ചന്ദ്രിക റിക്രിയേഷന്‍ ക്ലബ്ബില്‍ നിന്ന്, യൂറോ കപ്പില്‍ ഇറ്റലിയുടെ കേളികേട്ട പ്രതിരോധത്തെ നിര്‍ദ്ദാക്ഷിണ്യം ചവിട്ടിയരച്ച് ഹോളണ്ടുകാര്‍ നേടിയ മൂന്നു ഗോള്‍ ജയം കണ്ട് മനം നിറഞ്ഞ്, രാത്രി രണ്ടുമണിക്ക് മാവൂര്‍ റോഡിലൂടെ മുറിയിലേക്കു നടക്കുകയായിരുന്നു ഞാന്‍. മഴ ചാറിക്കൊണ്ടിരുന്നതിനാല്‍ തെരുവ് വിജയമായിരുന്നു. നനഞ്ഞുകിടക്കുന്ന രാത്രിവഴിയിലേക്ക് മഞ്ഞവെളിച്ചം വീഴ്‌ത്തി നിരനിരയായി നില്‍ക്കുന്ന തെരുവുവിളക്കുകളുടെ പശ്ചാത്തലത്തില്‍ നേരിയ കാറ്റിനൊപ്പം ഉലഞ്ഞുവീഴുന്ന മഴത്തുള്ളികള്‍ നോക്കി, മുപ്പത്തി ഒന്നാം മിനുട്ടില്‍ വെസ്ലി സ്‌നൈഡര്‍ നേടിയ അസാധ്യമായ ആ ഗോളിനെക്കുറിച്ചു തന്നെ വീണ്ടും വീണ്ടും ആലോചിച്ച് വേഗത്തില്‍ നടക്കുകയായിരുന്നു ഞാന്‍. കാറ്റിനനുസരിച്ച് കൂടിയും കുറഞ്ഞും ചാറുന്ന മഴ നനഞ്ഞുകൊണ്ടായിരുന്നു നടത്തം.
കളി കഴിഞ്ഞ് മഴ നനഞ്ഞുള്ള നടത്തത്തിന് എന്റെ ഫുട്‌ബോള്‍ സ്വപ്‌നങ്ങളുമായുള്ള ഇഴപിരിയാനാവാത്ത ബന്ധം തുടര്‍ന്നു പോവുകയാണല്ലോ എന്നാലോചിച്ചപ്പോള്‍ കൗതുകം തോന്നി. ഇരുട്ട് വീണ നാട്ടുവഴികളിലൂടെ കളിയോടുള്ള അടങ്ങാത്ത ഭ്രാന്തും പിടിക്കപ്പെടുമോ എന്ന പരിഭ്രമവുമായി നടന്ന ചില രാത്രിസഞ്ചാരങ്ങള്‍ ഓര്‍മ്മയില്‍ പുതഞ്ഞു കിടപ്പുണ്ട്. മഴ കോരിച്ചൊരിയുന്ന അര്‍ധരാത്രികളില്‍ പന്തുകളി കാണാന്‍ വേണ്ടിമാത്രം ഉറക്കമിളച്ച് ടി.വിക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടിയിരിക്കുന്ന ക്ലബ്ബുകളും വീട്ടുവരാന്തകളും ലക്ഷ്യമാക്കിയുള്ള നടത്തങ്ങള്‍. അറബിക്കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അന്നത്തെ ഓര്‍മ്മകള്‍ അപ്രതിരോധ്യമാംവിധം മനസ്സിലേക്ക് തള്ളിക്കയറി വരികയാണ് യൂറോ കപ്പ് അരങ്ങുതകര്‍ക്കുന്ന ഈ രാത്രികളില്‍.
