27.4.10

സ്വന്തം ലേഖകന്‍ ഗാബോ

എല്‍ എസ്‌പെക്‌റ്റാഡറിന്റെ പ്രസാധകന്‍ ഗില്ലര്‍മോ കാനോ എന്നെ ഫോണില്‍ വിളിച്ചു. ആയിടെ മാത്രം തുറന്ന ബില്‍ഡിംഗില്‍ അദ്ദേഹത്തിന്റെ ഓഫീസിനേക്കാള്‍ നാലു നിലകളുയരെയുള്ള അല്‍വാരോ മ്യൂതിസിന്റെ ഓഫീസില്‍ ഞാനുണ്ടെന്നറിഞ്ഞപ്പോഴാണത്‌. തൊട്ടുമുമ്പത്തെ രാത്രിയില്‍ മാത്രം എത്തിച്ചേര്‍ന്ന ഞാന്‍ അല്‍വാരോ മ്യൂതിസിന്റെ ഒരുപറ്റം സുഹൃത്തുക്കള്‍ക്കൊപ്പം ലഞ്ച്‌ കഴിക്കാന്‍ ഒരുങ്ങുകയായിരുന്നു. പക്ഷേ, ആദ്യം ഹലോ പറയാന്‍ ഞാന്‍ നില്‍ക്കണമെന്ന്‌ ഗില്ലര്‍മോ ശഠിച്ചു. ഞാന്‍ സമ്മതിച്ചു. സംഭാഷണണത്തിന്റെ ആമുഖമെന്നമട്ടിലുള്ള തുടര്‍ച്ചയായ ആലിംഗനങ്ങള്‍ക്കും അന്നത്തെ വാര്‍ത്തകളെ കുറിച്ചുള്ള ഒന്നോ രണ്ടോ വാചകങ്ങള്‍ക്കും ശേഷം എന്നെ കൈയോടെ കീഴടക്കിയ അദ്ദേഹം ന്യൂസ്‌റൂമിലെ തന്റെ സുഹൃത്തുക്കളില്‍ നിന്ന്‌ എന്നെ അകലേക്കു കൊണ്ടുപോയി. `ഒരു മിനുട്ട്‌ ഇതൊന്നു കേള്‍ക്കൂ ഗബ്രിയേല്‍...' സംശയാതീതമായ നിഷ്‌കളങ്കതയോടെ അദ്ദേഹം പറഞ്ഞു. `പത്രം പ്രസ്സിലേക്കയക്കുന്നതിനു മുമ്പ്‌ ഒരു ചെറിയ എഡിറ്റോറിയലെഴുതിത്തന്ന്‌ എനിക്ക്‌ വലിയൊരുപകാരം ചെയ്‌തുകൂടേ?...' പെരുവിരലും ചൂണ്ടുവിരലുമുപയോഗിച്ച്‌ അരഗ്ലാസ്‌ വെള്ളത്തിന്റെ ആംഗ്യം കാണിച്ച്‌ അദ്ദേഹം വ്യക്തമാക്കി: `ഇത്തിരിപ്പോന്നത്‌.'

അദ്ദേഹത്തേക്കാള്‍ ആഹ്ലാദവാനായിത്തീര്‍ന്നിരുന്ന ഞാന്‍, എവിടെ ഇരിക്കും എന്നു ചോദിച്ചു. പഴയൊരു ടൈപ്പ്‌റൈറ്ററുള്ള ശൂന്യമായ ഡെസ്‌ക്‌ അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൂടുതല്‍ ചോദ്യങ്ങളൊന്നും കൂടാതെ നല്ലൊരു വിഷയമാലോചിച്ച്‌ ഞാനവിടെ ഇരിപ്പുറപ്പിച്ചു. അതേ ഡെസ്‌കില്‍, അതേ കസേരയില്‍ അതേ ടൈപ്പ്‌റൈറ്ററിനൊപ്പം തുടര്‍ന്നുള്ള പതിനെട്ടു മാസങ്ങളും ഞാനവിടെ ഇരുന്നു.

