30.5.08

ആ ബ്ലോഗുകള്‍ക്ക്‌ എന്തു സംഭവിച്ചു?

എന്റെ സുഹൃത്തുക്കളായ ശരീഫ്‌ സാഗര്‍ (www.kappithaan.blogspot.com), വയനാടന്‍ (www.wayandan.blogspot.com), ലുക്‌മാന്‍ മമ്പാട്‌ (www.sathram.blogspot.com) എന്നിവര്‍ ഈയിടെ ബ്ലോഗിംഗ്‌ തുടങ്ങി. thanimalayalam.org ലെ geting listed എന്നിടത്തു പോയി url കൊടുത്തു. കൊടുത്തിട്ടു നാളേറെയായി. പക്ഷേ ഇതുവരെ തനിമലയാളം പേജില്‍ ഇവരുടെ ബ്ലോഗ്‌ പ്രത്യക്ഷപ്പെട്ടു കണ്ടില്ല.തനിമലയാളത്തില്‍ പ്രത്യക്ഷപ്പെടാനായി ഞങ്ങള്‍ ചെയ്‌തത്‌ മണ്ടത്തരമായോ? ആ പേജില്‍ ലിസ്റ്റ്‌ ചെയ്യപ്പെടാന്‍ ആക്‌ച്വലി എന്തെല്ലാമാണു ചെയ്യേണ്ടത്‌? chintha.com ലെ ലിസ്‌റ്റിംഗില്‍ വരാന്‍ എന്ത്‌ ചെയ്യണം? ബൂലോഗത്തെ ഇത്തരം വിഷങ്ങളില്‍ അഗാധമായ തിരിപാടുള്ളവര്‍ ദയവായി സഹായിക്കുമല്ലോ.

15.5.08

സന്തോഷ്‌ മാധവനെ തീവ്രവാദിയെന്ന്‌ വിളിക്കരുത്‌!

സന്തോഷ്‌ മാധവന്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും നീട്ടിയും കുറുക്കിയും ചുഴിഞ്ഞും വിടര്‍ത്തിയും കൊണ്ടാടാനുള്ള നല്ലൊരു മെറ്റീരിയലായിരിക്കുകയാണല്ലോ। ഇനിയുമുണ്ടോ ബലാത്സംഗങ്ങള്‍, ഇനിയുമുണ്ടോ അശ്ലീല സി.ഡികള്‍, കടുവാത്തോല്‍, പാതികഴിച്ച മദ്യക്കുപ്പികള്‍ എന്നിങ്ങനെയാണ്‌ ഓരോ പുതിയ തവണ ടി.വി തുറക്കുമ്പോഴും പത്രം നിവര്‍ത്തുമ്പോഴും പൊതുജനം അന്വേഷിക്കുന്നത്‌. ജ്യോതിഷവും പ്രവചനവും ഏറ്റവും സ്‌കോപ്പുള്ള ബിസിനസായി മാറിക്കഴിഞ്ഞിരിക്കുന്ന നമ്മുടെ നാട്ടില്‍ അടുത്തതായി പിടിക്കപ്പെടുന്നത്‌ ആര്‌, വെളിപ്പെടുന്നത്‌ എന്തൊക്കെ എന്ന്‌ കാതോര്‍ത്തിരിക്കുകയാണ്‌ മറ്റെല്ലാവരെയും പോലെ ഞാനും.