ആഹ്ലാദവും ആശങ്കകളുമായാണ് അന്ന് ഞങ്ങള്‍ അറബിക്കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടലേക്ക് ലോകകപ്പ്, യൂറോ കപ്പ് തുടങ്ങിയ മേജര്‍ ടൂര്‍ണ്ണമെന്റുകള്‍ കടന്നുവന്നിരുന്നത്. മിക്കവരും ഒന്നാന്തരം കളിപ്പിരാന്തന്മാരായിരുന്നു. മലപ്പുറം ജില്ലയുടെ കളിപ്പിരാന്തിന്റെ സ്വാഭാവികതയെന്ന പോലെ അര്‍ജന്റീനയും ബ്രസീലുമായിരുന്നു ലോകകപ്പില്‍ ഞങ്ങളില്‍ അധികപേരുടെയും ഇഷ്ട ടീമുകള്‍. യൂറോ കപ്പ് വരുമ്പോള്‍ ഫ്രാന്‍സ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇംഗ്ലണ്ട്, ജര്‍മനി എന്നിങ്ങനെ ഞങ്ങള്‍ ഇഷ്ടങ്ങള്‍ പകുത്തെടുത്ത് തമ്മില്‍ത്തല്ലി. ഞാന്‍ ഹോളണ്ടിന്റെ കൂടെയായിരുന്നു.
ഹോളണ്ട് സെമിഫൈനല്‍ കളിച്ച 1998 ലോകകപ്പ് നടക്കുമ്പോള്‍ സജീവമായ ഫുട്‌ബോള്‍ പ്രേമിയായിരുന്നില്ല ഞാന്‍. ഫുട്‌ബോള്‍ കാഴ്‌ചയിലെ ലഹരി പിടിക്കാന്‍ തുടങ്ങിയ 2002 ലോകകപ്പില്‍ അവര്‍ കളിച്ചിരുന്നുമില്ല. അന്ന് അര്‍ജന്റീനക്കൊപ്പമായിരുന്നു. 2004 യൂറോ കപ്പിലാണെന്നു തോന്നുന്നു ഹോളണ്ട് എന്നെ പിടികൂടിയത്. ഓറഞ്ച് നിറത്തിന്റെ വശ്യത മാത്രമല്ല ത്രികോണക്കണ്ണട വച്ച എഡ്‌ഗാര്‍ ഡേവിഡ്‌സിന്റെ കുതിരവാല്‍ മുടി കുലുക്കിയുള്ള പാച്ചിലും അര്‍ധാവസരങ്ങള്‍ ഗോളാക്കാന്‍ റൂഡ് വാന്‍ നിസ്‌റ്റല്‍റൂയിക്കുള്ള മിടുക്കും ടോട്ടല്‍ ഫുട്‌ബോള്‍ എന്ന ആശയം ലോകത്തിന് സംഭാവന ചെയ്‌തത് ഇവരുടെ മുന്‍ഗാമിയായ യോഹന്‍ ക്രൈഫ് ആണല്ലോ എന്ന വിചാരവും ഹോളണ്ടിനോടുള്ള ഇഷ്ടം കൂട്ടി. പാട്രിക് ക്ലൈവര്‍ട്ടിനോടും വാന്‍ഡര്‍സാറോടും പ്രത്യേക താല്‍പ്പര്യമായിരുന്നു. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനിയുമായി നടന്ന മത്സരം കാണാന്‍ വേണ്ടിയാണ് ആദ്യമായി കോളേജിന്റെ ഉയരമുള്ള മതില്‍ കയറിയിറങ്ങുന്നത് എന്നു തോന്നുന്നു.
ഒരു അറബിക്കോളേജ് വിദ്യാര്‍ത്ഥിക്ക് യൂറോകപ്പും ലോകകപ്പും ലൈവായി കാണുകയെന്നത് ഏതാണ്ട് അസാധ്യമായിരുന്നു അന്നും ഇന്നും. കോളേജിന്റെ നിയമാവലികളില്‍ കളി കാണുന്നത് നിരോധിക്കപ്പെട്ടിരുന്നു. നേരെയുള്ള വഴിയിലൂടെ കാണാനാവില്ലെന്നതിനാല്‍ അതീവ രഹസ്യമായി, ഹോളോബ്രിക്‌സിനു മുകളില്‍ കമ്പിമുള്ളുകള്‍ കൊണ്ട് കെട്ടിയുറപ്പിച്ച മതില്‍ അതിസാഹസികമായി ചാടിക്കടന്നു വേണം കാര്യം സാധിക്കുന്നത്. പിടിക്കപ്പെട്ടാല്‍ കരിയര്‍ കുളമാകുമെന്നതിനാല്‍ ഒരു മാതിരി പേടിയുള്ളവരൊന്നും അതിനു ധൈര്യപ്പെട്ടില്ല. വൈകുന്നേരങ്ങളും വെള്ളിയാഴ്‌ചകളിലെ പകല്‍നേരങ്ങളിലും കോളേജ് ഗ്രൗണ്ടിലും മാനിപ്പാടത്തുമായി സ്വയം മെസ്സിയും റൊണാള്‍ഡീഞ്ഞോയും ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുമായി പന്തുകളിച്ചാണ് അവര്‍ അരിശം തീര്‍ത്തിരുന്നത്.