ഞാന്‍ വന്നു മിനുട്ടുകള്‍ക്കകം ഒരു കെട്ട്‌ പേപ്പറുകളില്‍പ്പൊതിഞ്ഞ്‌ ഡെപ്യൂട്ടി എഡിറ്റര്‍ എഡ്വാഡോ സെലമേയ ബോഡ അടുത്ത ഓഫീസില്‍ നിന്ന്‌ പുറത്തേക്കു വന്നു. എന്നെ തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയി.

`ഏയ്‌... പ്രഭു ഗാബോ!' ഗാബിതോ എന്നതിന്റെ ചുരുക്കമായി ചുരുക്കമായി ബാരന്‍ക്വിലയില്‍ താന്‍ കണ്ടെത്തിയ പേരുപയോഗിച്ച്‌ അലറുംപോലെ അദ്ദേഹമെന്നെ വിളിച്ചു. അദ്ദേഹം മാത്രമാണ്‌ എന്നെ ആ പേരു വിളിച്ചിരുന്നതും. അധികം വൈകാതെ ന്യൂസ്‌ റൂമിലാകെ ആ പേര്‌ പരന്നു. പിന്നെ പ്രിന്റില്‍ വരെ അവര്‍ ഗാബോ എന്നുപയോഗിക്കാന്‍ തുടങ്ങി.
ഗില്ലര്‍മോ കാനോ എന്നെക്കൊണ്ടെഴുതിച്ച എഡിറ്റോറിയലിന്റെ വിഷയം എന്തായിരുന്നെന്ന്‌ ഓര്‍ക്കുന്നില്ല. യൂനിവേഴ്‌സിദാദ്‌ നാഷ്യോണലിലായിരുന്ന കാലം മുതല്‍ എല്‍ എസ്‌പെക്‌റ്റാഡറിന്റെ രാജകീയ ശൈലി എനിക്കു സുപരിചിതമായിരുന്നു. വിശേഷിച്ച്‌ എഡിറ്റോറിയല്‍ പേജിലെ `ഡേ ബൈ ഡേ' വിഭാഗത്തില്‍ ഉപയോഗിച്ചിരുന്ന, ഏറ്റവും അര്‍ഹമായ അന്തസ്സണിഞ്ഞിരുന്ന ശൈലി. വിപത്തിന്റെ ഭൂതങ്ങളെ നേരിടുന്ന ലൂയിസ സാന്റിയാഗയുടെ മനോധൈര്യത്തോടെ ഞാനത്‌ അനുകരിക്കാന്‍ തീരുമാനിച്ചു. അരമണിക്കൂറിനകം എഴുത്തു പൂര്‍ത്തിയാക്കി, കൈ കൊണ്ട്‌ ചില തിരുത്തലുകള്‍ വരുത്തി ഞാനത്‌ ഗില്ലര്‍മോ കാനോയെ ഏല്‍പ്പിച്ചു. വെള്ളെഴുത്തു കണ്ണടയുടെ അര്‍ധവൃത്തത്തിനു മുകളിലൂടെ അത്‌ വായിക്കുമ്പോള്‍ അദ്ദേഹം എഴുന്നേറ്റു നിന്നു. ആ ഏകാഗ്രത അദ്ദേഹത്തിന്റെ മാത്രമല്ല, 1887-ല്‍ പത്രം സ്ഥാപിച്ച ഡോണ്‍ ഫിദല്‍ കാനോയില്‍ നിന്നു തുടങ്ങുന്ന, വെള്ള മുടിയുള്ള എല്ലാ പൂര്‍വികരുടേതുമാണെന്ന്‌ തോന്നി. ഡോണ്‍ ഫിദലിന്റെ മകന്‍ ഡോണ്‍ ഗബ്രിയേലിലൂടെ തുടരുകയും അദ്ദേഹത്തിന്റെ സഹോദരന്‍ ഡോണ്‍ ഗബ്രിയേല്‍ വഴി ശക്തിപ്പെടുകയും രക്തയോട്ടത്തില്‍ അലിഞ്ഞു ചേരുകയും ചെയ്‌തിരുന്ന പത്രം അദ്ദേഹത്തിന്റെ പേരമകനായ ഗില്ലര്‍മോവിനാല്‍ പൂര്‍ണ്ണവളര്‍ച്ചയിലെത്തിയിരുന്നു. വെറും ഇരുപത്തി മൂന്ന്‌ വയസ്സുള്ളപ്പോഴാണ്‌ അദ്ദേഹം പത്രത്തിന്റെ ജനറല്‍ മാനേജ്‌മെന്റ്‌ ഏറ്റെടുക്കുന്നത്‌. തന്റെ പൂര്‍വികര്‍ ചെയ്യുമായിരുന്ന ചെറിയ ഒന്നുരണ്ടു പുനര്‍വായനകള്‍ക്കു ശേഷം, എന്റെ പുതിയ പേരിന്റെ പ്രായോഗികവും ലളിതവുമായ ഉപയോഗത്തോടെ അദ്ദേഹം അവസാനിപ്പിച്ചു: `വളരെ നന്നായിട്ടുണ്ട്‌, ഗാബോ.'

