5.9.09

മഹാന്മാരുടെ ആള്‍ക്കൂട്ടവും മാഞ്ചസ്‌റ്റര്‍ സിറ്റിയും

ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റുകള്‍ അടഞ്ഞതിനു ശേഷം യൂറോപ്പിലെ ഫുട്‌ബാള്‍ ലീഗുകള്‍ വീണ്ടും തുടങ്ങിയിരിക്കുന്നു. ഓണവും നോമ്പുമൊക്കെ ആയതിനാലാവാം, എല്ലാ 'വര്‍ഷാദ്യ'ങ്ങളിലെയും പോലെ, തന്റെ ടീമിനു വേണ്ടി വാദിച്ചുകൊണ്ട്‌ ഒരു സുഹൃത്തും വിളിക്കുന്നില്ല. കളി കാണാന്‍ ആര്‍ക്കും നേരമില്ലെന്നു തോന്നുന്നു.

ഇഷ്ടങ്ങളുടെ നെടുകെ കത്തി പായിച്ചുകൊണ്ടാണ്‌ യൂറോപ്പിലെ ട്രാന്‍സ്‌ഫര്‍ ജാലകം അടഞ്ഞത്‌. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ കാര്‍ലോസ്‌ ടെവസിന്റെ 'വേര്‍പാടാ'ണ്‌ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും അര്‍ജന്റീനയെയും ഒരുപോലെ ഇഷ്ടപ്പെടുന്ന എനിക്ക്‌ വിഷമമായത്‌. ക്രിസ്‌റ്റിയാനോക്കൊപ്പം എ.സി. മിലാനില്‍ നിന്ന്‌ കക്കായും വന്നതോടെ റയല്‍ മാഡ്രിഡ്‌ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബായെന്ന്‌ തോന്നിയില്ല. റൊണാള്‍ഡോ, സിദാന്‍, ഫിഗോ, റൗള്‍, ബെക്കാം, റോബര്‍ട്ടോ കാര്‍ലോസ്‌, ഇകേര്‍ കസിയാസ്‌ തുടങ്ങിയവര്‍ ഒന്നിച്ചു പന്തു തട്ടിയിരുന്ന റയല്‍ മാഡ്രിഡിനോളം വരില്ലല്ലോ ഇപ്പോഴത്തേത്‌. അന്നവര്‍ താരാധിപത്യം മൂലം ഉഴറുകയായിരുന്നു. "റയല്‍ ഒരു ടീമല്ല; മഹാന്മാരുടെ ആള്‍ക്കൂട്ടമാണ്‌' എന്ന്‌ അന്ന്‌ അലിഗഡിലുണ്ടായിരുന്ന ശരീഫ്‌ കത്തെഴുതിയിരുന്നു.

യൂറോപ്യന്‍ ഫുട്‌ബാളിന്റെ നീക്കുപോക്കുകള്‍ ശരിയാംവണ്ണം അറിയുന്നയാളാണ്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ കോച്ച്‌ സര്‍ അലക്‌സ്‌ ഫെര്‍ഗൂസന്‍. വര്‍ഷങ്ങളായി ടീമിന്റെ നീക്കങ്ങളെല്ലാം കേന്ദ്രീകരിക്കപ്പെട്ടിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വിറ്റ്‌ കാശാക്കിയ ശേഷം അദ്ദേഹം വാങ്ങിയത്‌ മൈക്കല്‍ ഓവനെയും ലൂയി വലന്‍ഷ്യയെയും. റൊണാള്‍ഡോ പോയതിന്റെ ഒഴിവ്‌ ഈ സീസണില്‍ മാഞ്ചസ്‌റ്ററിന്റെ കളികളില്‍ കണ്ടില്ല. അന്താരാഷ്ട്ര രംഗത്ത്‌ അപ്രസക്തരായ റയാന്‍ ജിഗ്‌സിനെയും പോള്‍ ഷോള്‍സിനെയുമൊക്കെ ഫെര്‍ഗൂസന്‍ ഇപ്പോഴും നന്നായി ഉപയോഗപ്പെടുത്തുന്നു. ബര്‍ബറ്റോവ്‌, റൂണി, ഓവ ത്രയം മുന്‍നിരയില്‍ പരസ്‌പര ധാരണയോടെ കളിക്കുന്നു. മധ്യനിരയില്‍ നാനിയും ഷോള്‍സും ജിഗ്‌സും. പിന്നില്‍ നിന്ന്‌ കയറിക്കളിക്കുന്ന പാട്രീസ്‌ എവ്ര... മച്ചേഡ, വലന്‍ഷ്യ, പാര്‍ക്ക്‌, ആന്റേഴ്‌സണ്‍, കാരിക്‌ തുടങ്ങിയ "പ്രമുഖര്‍' സൈഡ്‌ ബെഞ്ചിലുണ്ട്‌. വിഗാന്‍ അത്‌ലറ്റിക്കിനെതിരെ മടക്കമില്ലാത്ത അഞ്ചു ഗോളിന്‌ നേടിയ ജയമാണ്‌ എന്നെ ഏറ്റവും ആകര്‍ഷിച്ചത്‌. അഞ്ചുഗോളും ഒന്നാന്തരമായിരുന്നു. ഈസി ഫുട്‌ബാളാണ്‌ അന്ന്‌ യുനൈറ്റഡ്‌ കളിച്ചത്‌. ഇനിയുള്ള മത്സരങ്ങള്‍ അത്ര ഈസി ആവുമോ എന്നറിയില്ല.

