവധി ആയുസ്സ്‌ അഞ്ചോ ആറോ കൊല്ലമാണെന്നോര്‍ക്കുമ്പോഴാണ്‌, കരുത്തരായ ഹോളണ്ടിന്റെ വലയ്‌ക്കു മുന്നില്‍ പതിറ്റാണ്ടു പിന്നിട്ട വാന്‍ഡര്‍സാറിന്റെ പ്രസക്തി മനസ്സിലാവുക. വാന്‍ബാസ്റ്റണ്‍-റൈക്കാഡ്‌-ഗുള്ളിറ്റ്‌ ത്രയത്തിന്റെ മാന്ത്രികയുഗം അവസാനിച്ചതിനു തൊട്ടുപിറകെയുണ്ടായ തലമുറയുടെ പ്രതിനിധിയാണ്‌ വാന്‍ഡര്‍സാര്‍. ഫ്രാങ്ക്‌ ഡിബോയര്‍, എഡ്‌്‌ഗാര്‍ ഡേവിഡ്‌സ്‌, ഡെന്നിസ്‌ ബെര്‍ഗ്‌കാംപ്‌, പാട്രിക്‌ ക്ലൈവര്‍ട്ട്‌, സീഡോര്‍ഫ്‌ തുടങ്ങിയ അതികായര്‍ മുതല്‍ പുതിയ തലമുറയിലെ ഇബ്രാഹീം അഫലെ, ഡിര്‍ക്‌ ക്യുയിറ്റ്‌, ഹണ്ട്‌ലാര്‍ തുടങ്ങിയ പയ്യന്മാര്‍ വരെയുള്ളവര്‍ക്കൊപ്പം കളിക്കാന്‍ വാന്‍ഡര്‍സാറിനു ഭാഗ്യം ലഭിച്ചു.
1994 ലോകകപ്പ്‌ സ്‌ക്വാഡിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും വാന്‍ഡര്‍സാറിന്‌ സൈഡ്‌ ബെഞ്ചിലിരിക്കാനായിരുന്നു വിധി. കഴിഞ്ഞ മത്സരത്തില്‍ ഹോളണ്ടിനെ തോല്‍പ്പിച്ച റഷ്യയുടെ കോച്ചായ ഗെസ്‌ ഹിഡിങ്കിന്റെ പരിശീലനത്തിനു കീഴില്‍ 1995 ല്‍ ബെലാറസിനെതിരെയാണ്‌ സാര്‍ ആദ്യ അന്താരാഷ്‌ട്ര മത്സരം കളിച്ചത്‌.
അസാമാന്യമായ നിരീക്ഷണ പാടവവും വഴക്കമുള്ള ശരീരവും കൊണ്ട്‌ എതിരാളികളുടെ പൊള്ളുന്ന ഷോട്ടുകള്‍ രക്ഷപ്പെടുത്തുന്ന വിദഗ്‌ധനായിരുന്നു വാന്‍ഡര്‍സാര്‍. 1995 ല്‍ അരങ്ങേറിയ ശേഷം കഴിഞ്ഞ ദിവസം വിരമിക്കുന്നതു വരെ രാജ്യത്തിനായി 128 മത്സരങ്ങളാണ്‌ അദ്ദേഹം കളിച്ചത്‌. 98, 2006 ലോകകപ്പുകളിലും 96, 2000, 2004, 2008 യൂറോകപ്പുകളിലും ഡച്ച്‌ ടീമിന്റെ ഗോളി വാന്‍ഡര്‍സാറായിരുന്നു. യൂറോ 96 ക്വാര്‍ട്ടര്‍, ഫ്രാന്‍സ്‌ 98 സെമി, യൂറോ 2000 സെമി എന്നിവയില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഹോളണ്ടിന്റെ വലകാത്ത സാര്‍, 2004 ക്വാര്‍ട്ടറിലെ ഷൂട്ടൗട്ടില്‍ സ്വീഡന്റെ ഒലോഫ്‌ മെല്‍ബര്‍ഗിന്റെ കിക്ക്‌ തടുത്തിട്ട്‌ ടീമിനെ സെമിയിലെത്തിച്ചു. 2006 ലോകകപ്പില്‍ ഗ്രൂപ്പ്‌ ഘട്ടത്തില്‍ ഐവറി കോസ്‌റ്റിനെതിരെയുള്ള മത്സരത്തില്‍ ഗോള്‍ വഴങ്ങാതെ, സൗഹൃദ മത്സരങ്ങളല്ലാത്ത 10 അന്താരാഷ്ട്ര മാച്ചുകളില്‍ തുടര്‍ച്ചയായി ഗോള്‍ വഴങ്ങാതിരുന്ന റെക്കോഡ്‌ സാര്‍ സ്വന്തമാക്കി. 1103 മിനുട്ടുകള്‍ ഗോള്‍ വഴങ്ങാതെ വല കാത്ത അപൂര്‍വ റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്‌.
റഷ്യക്കെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തോടെ ഏറ്റവുമധികം യൂറോ കപ്പ്‌ മത്സരങ്ങള്‍ കളിച്ച ഫ്രഞ്ച്‌ താരം ലിലിയന്‍ തുറാമിന്റെ റെക്കോഡിനൊപ്പമെത്താന്‍ വാന്‍ഡര്‍സാറിനായി. ``ഞങ്ങള്‍ നന്നായി കളിച്ചില്ല. റഷ്യക്കാരാവട്ടെ തങ്ങളുടെ ജോലി ഉജ്ജ്വലമായി നിര്‍വഹിക്കുകയും ചെയ്‌തു. അവര്‍ അര്‍ഹിച്ച ജയമാണിത്‌.'' മത്സരശേഷം വാന്‍ഡര്‍സാര്‍ പറഞ്ഞു. അവസാന നിമിഷം നിസ്റ്റല്‍റൂയ്‌ ഗോള്‍ നേടി ഹോളണ്ടിനെ മത്സരത്തിലേക്ക്‌ തിരികെ കൊണ്ടുവന്നപ്പോള്‍ കളി പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക്‌ നീങ്ങുമെന്ന്‌ താന്‍ കരുതിയിരുന്നു. അങ്ങനെയാണെങ്കില്‍ എങ്ങനെയും താന്‍ ടീമിനെ രക്ഷിക്കുമായിരുന്നു. കഴിഞ്ഞ മാസം മോസ്‌കോയില്‍ നടന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ ചെല്‍സിയുടെ നിക്കോളാസ്‌ അനെല്‍ക്കയുടെ കിക്ക്‌ തടുത്ത്‌ വാന്‍ഡര്‍സാര്‍ തന്റെ ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‌ കപ്പ്‌ നേടിക്കൊടുത്തിരുന്നു.
``ഞങ്ങള്‍ക്ക്‌ ഇനി ഭാവിയെ നേരിടണം. പക്ഷേ എന്നെ കൂടാതെയായിരിക്കുമത്‌. ഈ സായാഹ്നത്തില്‍ ആരും ആരെയും കുറ്റപ്പെടുത്തുന്നില്ല. ആര്‍ക്കെങ്കിലും നേരെ വിരല്‍ ചൂണ്ടാനുള്ള സമയവുമല്ലിത്‌...'' വികാരഭരിതനായി വാന്‍ഡര്‍സാര്‍ പറഞ്ഞു.
വാന്‍ബാസ്റ്റണ്‌ ശേഷം ഹോളണ്ട്‌ ടീമിന്റെ കോച്ചായി ചുമതലയേല്‍ക്കുന്ന ബെര്‍ട്ട്‌ വാന്‍ മാര്‍വിജിക്‌, ലോകകപ്പ്‌ വരെ തുടരാന്‍ വാന്‍ഡര്‍സാറോട്‌ അഭ്യര്‍ത്ഥിച്ചുവെങ്കിലും തനിക്കിനി ആവില്ലെന്നായിരുന്നു സാറിന്റെ മറുപടി.
1995 ലെ ഏറ്റവും മികച്ച യൂറോപ്യന്‍ ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട വാന്‍ഡര്‍സാര്‍ ഹോളണ്ട്‌ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഗോളിയാണ്‌. ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ലോകത്തെ നാല്‍പ്പതു താരങ്ങളിലൊരാളായാണ്‌ ഈ ഇതിഹാസ താരം കളംവിടുന്നത്‌.