തിരിച്ചുപോരുന്ന രാത്രിയില്‍, എന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന കാലത്തോളം ഒരേ പോലെ ആയിരിക്കില്ല ബൊഗോട്ട എന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു. രാജ്യത്തെ പല ആകസ്‌മിക ദുരന്തങ്ങളെയും പോലെ ഏപ്രില്‍ 9, ഓര്‍മ്മിക്കാവുന്ന ചരിത്രത്തേക്കാള്‍ മറക്കാനുള്ള കാര്യങ്ങളാണ്‌ പ്രദാനം ചെയ്‌തിരുന്നത്‌. ഹോട്ടല്‍ ഗ്രാനഡ നൂറുകണക്കിനു വയസ്സായ അതിന്റെ പാര്‍ക്കില്‍ നിലംപരിശാക്കപ്പെട്ടിരുന്നു. തല്‍സ്ഥാനത്ത്‌ ബാങ്കോ ദെ ലാ റിപ്പബ്ലിക്കയുടെ പുതിയ കെട്ടിടം ഉയരാനും തുടങ്ങി. ഞങ്ങളുടെ കാലത്തുള്ള പഴയ തെരുവുകള്‍, നല്ല വെളിച്ചമുള്ള തെരുവുതീവണ്ടികളുടേത്‌ മാത്രമായിക്കഴിഞ്ഞെന്നു തോന്നി. ചരിത്രപ്രസിദ്ധമായ കുറ്റകൃത്യങ്ങള്‍ നടന്നിരുന്ന ഭാഗത്തിന്റെ ഗാംഭീര്യം തീപ്പിടുത്തം കൈയടക്കിയ പ്രദേശങ്ങളില്‍ നഷ്ടമായിരുന്നു. `ഇപ്പോഴിത്‌ ശരിക്കും വലിയൊരു നഗരം പോലെയുണ്ട്‌.' ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ആരോ അത്ഭുതത്തോടെ പറഞ്ഞു. `ഏപ്രില്‍ 9-നോട്‌ നാം കടപ്പെട്ടിരിക്കുന്നു' എന്ന പതിവു ചൊല്ലോടെ അയാള്‍ എന്റെ ഹൃദയം തകര്‍ക്കുകയും ചെയ്‌തു.
അല്‍വാരോ മ്യൂതിസ്‌ എന്നെ പ്രതിഷ്‌ഠിച്ച പേരില്ലാത്ത സ്ഥാനത്ത്‌ മറ്റെവിടത്തേക്കാളും ഞാന്‍ സുരക്ഷിതനായിരുന്നു. ദേശീയോദ്യാനത്തിന്റെ മറുവശത്തുള്ള, ദൗര്‍ഭാഗ്യത്താല്‍ മനോഹരമാക്കപ്പെട്ട വീട്ടിലെ ആദ്യരാത്രിയില്‍, തൊട്ടടുത്ത റൂമില്‍ ആഹ്ലാദകരമായൊരു യുദ്ധത്തിലെന്ന പോലെ ഒച്ചയുണ്ടാക്കി കിടപ്പറ പങ്കിടുന്ന അയല്‍ക്കാരോടുള്ള അസൂയ അടക്കാന്‍ എനിക്കായില്ല. പക്ഷേ, അടുത്ത ദിവസം അവര്‍ പോകുന്നതു കണ്ടപ്പോള്‍ അതവര്‍ തന്നെയാണെന്ന്‌ എനിക്ക്‌ വിശ്വസിക്കാനായില്ല. പൊതു അനാഥാലയത്തിലെ വസ്‌ത്രം ധരിച്ച മെലിഞ്ഞുചടച്ച ഒരു പെണ്‍കുട്ടിയും വെള്ളിമുടികളോടു കൂടിയ വയസ്സായ ഒരു മാന്യനും. രണ്ടു മീറ്റര്‍ ഉയരമുണ്ടായിരുന്ന അയാള്‍ അവളുടെ മുത്തച്ഛനായിരിക്കാമെന്നു തോന്നി. എനിക്കു തെറ്റിപ്പോയതാവാമെന്നു ഞാന്‍ വിചാരിച്ചെങ്കിലും അതിനു ശേഷമുള്ള ഓരോ രാത്രിയിലും പ്രഭാതം വരെ മരണം പോലെ അട്ടഹസിച്ചു കൊണ്ട്‌ അവര്‍ എനിക്ക്‌ ഉറപ്പു തന്നു.