ഈയവസരത്തില്‍, കേരളത്തിലെ പ്രസിദ്ധനായ ഒരു ജ്യോതിഷിയില്‍ നിന്നുണ്ടായ അനുഭവം ഇവിടെ വെക്കട്ടെ. ഇത്‌ വായിക്കേണ്ട തലം ഏതെന്ന്‌ വായിക്കുന്നവര്‍ തീരുമാനിക്കുകയാവും ഉചിതം എന്ന്‌ തോന്നുന്നു.ജോലിയുടെ ഭാഗമായി ആറേഴു മാസം തിരുവനന്തപുരത്തുണ്ടായിരുന്നു ഞാന്‍. പില്‍ക്കാലത്ത്‌ സിനിമ പിടിച്ച്‌ പ്രതിസന്ധിയിലകപ്പെട്ട പ്രസിദ്ധമായ ഒരു ഓഡിയോ / വീഡിയോ വിപണനക്കമ്പനി പുറത്തിറക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള പ്രസിദ്ധീകരണത്തില്‍ ലേ ഔട്ട്‌ ആര്‍ട്ടിസ്‌ററായിട്ട്‌. സംഗീതമായിരുന്നു പ്രസിദ്ധീകരണത്തിന്റെ വിഷയം. ഇതേ സ്ഥാപനത്തിനു കീഴില്‍ തന്നെ ഒരു ജ്യോതിഷ മാസികയും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു.മലപ്പുറത്തും കോഴിക്കോട്ടുമായി മാത്രം ജീവിച്ചുപരിചയമുണ്ടായിരുന്ന എനിക്ക്‌ തിരുവനന്തപുരത്തേത്‌ പുതിയതും എന്നാല്‍ അസഹനീയവുമായ ജീവിതമായിരുന്നു അവിടത്തേത്‌. ചമ്പാവ്‌ അരി വെച്ചുണ്ടാക്കിയ ചോറിന്റെ കട്ടിയും കനവും മുതല്‍ തക്കംകിട്ടിയാല്‍ പറ്റിക്കുന്ന വഴിവാണിഭക്കാരുടെയും ഓട്ടോഡ്രൈവര്‍മാരുടെയും സ്വഭാവം വരെയുള്ള അനവധി കാര്യങ്ങള്‍ ഒരു മറുകണ്ണോടെ നോക്കേണ്ട ഇടം എന്ന ധാരണ ആ നാടിനെക്കുറിച്ച്‌ എന്നിലുണ്ടാക്കി. എന്നെപ്പോലുള്ളവര്‍ക്ക്‌ റിസ്‌കില്ലാതെ ജീവിക്കാന്‍ മലബാറിനപ്പുറം ലോകത്ത്‌ ഇടമില്ല എന്ന്‌ തോന്നിച്ച കാലഘട്ടം.
.
മതം പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ ചിട്ടപ്പടിയില്‍ പതിനൊന്ന്‌ കൊല്ലം ജീവിച്ചിരുന്നതിനാല്‍, നിസ്‌കാരവും നോമ്പുമൊക്കെ എങ്ങനെയും കൂടെ കൊണ്ടു നടക്കണമെന്ന ശാഠ്യം എന്റെ ശീലങ്ങളിലുണ്ടായിരുന്നു. ചിലപ്പോള്‍ അശ്രദ്ധയുടെയും മറ്റ്‌ ചിലപ്പോള്‍ ദുര്‍വാശികളുടെയും പുറത്തേറി അവയൊക്കെ ഒഴിവാക്കേണ്ടിവരാറുണ്ടെങ്കിലും മുത്ത്‌മുഅ്‌മിനായി ജീവിക്കണമെന്നും ഈമാന്‍ കിട്ടി മരിക്കണമെന്നും ആഗ്രഹിക്കുന്ന പാവപ്പെട്ടൊരു മുസ്‌്‌ലിമാണ്‌ ഞാന്‍. എന്നു കരുതി, ഇസ്‌്‌ലാമിനെക്കുറിച്ച്‌ കാര്യമായ വിവരമില്ലാത്ത പൊതുജനം ധരിച്ചിരിക്കുന്ന പോലെ അമ്പലം ചുട്ടെരിക്കാനും ഇന്ത്യയെ ഇസ്‌്‌ലാമിക രാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കാനും കണ്ണില്‍ക്കണ്ടവരെയൊക്കെ പിടിച്ച്‌ ഇസ്‌്‌ലാമാക്കാനുമുള്ള പ്രതിജ്ഞയൊന്നും ഇല്ല. മനുഷ്യനെ മനുഷ്യനായല്ലാതെ മറ്റു കണ്ണുകളിലൂടെ നോക്കാന്‍ ഇതുവരെ പഠിഞ്ഞിട്ടില്ല.