ജൂണ്‍ ജൂലൈ മാസങ്ങളില്‍, നമ്മുടെ രാത്രികളിലാണ് യൂറോ കപ്പ് നടക്കുന്നത്. പന്ത്രണ്ടു മണിക്കു ശേഷമുള്ള കളികാണാന്‍ പോകുന്നതിന് അന്ന് രാവിലെ ഉറക്കമെണീക്കുന്നതു മുതല്‍ ആലോചിച്ചു തുടങ്ങണം. കളിയുടെ ഷെഡ്യൂള്‍ കാണാപ്പാഠമായിരുന്നതിനാല്‍ ചിലപ്പോള്‍ ദിവസങ്ങള്‍ക്കു മുമ്പു തന്നെ തീരുമാനിച്ചുറപ്പിക്കും. എന്നാലും പുറപ്പെട്ടു പോകുന്ന സമയത്ത്, സ്വയം വിധിക്കു വിട്ടുകൊടുത്തുകൊണ്ടുള്ള അനിശ്ചിതത്വവും ഇരുട്ടത്ത് മഴ നനഞ്ഞ് വിറച്ചും ചെളിയില്‍ കാല്‍പൂണ്ടും വെളിച്ചത്തെ ഒഴിഞ്ഞുമുള്ള നടത്തവും കളി കഴിഞ്ഞ് ആഹ്ലാദമോ സങ്കടമോ ഉള്ളില്‍ അടക്കിപ്പിടിച്ച് ഒറ്റക്കോ കൂട്ടുകാര്‍ക്കൊപ്പമോ നിശ്ശബ്ദമായുള്ള മടക്കവും തന്നെ ഏറ്റവും പ്രധാനം. വലിയ ടീമുകളുടെ കളികള്‍ ആള്‍ത്തിരക്കു മൂലം ചിലപ്പോള്‍ ഒന്നര മണിക്കൂറും മഴ നനഞ്ഞു തന്നെ കണ്ടിട്ടുണ്ട്.
പകലിലെ ഇടവേളകളില്‍, രാത്രി കളികാണാന്‍ കൂടെ വരാന്‍ പറ്റിയ ആളെ കണ്ടെത്തണം. അഭിരുചിയും പരിചയവും ആത്മവിശ്വാസവുമുള്ളയാളെ വേണം കാണേണ്ടത്. അവന്‍ ചിലപ്പോള്‍ മറ്റാരുടെയോ കൂടെ പോകാന്‍ സമ്മതിച്ചിട്ടുണ്ടാകും. കളികാണാനുള്ള സുരക്ഷിതമായ സങ്കേതം രഹസ്യമാക്കിവെക്കുകയാണ് പലരും ചെയ്‌തിരുന്നത്. കോളേജില്‍ നിന്ന് കളികാണാനെത്തുന്ന എല്ലാവരും ഒരേ സ്ഥലത്ത് ഒരുമിച്ചുകൂടിയാലുണ്ടാകുന്ന പൊല്ലാപ്പ് മനസ്സിലാക്കി, പതിവായി പോകുന്നവര്‍ ഒരു ഒത്തുതീര്‍പ്പിലെത്തിയിരുന്നു. എന്നാല്‍, ചില ദിവസങ്ങളില്‍ പല വഴി വന്ന് ഒരേ കേന്ദ്രത്തില്‍ ഒരുമിച്ചു കൂടേണ്ടിവരാറുണ്ട്. പ്രിയപ്പെട്ട ടീമുകളുടെ കളിയാകുമ്പോള്‍ കാണാന്‍ ആളു കൂടും. 2004 ല്‍, ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ നടന്ന മത്സരം കാണാന്‍ പാറക്കടവത്തെ ക്ലബ്ബില്‍ ഒരു സമ്മേളനത്തിനുള്ള ആളുണ്ടായിരുന്നു. അധികവും സഹപാഠികള്‍. സമനിലയിലവസാനിച്ച കളി കഴിഞ്ഞ് നിശ്ശബ്ദമായി റോഡിന്റെ അരികുപറ്റി നിശ്ശബ്ദമായി മടങ്ങുന്ന ആള്‍ക്കൂട്ടം ഇന്നും മനസ്സിലുണ്ട്.
