27.4.09

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിട്ടുണ്ടോ?


ലോകത്തുള്ള ആളുകളെ മൊത്തം രണ്ടായി വിഭജിക്കാം. ഒന്ന്‌: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍, രണ്ട്‌: അത്‌ ഉപയോഗിക്കാത്തവര്‍. ധൃതിയും വേഗവും കൂടിയ ഇക്കാലത്ത്‌ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക എന്നത്‌ മഹത്വമോ ഉപയോഗിക്കാതിരിക്കുക എന്നത്‌ അയോഗ്യതയോ ആണെന്നു ആരെങ്കിലും പറയുമെന്നു തോന്നുന്നില്ല. ചുറ്റുപാടും മനസ്ഥിതിയും ആവശ്യവുമാണ്‌ മൊബൈല്‍ ഉണ്ടാവുക/ഇല്ലാതിരിക്കുക എന്നതിന്റെ മാനദണ്ഡം. മൊബൈല്‍ ഫോണ്‍ ഉള്ളവരെ തന്നെ പലതായി തരംതിരിക്കാന്‍ കഴിയും. വില കുറഞ്ഞത്‌/കൂടിയത്‌ ഉപയോഗിക്കുന്നവര്‍, മൊബൈലില്‍ നിന്ന്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍, അത്യാവശ്യത്തിനു ഫോണ്‍ ചെയ്യാന്‍ മാത്രം അത്‌ കൊണ്ടു നടക്കുന്നവര്‍, ട്വന്റി ഫോര്‍ അവര്‍ എന്നു പറഞ്ഞ മാതിരി അതും ചെവിട്ടില്‍ തിരുകി നടക്കുന്നവര്‍... ഈ പട്ടിക നിങ്ങളുടെ ഇഷ്‌ടത്തിനും കാഴ്‌ചപ്പാടിനും അനുസരിച്ചങ്ങനെ നീട്ടിക്കൊണ്ടു പോകാവുന്നതാണ്‌.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ മറ്റൊരു രീതിയില്‍ തരംതിരിക്കാനാണ്‌ ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്‌. അതായത്‌ ഒന്ന്‌: ഉള്ള മൊബൈല്‍ ഇതുവരെ നഷ്‌ടപ്പെടാത്തവര്‍, രണ്ട്‌: നഷ്‌ടപ്പെട്ടവര്‍. ഇന്നലെ വൈകീട്ട്‌ ആറു മണിവരെ ഭാഗ്യവാന്മാരായ ആദ്യഗണത്തിലായിരുന്നു ഞാന്‍. കോഴിക്കോട്‌ കടപ്പുറത്തെ മേഘം മൂടിയ സായന്തനത്തില്‍ നാലഞ്ച്‌ സുഹൃത്തുക്കളോടൊപ്പം ആള്‍ക്കൂട്ടത്തിനിടയിലൂടെ കാറ്റുകൊണ്ട്‌ കാഴ്‌ചകണ്ട്‌ നടക്കുന്നതിനിടയില്‍, ഏതാണ്ട്‌ ആറരയായിക്കാണും ഞാന്‍ ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. പോക്കറ്റില്‍ മൊബൈല്‍ ഇല്ല.

നഷ്‌ടപ്പെട്ടത്‌ കഴിഞ്ഞ സെപ്‌തംബറില്‍ 1800 രൂപക്കു വാങ്ങിയ എല്‍.ജിയുടെ എഫ്‌.എം. മൊബൈല്‍. ഉപയോഗിച്ചിരുന്ന നമ്പര്‍: 9447357850. 9946139890 എന്ന എന്റെ പൂര്‍വകാല സിംകാര്‍ഡിനെ ബാറ്ററിക്കു മുകളില്‍ കുടിയിരുത്തിയിരുന്നു- ബി.എസ്‌.എന്‍.എല്‍ റേഞ്ച്‌ ഇല്ലാത്ത സ്ഥലങ്ങളിലോ ആ സിമ്മില്‍ ബാലന്‍സില്ലാത്തപ്പോഴോ ഉപയോഗിക്കുന്നതിനുള്ള കരുതലായി മാത്രം.