എഡിറ്റോറിയല്‍ പേജിലെ പ്രധാനപ്പെട്ട ഭാഗത്താണ്‌ എല്‍ എസ്‌പെക്‌റ്റാഡര്‍ എന്റെ കുറിപ്പ്‌ പ്രസിദ്ധീകരിച്ചിരുന്നത്‌. വലിയ കടകളില്‍ സെയില്‍സ്‌ ക്ലാര്‍ക്കുമാരെ ആനന്ദിപ്പിക്കാനുപയോഗിച്ചിരുന്ന മുഴങ്ങുന്ന ഇംഗ്ലീഷ്‌ ഉച്ചാരണം കൊണ്ട്‌ മ്യൂതിസ്‌ എനിക്കായി നിര്‍ദ്ദേശിച്ച വസ്‌ത്രങ്ങള്‍ വാങ്ങിക്കൊണ്ട്‌ പ്രഭാതങ്ങള്‍ ഞാന്‍ ചെലവിട്ടു. ഗോണ്‍സാലോ മല്ലേറിനോയ്‌ക്കും, ഞാന്‍ ചങ്ങാത്തത്തിനു വരുമെന്നതിനാല്‍ ക്ഷണിക്കപ്പെട്ട മറ്റ്‌ യുവ എഴുത്തുകാര്‍ക്കുമൊപ്പമായിരുന്നു ഉച്ചഭക്ഷണം. മൂന്നുദിവസത്തേക്ക്‌ ഗില്ലര്‍മോ കാനോ ഒന്നും പറഞ്ഞു കേട്ടില്ല. ഞാന്‍ മ്യൂതിസിന്റെ ഓഫീസിലായിരിക്കുമ്പോള്‍ അദ്ദേഹം വിളിച്ചു:
`ശ്രദ്ധിക്കൂ ഗാബോ, നിങ്ങള്‍ക്കിതെന്തു പറ്റി?' പ്രസാധകന്റെ ഗൗരവം ദരിദ്രമായി അനുകരിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു: `ഇന്നലെ നിങ്ങളുടെ ലേഖനം കാത്തുനിന്നതു കാരണം പത്രം പ്രസ്സില്‍ പോകാന്‍ വൈകി.'
അദ്ദേഹവുമായി സംസാരിക്കാന്‍ ഞാന്‍ താഴെ ന്യൂസ്‌റൂമിലേക്കു പോയി. പിന്നീട്‌ ഒരാഴ്‌ചയിലധികം, ജോലിയെക്കുറിച്ചോ ശമ്പളത്തെക്കുറിച്ചോ ആരും എന്നോട്‌ സംസാരിക്കാതിരുന്നിട്ടും, പേരുവെക്കാത്ത എഡിറ്റോറിയലുകള്‍ എന്നും ഉച്ചക്കു ശേഷം എന്തിനുവേണ്ടിയായിരുന്നു എഴുതിക്കൊണ്ടിരുന്നത്‌ എന്ന്‌ എനിക്കിപ്പോഴും തിട്ടമില്ല. ഇടവേളകളിലെ സംസാരങ്ങളില്‍ റിപ്പോര്‍ട്ടര്‍മാര്‍ അവരിലൊരാളെന്ന പോലെ എന്നോട്‌ പെരുമാറി. സത്യത്തില്‍ എന്തൊക്കെയാണ്‌ എന്റെ ജോലിയെന്നതിനെ കുറിച്ച്‌ എനിക്കു ധാരണയേ ഉണ്ടായിരുന്നില്ല.