ഫെര്‍ഗൂസന്റെ ടീമില്‍ സൈഡ്‌ബെഞ്ചിലെ ഇരിപ്പിടം മടുത്ത്‌ കാര്‍ലോസ്‌ ടെവസ്‌ പിണങ്ങിപ്പോയി ഒടുവില്‍ എത്തിപ്പെട്ടത്‌ മാഞ്ചസ്റ്റര്‍ സിറ്റിയിലാണ്‌. അറബിയുടെ പണത്തിന്റെ ബലത്തില്‍ മറ്റൊരു ചെല്‍സിയാവാനുള്ള സിറ്റിയുടെ ശ്രമത്തെ എതിരാളികള്‍ ഭയക്കേണ്ടിയിരിക്കുന്നു. റോബീഞ്ഞോ നേരത്തെ അവിടെയുണ്ട്‌. ആര്‍സനല്‍ വിട്ടെത്തിയ അഡബയേറും ടെവസും പുതിയ കുപ്പായവുമായി ഇണങ്ങിക്കഴിഞ്ഞു. പുതിയ സീസണില്‍ വന്നവരെല്ലാം 'മരുന്നുകുപ്പി'കളാണ്‌. എവര്‍ട്ടന്‍ വിട്ടു വന്ന ലെസ്‌കോട്ട്‌ ആക്രമണകാരിയായ പ്രതിരോധ ഭടനാണ്‌. ബാഴ്‌സലോണയില്‍ നിന്നെത്തിയ സില്‍വീഞ്ഞോയെ ആണ്‌ നന്നായി ശ്രദ്ധിക്കേണ്ടത്‌. പൂച്ചക്കണ്ണും ചെമ്പിച്ച മുടിയും ക്ഷീണിതന്റെ മുഖഭാവവുമുള്ള ഈ ബ്രസീലുകാരന്‍ എത്ര കണിശക്കാരനാണെന്ന്‌ റയല്‍ മാഡ്രിഡിന്റെ കോച്ചിനോട്‌ ചോദിച്ചാല്‍ മതി. കഴിഞ്ഞ സീസണില്‍ ആര്‍സനലിനു വേണ്ടി പിന്‍നിരയില്‍ പണിയെടുത്ത കോളെ ടൂറെ കൂടി ചേരുന്നതോടെ സിറ്റിയുടെ പ്രതിരോധത്തില്‍ പഴുതുകള്‍ അടയുകയാണ്‌. പരാഗ്വേയുടെ പ്രധാന താരമായ റോക്കി സാന്താക്രൂസ്‌ ബയേണ്‍ മ്യൂണിക്കില്‍ നിന്നും, ഇംഗ്ലീഷ്‌ മധ്യനിര താരം ഗരെറ്റ്‌ ബാരി ആസ്റ്റണ്‍ വില്ലയില്‍ നിന്നും വന്നതാണ്‌ സിറ്റിയുടെ മറ്റ്‌ നേട്ടങ്ങള്‍.