രാത്രി ഡ്യൂട്ടിക്കുള്ള ഉസ്‌താദ് നേരത്തെ ഉറങ്ങാനായിരിക്കും കളി കാണാന്‍ പോകുന്ന ദിവസത്തെ പ്രാര്‍ത്ഥന മുഴുവന്‍. പോകുന്നവരെ നോക്കാന്‍ ഉസ്‌താദ് ആളെ നിശ്ചയിച്ചിട്ടുണ്ട് എന്ന വാര്‍ത്ത പരക്കും ചില ദിവസങ്ങളില്‍. ചിലപ്പോള്‍ കളി കാണാന്‍ തീര്‍ച്ചപ്പെടുത്തിയവര്‍ തങ്ങളുടെ അസൗകര്യമൊഴിവാക്കാന്‍ വേണ്ടി പ്രചരിപ്പിച്ചതാവും. ഏതായാലും ജീവന്‍ പണയം വെച്ചാണ് അത്തരം നാളുകളിലെ പോക്ക്.
റോഡില്‍ വെച്ച് കോളേജുമായി ബന്ധമുള്ള നാട്ടുകാരും അസമയത്ത് സ്‌കൂട്ടറില്‍ വരാറുള്ള മാനേജറും ചിലപ്പോഴൊക്കെ പോലീസും പേടിസ്വപ്‌നങ്ങളായിരുന്നു. കളികഴിഞ്ഞ് തിരികെ മതില്‍ചാടുമ്പോള്‍ ഇരുട്ടത്ത് തോട്ടക്കാരന്‍ പതുങ്ങിയിരിപ്പുണ്ടോ എന്ന ആശങ്ക എപ്പോഴുമുണ്ടായിരുന്നു. എത്ര വിദഗ്‌ധമായി തിരികെ പ്രവേശിച്ചാലും ചിലപ്പോള്‍ വെറും ദൗര്‍ഭാഗ്യം കൊണ്ടു മാത്രം, ഉറക്കമുണര്‍ന്ന് ബാത്ത്‌റൂമില്‍ പോകുന്ന ഉസ്‌താദ് പിടികൂടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുടുങ്ങുമ്പോഴെല്ലാം വിദഗ്‌ധമായ നുണ പറഞ്ഞ് രക്ഷപ്പെട്ടു. കുടുങ്ങിയാല്‍ പിന്നെ രക്ഷിതാവിനെ കൊണ്ടുവരണം. ചിലപ്പോള്‍ ആ വര്‍ഷം തന്നെ നഷ്ടപ്പെടും. ചിലപ്പോള്‍ കോളേജിലെ പഠിപ്പുതന്നെ.
കോണ്‍ഫെഡറേഷന്‍ കപ്പ് നടക്കുന്ന കാലത്ത് മഴ പെയ്യുന്ന രാത്രികളൊന്നില്‍ റഊഫുമൊന്നിച്ച് മഴ നനഞ്ഞു കണ്ട ബ്രസീല്‍-ഗ്രീസ്, ഏറ്റവും കടുത്ത ഭീഷണി നിലനില്‍ക്കുന്ന സമയത്ത് കണ്ട കഴിഞ്ഞ ലോകകപ്പിലെ അര്‍ജന്റീന-ഹോളണ്ട്, കളികഴിഞ്ഞ് പെരുംമഴയത്ത് ഇഷ്ടടീം തല്ലിത്തോറ്റതില്‍ സങ്കടപ്പെട്ട് മൂകനായി നടന്ന പോര്‍ച്ചുഗല്‍-ഹോളണ്ട് തുടങ്ങിയ മത്സരങ്ങളുടെ വിശദാംശങ്ങള്‍ വരെ ഉള്ളില്‍ പതിഞ്ഞുകിടക്കുന്നു. ഇടിയും മിന്നലും പറപ്പിച്ചുകളയാന്‍ പോന്ന കാറ്റുമുള്ള രാത്രികളില്‍, ക്ലബ്ബുകളിലും വീട്ടുവരാന്തകളിലുമൊന്നും കളിവെച്ചിട്ടില്ലെന്നു കണ്ട് നിരാശയോടെ ഉഴറി നടന്നതും കളി തുടങ്ങി പത്തുമിനുട്ടാകുമ്പോഴേക്ക് കറന്റ് പോയിട്ട് കളി കഴിയാന്‍ നേരം വരെ ഉത്‌കണ്‌ഠയോടെ കാത്തിരുന്നതും ഓര്‍ക്കുന്നു. 