`ഡേ ബൈ ഡേ' വിഭാഗത്തില്‍ കീഴ്‌വഴക്കമെന്ന പോലെ ഗില്ലര്‍മോ കാനോ പേരുവെക്കാതെ രാഷ്ട്രീയ എഡിറ്റോറിയലായിരുന്നു എഴുതിയിരുന്നത്‌. മാനേജ്‌മെന്റിന്റെ കല്‍പ്പനപ്രകാരം ഗോണ്‍സാലോ ഗോണ്‍സാലസ്‌ ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച്‌ എഴുതിയതാണ്‌ അടുത്തതായി വരിക. പത്രത്തിലെ ഏറ്റവും ബുദ്ധിപരവും ജനപ്രിയവുമായ `ചോദ്യോത്തരങ്ങള്‍' ആയിരുന്നു അദ്ദേഹം അധികവും കൈകാര്യം ചെയ്‌തത്‌. ഗോഗ്‌ എന്ന തൂലികാനാമത്തിലാണ്‌ അദ്ദേഹം വായനക്കാരുടെ സംശയം തീര്‍ത്തിരുന്നത്‌. സ്വന്തം പേരിന്റെ ചുരുക്കരൂപമായിരുന്നു ആ തൂലികാനാമം. അതിനു ശേഷം അവര്‍ എന്റെ എഡിറ്റോറിയലുകള്‍ പ്രസിദ്ധീകരിച്ചു. യൂലിസസ്‌ -ഹോമറിന്റെയല്ല, മറിച്ച്‌ അദ്ദേഹം എപ്പോഴും വിശദീകരിക്കാറുള്ള പോലെ, ജെയിംസ്‌ ജോയ്‌സിന്റെ - എന്ന തൂലികാനാമത്തില്‍. `നഗരവും ലോകവും' എന്ന പംക്തി കൊണ്ട്‌ എന്നും എഡിറ്റോറിയല്‍ പേജിന്റെ സിംഹഭാഗവും കൈയേറുന്ന എഡ്വാഡോ സെലമേയയുടെ പ്രത്യേക ലേഖനം അത്യപൂര്‍വം അവസരങ്ങളിലുണ്ടാവും.
പുതുവര്‍ഷത്തില്‍ അല്‍വാരോ മ്യൂതിസിന്‌ പോര്‍ട്ടോ പ്രിന്‍സിലേക്ക്‌ ഒരു ബിസിനസ്‌ യാത്രയുണ്ടായിരുന്നു. കൂടെച്ചെല്ലാന്‍ അദ്ദേഹം എന്നെയും ക്ഷണിച്ചു. അലിജോ കാര്‍പെന്റിയറുടെ `ദി കിംഗ്‌ഡം ഓഫ്‌ ദിസ്‌ വേള്‍ഡ്‌' വായിച്ചുകഴിഞ്ഞ ശേഷം ഹെയ്‌തി എന്റെ സ്വപ്‌നത്തിലെ രാജ്യമായിക്കഴിഞ്ഞിരുന്നു.