5 comments:

  1. തകര്‍ന്നു പോയ എന്റെ ഓറഞ്ച്‌ സ്വപ്‌നങ്ങളുടെ ബാക്കി. ഹോളണ്ട്‌ യൂറോ കപ്പില്‍ നിന്ന്‌ പുറത്തായതിന്റെ പിറ്റേന്ന്‌ സ്‌പോര്‍ട്‌സ്‌ ചന്ദ്രികയില്‍ എഴുതിയത്‌.

    ReplyDelete
  2. ഒരു ഗോള്‍കീപ്പര്‍ വിട പറയുന്നതിന്റെ വേദന ഷാഫിയുടെ വരികളിലുണ്ട്‌. എഴുത്ത്‌ വായിപ്പിക്കുന്നതാകണം. അതാണ്‌ ഷാഫിയുടെ എഴുത്തിന്റെ പ്രത്യേകത.

    ReplyDelete
  3. shafee, kollam njanum oranjupada euro cup nedunnatum kathirikkukayayirunnu pakshe valiya tournamentukalil nirnayaka samayathu kalidarukayenne vidhi ithavanaum holandinte koode thanne undairunnu. Nalla writing goal barinu thazheulla ekantatha avasanippichu sarum. ood work keep it up.

    ReplyDelete

പ്രതികരണം