2002 ലെ പ്രാഥമിക റൗണ്ടില്‍ സ്വീഡനുമായുള്ള മത്സരത്തില്‍ സമനിലയില്‍ കുടുങ്ങി അര്‍ജന്റീനയും ഡെന്മാര്‍ക്കിനോട് തോറ്റ് ഫ്രാന്‍സും പുറത്തായതിനു ശേഷം നാളുകളോളം കോളേജന്തരീക്ഷത്തില്‍ തങ്ങിനിന്ന മ്ലാനതയും, 2006 ല്‍ സെര്‍ബിയക്കെതിരെ 24 വണ്‍ടച്ചുകള്‍ക്കൊടുവില്‍ ഗോളടിച്ച് അര്‍ജന്റീന ജയിച്ചതിന്റെ ആഹ്ലാദവും, അര്‍ജന്റീന തോറ്റാലും ബ്രസീല്‍ കപ്പെടുക്കരുതേ എന്ന് മനമുരുകിയുള്ള പ്രാര്‍ത്ഥനയും യൂറോ ലഹരി പതയുന്ന ഉറക്കമില്ലാത്ത ഈ രാത്രികളില്‍ അരുമയോടെ ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്നു.
ഹോളണ്ടിന്റെ ദൗര്‍ഭാഗ്യമാണ് എന്നെ അവരില്‍ ഉറപ്പിച്ചുനിര്‍ത്തിയത്. ഓരോ ടൂര്‍ണ്ണമെന്റിലും മികച്ച ടീമായി വന്ന് ദൗര്‍ഭാഗ്യം കൊണ്ട് കണ്ണീര്‍ വാര്‍ത്തുനില്‍ക്കുന്ന അവരുടെ ചരിത്രം മനപ്പാഠമാണ്. 1996 മുതല്‍ ക്രോസ്‌ബാറിനു കീഴിലുണ്ടായിരുന്ന എഡ്വിന്‍ വാന്‍ഡര്‍സാറാണ് ഇത്തവണ ഡച്ചുകളെ നയിക്കുന്നത്. മുപ്പത്തിയെട്ടാം വയസ്സില്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡനു വേണ്ടി ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തിയതു പോലെ അര്‍ഹതപ്പെട്ട യൂറോ കിരീടം ഉയര്‍ത്തിയാവുമോ സാര്‍ വിടപറയുന്നത്? ഇന്നലെ ഇറ്റലിയെ തകര്‍ത്തുവിട്ട ആ കളിയുടെ ആവേശം നിസ്റ്റല്‍റൂയിക്കും സ്‌നൈഡറിനും ബ്രാങ്കോസ്‌റ്റിനും കൂട്ടര്‍ക്കും നിലനിര്‍ത്താനാവുമോ? അതോ ഏറ്റവും നന്നായി കളിച്ച് അടയാളങ്ങളൊന്നും ബാക്കിവെക്കാതെ ഡച്ച്‌ഫുട്‌ബോളിന്റെ ഈ പേജും മറിയുമോ?
യൂറോ 2004 സെമിയില്‍ പെനാല്‍ട്ടി ബോക്‌സിന്റെ പുറത്തുനിന്ന് മനീഷ് തൊടുത്ത ഷോട്ട് വാന്‍ഡര്‍സാറിന്റെ ജാഗ്രതയെ മറികടന്ന് ഹോളണ്ടിന്റെ പോസ്‌റ്റില്‍ കയറിയപ്പോഴും, കയ്യാങ്കളിയായിത്തീര്‍ന്ന 2006 ക്വാര്‍ട്ടറില്‍ കിട്ടിയ ഒരേയൊരവസരത്തില്‍ അതേ മനീഷിന്റെ ക്ലോസ്‌റേഞ്ചര്‍ വലകുലുക്കിയപ്പോഴും നുറുങ്ങിപ്പോയ പ്രതീക്ഷകള്‍ ഇപ്പോള്‍ ഞാന്‍ ചേര്‍ത്തുവയ്‌ക്കുകയാണ്.