ഫെബ്രുവരി 18-നെ സംബന്ധിച്ച വിശദീകരണം ഞാനദ്ദേഹത്തിന്‌ ഇനിയും നല്‍കിയിട്ടില്ല. അന്നാണ്‌ ബക്കിംഗ്‌ഹാം കൊട്ടാരത്തിലെ അതിബൃഹത്തായ ഏകാന്തതയില്‍ വീണു പോയ ഇംഗ്ലണ്ടിലെ രാജ്ഞിയമ്മയെ കുറിച്ച്‌ ഞാനൊരു കുറിപ്പെഴുതിയത്‌. `ഡേ ബൈ ഡേ'യിലെ പ്രധാന ഭാഗത്ത്‌ അത്‌ പ്രസിദ്ധീകരിക്കപ്പെടുകയും ഓഫീസില്‍ സര്‍വസ്വീകാര്യമാവുകയും ചെയ്‌തത്‌ എന്നെ അമ്പരപ്പിച്ചു. അന്നുരാത്രി, എഡിറ്റര്‍ ഇന്‍ചീഫ്‌ ജോസ്‌ സാല്‍ഗറിന്റെ വീട്ടിലെ ചെറിയ യോഗത്തില്‍ എഡ്വാഡോ സെലമേയയുടെ വാക്കുകള്‍ കൂടുതല്‍ ആവേശകരമായിരുന്നു. എന്നെ സ്ഥിരപ്പെടുത്തുന്നതിനായുള്ള ഓഫര്‍ ഔദ്യോഗികമായി മുന്നോട്ടുവെക്കുന്നതിന്‌്‌ മാനേജ്‌മെന്റിനു ബാക്കിയുണ്ടായിരുന്ന എല്ലാ വൈമനസ്യവും നീങ്ങിയത്‌ അദ്ദേഹത്തിന്റെ ആ അഭിപ്രായ പ്രകടനം മൂലമാണെന്ന്‌ എന്നോടു സ്‌നേഹമുള്ള ഒരു ഒറ്റുകാരന്‍ പിന്നീടൊരിക്കല്‍ എന്നോടു പറഞ്ഞു.

അടുത്ത ദിവസം വളരെ നേരത്തെ അല്‍വാരോ മ്യൂതിസ്‌ എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്കു വിളിച്ച്‌ ഹെയ്‌തി യാത്ര കാന്‍സല്‍ ചെയ്‌തിരിക്കുന്നുവെന്ന ദുഃഖവാര്‍ത്ത അറിയിച്ചു. മ്യൂതിസ്‌ എന്നോടു പറയാതിരുന്ന ഒരു കാര്യം, ഗില്ലര്‍മോ കാനോയുമായി നടത്തിയ സ്വാഭാവിക സംഭാഷണത്തിനു ശേഷമാണ്‌ അദ്ദേഹം ഈ തീരുമാനമെടുത്തത്‌ എന്നതാണ്‌. എന്നെ പോര്‍ട്ടോ പ്രിന്‍സിലേക്കു കൊണ്ടു പോകരുതെന്ന്‌ കാനോ സത്യസന്ധമായി അല്‍വാരോയോട്‌ അഭ്യര്‍ത്ഥിച്ചു. ഹെയ്‌തിയെ പറ്റി അറിവില്ലാതിരുന്ന അല്‍വാരോക്ക്‌ എന്തുകൊണ്ടാണതെന്ന്‌ അറിയണമായിരുന്നു. `ശരി, നിങ്ങള്‍ക്ക്‌ കാണാം' ഗില്ലര്‍മോ പറഞ്ഞു: `ലോകത്ത്‌ ഗാബോ ഏറ്റവുമിഷ്ടപ്പെടുക ഈ സ്ഥലമായിരിക്കുമെന്ന്‌.' ഉച്ചക്കു ശേഷം, വിദഗ്‌ധനായ കാളപ്പോരുകാരന്‍ അനുമതി പത്രത്തില്‍ ചെയ്യുന്ന പോലെ അദ്ദേഹം എല്ലാ വിശദീകരണങ്ങളും നല്‍കി: `ഗാബോ ഹെയ്‌തിയിലേക്കു പോയാല്‍ പിന്നെ ഒരിക്കലും തിരികെ വരില്ല.'

കാര്യം മനസ്സിലായ അല്‍വാരോ യാത്ര നിര്‍ത്തിവെക്കുകയും യാത്ര ഉപേക്ഷിച്ചത്‌ അദ്ദേഹത്തിന്റെ കമ്പനിയിലെ സാഹചര്യം മൂലമാണെന്ന്‌ വരുത്തിത്തീര്‍ക്കുകയും ചെയ്‌തു. അതായത്‌, ഞാന്‍ പോര്‍ട്ടോ പ്രിന്‍സില്‍ പോയതേയില്ല. അല്‌പം കൊല്ലങ്ങള്‍ മുമ്പ്‌ അല്‍വാരോ എല്ലാം പറയുന്നതുവരെ എനിക്കതിന്റെ യഥാര്‍ത്ഥ കാരണവും അറിവില്ലായിരുന്നു. ഗില്ലര്‍മോ, പത്രവുമായുള്ള കരാറില്‍ എന്നെ കെട്ടിയിട്ട അദ്ദേഹം തന്റെ ഭാഗത്തിന്‌, ഹെയ്‌തിയെ കുറിച്ചുള്ള ഒരു ഫീച്ചറെഴുതുന്നതിനെ കുറിച്ച്‌ ചിന്തിക്കണമെന്ന്‌ വര്‍ഷങ്ങളോളം എന്നോട്‌ ആവര്‍ത്തിച്ചു. പക്ഷേ, എനിക്കൊരിക്കലും അവിടെ പോകാനായില്ല. എന്തുകൊണ്ടെന്ന്‌ ഞാനദ്ദേഹത്തോട്‌ പറഞ്ഞുമില്ല.