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുക എന്നാല്‍ ജീവിതത്തില്‍ മറ്റൊന്നും നഷ്ടപ്പെടുന്നതു പോലെയല്ലെന്ന്‌ എനിക്ക്‌ വളരെ പെട്ടെന്ന്‌ മനസ്സിലായി. ഏതു രഹസ്യവും പറയാവുന്ന ഒരു സുഹൃത്ത്‌ അപ്രതീക്ഷിതമായി നമ്മെ ഉപേക്ഷിച്ചുപോകുന്നതിന്റെ നടുക്കം മൊബൈല്‍ നഷ്ടപ്പെട്ടുകഴിഞ്ഞു എന്നറിഞ്ഞ നിമിഷം എന്നെ പിടികൂടുന്നതറിഞ്ഞു. ഏറെക്കാലമായി എന്റെ ബന്ധങ്ങളെ സംരക്ഷിച്ചു പോന്ന രൂപത്തില്‍ ചെറുതും അനുഭവത്തില്‍ വളരെ വലുതുമായൊരുപകരണമായിരുന്നു അത്‌. യാത്രകളിലെ മുഷിയുന്ന ഏകാന്തതയെ ശമിപ്പിച്ച, കടപ്പുറത്തും റെയില്‍വേ സ്റ്റേഷനിലും മാനാഞ്ചിറയിലും പേരില്ലാത്ത അനേകം സ്ഥലങ്ങളിലും വിരസമായ കാത്തിരിപ്പുകളെ സഹ്യമാക്കിയ, എത്ര അകലത്തുള്ള സുഹൃത്തും ഒരു മിസ്സ്‌ഡ്‌കാള്‍ ദൂരത്തിനുള്ളില്‍ ഏറ്റവുമടുത്തുണ്ടെന്ന്‌്‌ ആശ്വസിപ്പിച്ച, നട്ടപ്പാതിരകളില്‍ വിളിച്ചുണര്‍ത്തി ഗുഡ്‌നൈറ്റ്‌ പറയുന്ന സൗഹൃദങ്ങളുടെ കുസൃതികളൊളിപ്പിച്ച, ആഹ്ലാദകരമായ നിമിഷങ്ങള്‍ മെസ്സേജുകളായി പറത്തിവിടാവുന്ന കറുത്തു മെലിഞ്ഞ ഒരുപകരണം. സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പരാതിയുടെയും കോപത്തിന്റെയും വാക്കുകള്‍ വൈദ്യുത തരംഗമായെത്തി തട്ടിയുണര്‍ത്തിയിരുന്നു അതിലൂടെ. ചിലപ്പോഴെങ്കിലും, അതിനെ മൗനമാക്കി വെച്ച്‌ ലോകത്തോട്‌ പ്രതിഷേധിക്കാറുണ്ടായിരുന്നു ഞാന്‍.

ഏറെ നാളുകള്‍ക്കു ശേഷമുള്ള ഒത്തുചേരലിന്റെ സന്തോഷം കളിപറഞ്ഞും പോപ്പ്‌കോണ്‍ കൊറിച്ചും ഞങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ഞായറാഴ്‌ചയായതിനാല്‍ കടപ്പുറത്ത്‌ പതിവിലധികം ആളുകള്‍. പ്രണയം രണ്ടു മനസ്സുകളിലുണ്ടാക്കുന്ന ഏറ്റവും വിസ്‌തൃതമായ അവസ്ഥ ആസ്വദിച്ചിരിക്കുന്ന പലരെ വിലയിരുത്തി, ബലൂണ്‍ പിടിച്ചും പട്ടം പറത്തിയും ഉപ്പുവെള്ളത്തില്‍ കളിച്ചും പ്രായത്തിന്റെ അര്‍ഹത തെളിയിക്കുന്ന കുട്ടികളെ കണ്ട്‌ മനംനിറഞ്ഞ്‌, കച്ചവടക്കാരടെ ബഹളങ്ങളൊഴിഞ്ഞ്‌, എന്തും സാധ്യമാണെന്ന്‌ ധരിച്ച്‌ ചുറ്റുവട്ടത്തെ കൂടിയ അളവില്‍ ആത്മവിശ്വാസത്തോടെ നോക്കുന്ന കൗമാരക്കാരുടെ ഒച്ചകളില്‍ പങ്കെടുത്ത്‌ കനംകുറഞ്ഞായിരുന്നു ഞങ്ങളുടെ നടത്തം. ആകാശം മേഘാവൃതമായതിനാല്‍ പതിവിലും നേരത്തെ ഇരുട്ട്‌ പരന്നു തുടങ്ങിയെന്നും ആള്‍ക്കൂട്ടത്തെ ചിതറിക്കാന്‍ മഴവരുമെന്നും തോന്നിച്ചു. മേഘക്കീറിനിടയിലൂടെ കടലില്‍ ദൂരെ വൈകുന്നേര വെയില്‍ വീഴുന്നുണ്ടായിരുന്നു. ഒറ്റക്കിരുന്ന്‌ ജീവിതത്തെയോ മരണത്തെയോ കുറിച്ച്‌ ഗാഢമായി ആലോചിക്കുന്ന ഏതാനും ആണുങ്ങളെയും കണ്ടു.