യൂറോപ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള അരിശങ്ങള്‍ ഉള്ളിലുള്ളപ്പോള്‍ തന്നെ ആ ഭൂഖണ്ഡത്തിലെ പന്തുകളിയെ ഞാന്‍ ഇഷ്ടപ്പെടുന്നു. യൂറോകപ്പ് അരങ്ങു തകര്‍ക്കുന്ന അര്‍ധരാത്രികളിലെ എന്റെ ഫുട്‌ബോള്‍ സ്‌മരണകള്‍.
ReplyDeleteഇതു പെരുവഴിയല്ല , എക്സ്പ്രസ്സ് ഹൈവേ ആണ്. സഖാക്കള്‍ക്ക് തെക്കു വടക്കു പാതയെന്നും വിളിയ്ക്കാം . ഏതായാലും സംഗതികളൊക്കെ വന്നിട്ടുണ്ട് . ഷാഫി പെരുവഴിയിലാവില്ല . ബൂലോഗത്ത് നിന്ന്
ReplyDeletevallikkunnu.blogspot.com
ഷാഫീക്കാ.....
ReplyDeleteഞാനും ഒരു ഓറഞ്ച് ഫാന് ആണേ..
1988ല്‍ യുറോ നേടിയ വാന്-ബാസ്റ്റന് ഇപ്രാവശ്യം കോച്ചിന്റെ റോളില് Hollandഇനെ മുന്നില് എത്തിക്കും എന്ന് പ്രത്യാശിക്കാം...
ഒരു ഫുട്‌ബോള്‍ ഭ്രാന്തനല്ലെങ്കിലും എനിയ്ക്കിഷ്ടപ്പെട്ട ടീമാണ് ഹോളണ്ട്. 2002 ല്‍ അവരില്ലാത്തത് കുറച്ചു നിരാശപ്പെടുത്തിയിരുന്നു.
ReplyDeleteഎഴുത്ത് നന്നായി
ക്ലൈവര്‍ട്ട് എനിക്കൊരു അയല്‍ക്കാരന്‍ പയ്യന്‍റെ ഓര്‍മ്മകള്ളാന്‍ തരുന്നത്. ഏതോ ഒരു കളിയില്‍, ഏതാണെന്നെനിക്കോര്‍മ്മയില്ല, തനിക്കെതിരെ തെറ്റായി ഫൌള്‍ വിധിച്ച റഫറിയോട് തലയാട്ടി 'അല്ല' എന്ന് പറഞ്ഞ ഒരു സീന്‍ ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. കളിയുടെ വശ്യതകൊണ്ടു തന്നെ ഒട്ടേറെ പേരുടെ മനസ്സില്‍ ഇടം കണ്ട
ReplyDeleteടീമാന്‍ ഹോളണ്ട്, എന്‍റെയും
രാത്രി ഡ്യൂട്ടിക്കുള്ള ഉസ്‌താദ് നേരത്തെ ഉറങ്ങാനായിരിക്കും കളി കാണാന്‍ പോകുന്ന ദിവസത്തെ പ്രാര്‍ത്ഥന മുഴുവന്‍......
ReplyDeleteഈ കളിപ്രാന്തില്‍ ഞാനും സഹ പ്രാന്തനാകുന്നു....
nammude puram kalikal ormipichadinu nandi
ReplyDeletekalakki
ReplyDeleteഷാഫീ...ഞാനത് വീണ്ടും വായിച്ചു മഴക്കാലത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ ഒരു ഗൃഹാതുര സ്‌മരണ തന്നെ.. ഇത്തവണ നിന്റെ ഹോളണ്ട് ഏറെ മുന്നോട്ടു പോകുമെന്നു കരുതണ്ട. ഡെന്‍മാര്‍ക്കിനു മുമ്പില്‍ അവര്‍ പകച്ചു പോയത് കണ്ടില്ലേ... ജര്‍മനിയോടുള്ള കളി കണ്ടിട്ട് മാത്രമേ ശരിക്കും വിലയിരുത്താനാകൂ...
ReplyDelete