എല്‍ എസ്‌പെക്‌റ്റാഡറിന്റെ സ്വന്തം ലേഖകനാവുക എന്ന ചിന്ത ഒരിക്കലും എന്റെ മനസ്സിലുണ്ടായിരുന്നില്ല. കൊളംബിയന്‍ സാഹിത്യത്തിലെ ദാരിദ്ര്യവും ഗുണമേന്മക്കുറവും കൊണ്ടാണ്‌ അവര്‍ എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്‌ എന്നാണ്‌ ഞാന്‍ കരുതിയിരുന്നത്‌. പക്ഷേ, സജീവ പത്രപ്രവര്‍ത്തനത്തെ കുറിച്ച്‌ ഒന്നുമറിയാത്ത ഒരാള്‍ക്ക്‌ സായാഹ്ന പത്രത്തിനു വേണ്ടി എന്നും എഴുതുക എന്നത്‌ തീര്‍ത്തും വ്യത്യസ്‌തമായ കാര്യമായിരുന്നു. അര നൂറ്റാണ്ടു പഴക്കമുള്ള, വാടകക്കെട്ടിടത്തില്‍ നടത്തപ്പെട്ട, എല്‍ ടിയംപോയുടെ മെഷീനുകള്‍ മിച്ചമുള്ള, വിലയേറിയതും ശക്തവും സ്വാധീനമുള്ളതുമായ പത്രം-എല്‍ എസ്‌പെക്‌റ്റാഡര്‍ നിറഞ്ഞ പതിനാറു പേജുകളോടു കൂടിയ ഒതുക്കമുള്ള സായാഹ്നപത്രമായിരുന്നു. പക്ഷേ അശ്രദ്ധമായി എണ്ണിയാലെത്തുന്ന അതിന്റെ അയ്യായിരം കോപ്പി പ്രിന്റിംഗ്‌ പ്രസ്സിന്റെ വാതില്‍ക്കല്‍ നിന്നുപോലും പത്രപ്പയ്യന്മാരുടെ കൈകളില്‍ നിന്നു ചൂടപ്പം പോലെ ചെലവാകുകയും പഴയ നഗരത്തിലെ, മിതമായ വായന മാത്രം നടക്കുന്ന കഫേകളില്‍ അരമണിക്കൂറോളം വായിക്കപ്പെടുകയും ചെയ്യുമായിരുന്നു. ലണ്ടനിലെ ബി.ബി.സിയില്‍ എഡ്വാഡോ സെലമേയ ബോഡ പറഞ്ഞത്‌ ലോകത്തിലെ ഏറ്റവും മികച്ച പത്രം അതാണെന്നാണ്‌. ആ പ്രസ്‌താവനയല്ല, പത്രത്തില്‍ ജോലി ചെയ്‌തിരുന്ന ഏതാണ്ടെല്ലാവരും വായനക്കാരില്‍ പലരും അക്കാര്യം സത്യമാണെന്ന്‌ വിശ്വസിച്ചിരുന്നു എന്നതാണ്‌ ഏറെ ശ്രദ്ധേയം.