റോക്കി സാന്താക്രൂസിനെ കൈവിട്ടെങ്കിലും ആര്‍യന്‍ റോബന്റെ അപ്രതീക്ഷിതമായ കടന്നുവരവ്‌ ബയേണ്‍ മ്യൂണിക്കിനെ ഈ സീസണില്‍ തെല്ലൊന്നുമല്ല സഹായിക്കുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കക്കാ, ബെന്‍സീമ തുടങ്ങിയവരെ വന്‍വിലക്ക്‌ സ്വന്തമാക്കിയ റയല്‍ മാഡ്രിഡ്‌ ചെയ്‌ത മണ്ടത്തരമാണ്‌ റോബന്റെ കച്ചവടം. കഴിഞ്ഞ സീസണിന്റെ രണ്ടാം പാദത്തില്‍ റയലിന്റെ നീക്കങ്ങളില്‍ നിര്‍ണ്ണായ സാന്നിധ്യമായിരുന്ന റോബനെ ഒഴിവാക്കിയത്‌, താരത്തിന്‌ ഇടക്കിടെ പരിക്കേല്‍ക്കുന്നു എന്നു പറഞ്ഞാണ്‌. വെസ്ലി സ്‌നൈഡറിനെ നേരത്തെ വിറ്റുകളഞ്ഞ റയല്‍ റോബനെക്കൂടി വേണ്ടെന്ന്‌ വെച്ചത്‌ ഫുട്‌ബാള്‍ ആരാധകരെ അത്ഭുതപ്പെടുത്തി. ഗോള്‍ ഡോട്ട്‌ കോമില്‍ ഇതു സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ ഒരാള്‍ ഈ തീരുമാനത്തെ പറ്റി പ്രതികരിച്ചത്‌ എനിക്കിഷ്ടപ്പെട്ടു: REAL MADrid. മ്യൂണിക്കില്‍ വിമാനമിറങ്ങി മണിക്കൂറുകള്‍ക്കകം കളത്തിലെത്തിയ റോബന്‍ രണ്ട്‌ ഗോള്‍ നേടി തന്റെ ജര്‍മന്‍ അരങ്ങേറ്റം ഭംഗിയാക്കി. റോബന്റെ ബലത്തില്‍, സീസണില്‍ ആദ്യമായി മ്യൂണിക്ക്‌ അന്ന്‌ ജയിക്കുകയും ചെയ്‌തു.
വിംഗുകള്‍ മാറിക്കളിക്കാന്‍ പ്രത്യേക വൈഭവമുള്ള റോബന്റെ അഭാവം കക്കാ നികത്തുമെന്ന്‌ ചുരുങ്ങിയപക്ഷം എനിക്കെങ്കിലും തോന്നുന്നില്ല. ക്രിസ്‌റ്റിയാനോയുടെയും കക്കായുടെയും ശൈലികള്‍ തമ്മില്‍ യോജിച്ചുപോകുമോ എന്നതിലും സംശയമുണ്ട്‌. മഹാന്മാരുടെ ആള്‍ക്കൂട്ടം എന്ന ദുരന്തം റയല്‍ ആവര്‍ത്തിക്കുമെന്നാണ്‌ തോന്നുന്നത്‌. സ്‌പാനിഷ്‌ ലീഗ്‌ ബാഴ്‌സലോണ നേടില്ലെന്ന്‌ വിചാരിക്കാന്‍ കാരണങ്ങളൊന്നും ഞാന്‍ കാണുന്നില്ല.

മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ മുന്നേറ്റം ഏതറ്റം വരെ പോകുമെന്നും ബയേണ്‍ മ്യൂണിക്ക്‌ ബുണ്ടസ്‌ ലീഗ കിരീടം തിരിച്ചുപിടിക്കുമോ എന്നും റയല്‍ മാഡ്രിഡ്‌ ലീഗില്‍ എത്രാമതായി ഫിനിഷ്‌ ചെയ്യുമെന്നുമാണ്‌ ഈ സീസണില്‍ ഞാന്‍ ഉറ്റു നോക്കുക.

1 comment:

  1. പ്രീമിയര്‍ ലീഗ്‌, ബുണ്ടെസ്‌ ലിഗ, സ്‌പാനിഷ്‌ ലീഗ്‌.
    എന്റെ ചില കണക്കുകൂട്ടലുകള്‍.

    ReplyDelete

പ്രതികരണം