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു എന്നറിഞ്ഞതോടെ ഞങ്ങളുടെ ആഘോഷം പെട്ടെന്നു നിലച്ചു. ആഹ്ലാദത്തോടെ പിന്നിട്ട വഴികള്‍ മൗനമായും ഉദ്വേഗത്തോടെയും തിരഞ്ഞ്‌ തിരിച്ചുനടന്നു. റസ്‌റ്റോറണ്ടിലെ സീറ്റിനു ചുവട്ടിലും കൂടിനിന്നിരുന്നിടത്തെ മണലിനടിയിലും ടൈല്‍സ്‌ പാകിയ തിട്ടയുടെ ഒതുക്കുകളിലും ശ്രദ്ധയോടെ തെരഞ്ഞു. ആളുകളെ ഒറ്റ തിരിച്ചും സംശയത്തോടെയും വീക്ഷിക്കാന്‍ തുടങ്ങി. നഷ്ടപ്പെട്ടതു മുതല്‍ മൊബൈല്‍ സ്വിച്ചോഫ്‌ ആയിരുന്നതിനാല്‍ അത്‌ ആരുടെയോ കയ്യിലെത്തിയിട്ടുണ്ടെന്നുറപ്പായിരുന്നു. എങ്കിലും വെറുതെ ഒരു സമാധാനത്തിന്‌ കുറെ തെരഞ്ഞതിനു ശേഷം, അവരുടെ ഒഴിവുദിനത്തിന്റെ പ്രസന്നത കളഞ്ഞതിനു മാപ്പു ചോദിച്ച്‌ പണിത്തിരക്കിലേക്ക്‌ ഞാന്‍ ഒറ്റക്കു മടങ്ങി. പിന്നെ, ഇത്തരം അവസ്ഥകളില്‍ അനിവാര്യമായ ശേഷക്രിയകള്‍ പൂര്‍ത്തിയാക്കി.

ഒരവയവം മുറിച്ചു മാറ്റപ്പെട്ടതിന്റെ അസ്വസ്ഥത ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഹാന്‍ഡ്‌സെറ്റിനോടുള്ള ആഭിമുഖ്യമല്ല, അതിനകത്തുണ്ടായിരുന്ന ലോകം നഷ്ടമായതിന്റെ സങ്കടമാണത്‌. ഒറ്റപ്പെട്ട ചില തുരുത്തുകളിലുള്ള ബന്ധങ്ങള്‍ എനിക്ക്‌ എന്നെന്നേക്കുമായി ഇല്ലാതാകുന്നു. ദീര്‍ഘകാലത്തെ അനുഭവങ്ങളില്‍ നിന്നു ഞാന്‍ അന്വേഷിച്ചു കണ്ടെത്തിയവയായിരുന്നു അതില്‍ പലതും. അവയിലേക്കെത്തിപ്പെടാന്‍ എനിക്കു വേറെ വഴികളില്ല. തീവ്രമായ മുഹൂര്‍ത്തങ്ങളില്‍ തലോടുകയോ തല്ലുകയോ ചെയ്‌ത എസ്‌.എം.എസുകളും പോയി. ഡ്രാഫ്‌റ്റില്‍ സേവ്‌ ചെയ്‌തു വച്ച, ഒരിക്കലും കളഞ്ഞുകൂടാത്ത പല വരികളും കണക്കുകളും എന്നെന്നേക്കുമായി ഡിലീറ്റായി. ജീവിതം ചില വഴിത്തിരിവുകളില്‍ നമുക്ക്‌ പ്രതീക്ഷിക്കാന്‍ കഴിയാത്ത ചിലത്‌ ഇങ്ങനെ കരുതിവെക്കുമെന്നും അവയ്‌ക്കനന്തരം എന്തൊക്കെയാവുമെന്നും കാത്തിരുന്നു കാണുക മാത്രമേ വഴിയുള്ളൂവെന്നും ഞാനിപ്പോള്‍ ആഴത്തില്‍ അറിയുന്നു.