ഹെയ്‌തി യാത്ര ഉപേക്ഷിക്കപ്പെട്ടതിന്റെ പിറ്റേന്ന്‌ ജനറല്‍ മാനേജര്‍ ലൂയിസ്‌ ഗബ്രിയേല്‍ കാനോ അദ്ദേഹത്തിന്റെ ഓഫീസില്‍ കൂടിക്കാഴ്‌ചക്കു വിളിച്ചപ്പോള്‍ എന്റെ ഹൃദയമിടിപ്പ്‌ നിലച്ചുപോയി എന്നു ഞാന്‍ തീര്‍ച്ചയായും സമ്മതിക്കുന്നു. ആ മുഖാമുഖം, അതിന്റെ എല്ലാ ഔപചാരികതയും സഹിതം അഞ്ചു മിനുട്ടില്‍ കുറവേ നീണ്ടുള്ളൂ. കര്‍ക്കശക്കാരനും സുഹൃത്തിനെ പോലെ ഉദാരനും തന്റെ പ്രായത്തിലുള്ള ഒരാള്‍ ആയിരിക്കേണ്ടത്ര പിശുക്കനും ആണെന്ന ഖ്യാതി ലൂയിസ്‌ ഗബ്രിയേലിനുണ്ട്‌. പക്ഷേ, ആ മുഖാമുഖത്തിനിടയിലും, പിന്നീട്‌ എല്ലാ കാലത്തും അദ്ദേഹം സ്ഥിതചിത്തനും ആത്മാര്‍ത്ഥതയുള്ളവനുമായി എനിക്കു തോന്നി. ഉദാത്തമായ വ്യവസ്ഥകളോടെയുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശം, മറ്റു ലേഖനങ്ങള്‍ക്കും അവസാനനിമിഷം സ്ഥലം തികക്കാന്‍ തട്ടിക്കൂട്ടുന്ന മറ്റു കുറിപ്പുകള്‍ക്കും പുറമേ പൊതുവിഷയങ്ങളില്‍ ലേഖനമെഴുതുന്ന സ്വന്തം ലേഖകനായി മാസത്തില്‍ തൊള്ളായിരം പെസോ ശമ്പളത്തിന്‌ ഞാന്‍ പത്രത്തില്‍ സ്ഥിരജോലിക്കാരനായി നില്‍ക്കണമെന്നായിരുന്നു. എനിക്ക്‌ ശ്വാസമയക്കാന്‍ കഴിഞ്ഞില്ല. പരിസരബോധം വീണ്ടുകിട്ടിയപ്പോള്‍ എത്ര എന്ന്‌ ഞാന്‍ വീണ്ടും ചോദിച്ചു. ഓരോ അക്ഷരമായി അദ്ദേഹം പറഞ്ഞു: തൊള്ളായിരം.

അത്‌ വിചിത്രമായൊരു അനുഭൂതിയാണ്‌ എന്നിലുണ്ടാക്കിയത്‌. മാസങ്ങള്‍ക്കു ശേഷം ഒരു പാര്‍ട്ടിക്കിടെ ഇക്കാര്യം പറയുമ്പോള്‍, എന്റെ അന്ധാളിപ്പ്‌ കണ്ടപ്പോള്‍ നിരസിക്കുന്നതിന്റെ സൂചനയായി തനിക്കു തോന്നിയെന്ന്‌ പ്രിയപ്പെട്ട ലൂയിസ്‌ ഗബ്രിയേല്‍ വെളിപ്പെടുത്തുകയുണ്ടായി. അഗാധമായ ഭയത്തിലധിഷ്‌ഠിതമായ തന്റെ അവസാന സംശയം അദ്ദേഹം പ്രകടിപ്പിച്ചു: `ഗാബോ മെലിഞ്ഞും വിളറിയുമിരുന്നു. അദ്ദേഹം ഓഫീസില്‍ മരിച്ചുവീഴേണ്ടതായിരുന്നു.'
അങ്ങനെയാണ്‌ ഞാന്‍ എല്‍ എസ്‌പെക്‌റ്റാഡറിന്റെ സ്വന്തം ലേഖകനായത്‌. അവിടെ വെച്ചാണ്‌ രണ്ടു വര്‍ഷത്തില്‍ കുറഞ്ഞ കാലം കൊണ്ട്‌, ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കടലാസ്‌ ഉപയോഗിച്ചതും.

1 comment:

  1. ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിന്റെ Living to tell the tale ഇനിയും വായിച്ചു തീര്‍ന്നിട്ടില്ല.

    ReplyDelete

പ്രതികരണം