11 comments:

  1. മൊബൈല്‍ നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള
    ഉമ്പാച്ചിയുടെ കവിത
    ക്ക്‌ ആദ്യം കമന്റ്‌ ചെയ്‌തവരില്‍ ഒരാള്‍ ഞാനാണ്‌. ഇപ്പോള്‍ ആ വിഷയത്തിലൊരു പോസ്‌റ്റിടാന്‍ എനിക്കും ഭാഗ്യമുണ്ടായി.

    ReplyDelete
  2. സാരമില്ല..ഷാഫി ചേട്ടാ...മൊഫീല് കിട്ടും...എന്നാലും ഇതു, മൊബൈല്‍ പൊകുന്നതു ജീവിതത്തില്‍ വലിയൊരു ശൂന്യത ഉണ്ടാക്കും..

    ReplyDelete
  3. എന്റെ മൊബൈല്‍ നഷ്ടപ്പെട്ടിട്ട് കഴിഞ്ഞയാഴ്ച് ഒരു വര്‍ഷം തികഞ്ഞതെയുള്ളൂ...

    ReplyDelete
  4. പോട്ടേ മുത്തേ ..........ഒക്കെ ശരിയാവും.......
    നമുക്ക് പുതിയതൊന്നു വാങ്ങിക്കാം

    ReplyDelete
  5. Don't cry while u lose ur mobile, but be practical and take precautionary steps to backup all your data.

    I am using Sony Erricson w810i. I do backup the whole data in the card to my laptop which in turn is backed up to our company backup server.

    If I lose my mobile, buy a same model mobile, restore the data card from the backup and visit the nearest shop of the provider (Airtel) and get a sim with the same old number!

    You have your old mobile in a couple of days!

    ReplyDelete
  6. എടാ.. ഷാഫി
    ഒരു മൊബൈല്‍ ഉണ്ടെന്നു വെച്ച്‌ നീ കുറെ അഹങ്കരിച്ചിരുന്നു. ഇപ്പോള്‍ നിന്റെ അഹങ്കാരത്തിന്‌ പടച്ചോന്‍ ചെറിയൊരു ഡോസ്‌ തന്നു എന്നു മാത്രം കരുതി സമാധാനിച്ചാല്‍ മതി...

    കിടന്ന്‌ മോങ്ങാതെ തല്‍ക്കാലം പുതിയൊരെണ്ണം വാങ്ങാന്‍ നോക്ക്‌...

    ReplyDelete
  7. നിന്നെ സമാധാനിപ്പിക്കാന്‍ വാക്കുകളില്ല....
    എന്റെ സന്തോഷത്തെ പറഞ്ഞറിയിക്കാനും വാക്കുകളില്ല, ഒരുപാട്‌ ഒലത്തിയതല്ലേ. കണ്ടില്ലേ 'ആര്‍ബി' വിളിക്കുന്നത്‌ കണ്ടില്ലേ... എഫ്‌.എം റേഡിയോ വച്ച്‌ കളിയാക്കി നടന്നില്ലേ. ഹാവൂ... സമാധാനമായി.

    ReplyDelete
  8. പുതിയ മൊബൈല്‍ ഞാന്‍ വാങ്ങിത്തരാം. ഏതു മോഡലാ വേണ്ടതെന്ന്‌ പറഞ്ഞാല്‍ മതി, എന്റെ പി.എ ശരീഫിനെ (സാഗര്‍) വിട്ട്‌ നിനക്ക്‌ എത്തിച്ചു തരാം.

    ReplyDelete
  9. അയ്യോ...
    കഷ്ടടായല്ലോ എന്ടിഷ്ട്ടാ...

    അല്ല.. ആ മൊഫീലില് "Anti-Theft Mobile Tracker" എന്ന ഓപ്ഷന്‍ ഇല്ലായിരുന്നോ ?
    LG യുടെ ഒട്ടുമിക്ക മൊഫീലിലും അത് ഉണ്ട്...
    ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ... പോയത് പോയി..
    പുതിയത് വാങ്ങിക്കാന്‍ നോക്ക്...

    ReplyDelete
  10. നോക്കി നില്‍ക്കെ,
    നെഞ്ചിടിപ്പുകളോട് ചേര്‍ന്ന് നിന്നൊരു ചങ്ങാതി
    ആഴത്തിലേക്ക് കൈവിട്ടു പോയ പോലൊരാന്തല്‍...

    ReplyDelete

പ്രതികരണം