.
പറഞ്ഞ്‌പറഞ്ഞ്‌ കാട്ടിലേക്കല്ല വിഷയത്തിലേക്കാണ്‌ കയറുന്നത്‌. എന്റെ തിരുവനന്തപുരം നാളുകളിലും അഞ്ചു വഖ്‌ത്‌ നിസ്‌കരിക്കാന്‍ (സുബ്‌ഹി മിക്കപ്പോഴും ഖളാ (അസമയത്ത്‌) ആയിട്ടാണെങ്കിലും) ശ്രദ്ധിച്ചിരുന്നു. രാവിലെ നേരത്തെ എണീക്കുന്ന ദിവസങ്ങളിലൊക്കെയും ഖുര്‍ആന്‍ ഓതാനും. റൂമില്‍ കൂടെ താമസിക്കുന്ന മുസ്‌്‌ലിംകളല്ലാത്ത സുഹൃത്തുക്കളും എന്റെ മതംനടത്തിപ്പില്‍ അസ്വാഭാവികതയോ ബുദ്ധിമുട്ടോ കണ്ടില്ലെന്നാണ്‌ തോന്നുന്നത്‌. ഏതായാലും ഇതേക്കുറിച്ച്‌ കാര്യമായി (എന്റെ അള്ളാനെപ്പോടിയെക്കുറിച്ച്‌ തമാശയായി പലതും പറയാറുണ്ടെന്നതൊഴിച്ചാല്‍) ഒന്നും ആരും പറഞ്ഞു കേട്ടിട്ടില്ല. ഞാന്‍ നിസ്‌ക്കരിക്കുമ്പോള്‍ മുറിയില്‍ നിന്ന്‌ ഒഴിഞ്ഞു തന്നും ഉറക്കെ ശബ്ദിക്കാതെയും അവര്‍ സഹകരിക്കുമായിരുന്നു. ഇടക്കിടക്ക്‌ നീ ഐ.എസ്‌.ഐ ചാരനാണോടാ, ലീവ്‌ കഴിഞ്ഞുവരുമ്പോള്‍ കോഴിക്കോടന്‍ ഹല്‍വയോ മലപ്പുറം കത്തിയോ കൊണ്ടുവരണേ തുടങ്ങിയ നിരുപദ്രവകരമായ കമന്റുകള്‍ പറഞ്ഞ്‌ ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യാറുണ്ടെങ്കിലും സഹപ്രവര്‍ത്തകരെല്ലാം നല്ലവരായിരുന്നു.
.
ഇവിടെയാണ്‌ ജ്യോതിഷി വരുന്നത്‌. ജ്യോതിഷിയും സഹപ്രവര്‍ത്തകന്‍ തന്നെ. മേല്‍പ്പറഞ്ഞ ജ്യോതിഷ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററാണ്‌ കക്ഷി. ആലപ്പുഴയില്‍ നാട്‌. ജ്യോതിഷത്തിനു പുറമേ നാടകാഭിനയം തുടങ്ങിയ ഏര്‍പ്പാടുകളുള്ള സര്‍വകലാവല്ലഭനാണ്‌ പുള്ളി. പല സിനിമാക്കാരുടെയും രാഷ്ട്രീയ നേതാക്കളുടെയും പണക്കാരുടെയുമൊക്കെ വിശ്വസ്‌തനായ ഭാവിപറച്ചിലുകാരനാണെന്നാണ്‌ കേട്ടിരുന്നത്‌. ഫാരിസ്‌ അബുബക്കറിന്റെ വിശ്വസ്‌തനാണെന്നൊക്കെ ആരോ പറഞ്ഞുകേട്ടിരുന്നു. ഇപ്പോള്‍ ചാനലുകളില്‍ ഓടിക്കൊണ്ടിരുന്ന ചില സീരിയലുകളില്‍ വില്ലന്‍വേഷം ചെയ്‌ത്‌ ഗംഭീരമാക്കിയിട്ടുമുണ്ട്‌, ഞാന്‍ കണ്ടിട്ടില്ല.
.
സഹപ്രവര്‍ത്തകരില്‍ മിക്കവരും ജ്യോതിഷ വിശ്വാസികളാകയാല്‍ നമ്മുടെ ജ്യോതിഷി ആദരണീയനായ വ്യക്തിത്വമായിരുന്നു. പൊതുവെ നല്ല പെരുമാറ്റമാണ്‌. സഹനശീലനാണ്‌. ദേഷ്യപ്പെട്ടാല്‍ ചിലപ്പോള്‍ തല്ലാനൊക്കെ വരും. ജ്യോതിഷത്തില്‍ വിശ്വാസമില്ലാത്തതിനാലും ഇത്തരം ഏര്‍പ്പാടുകളില്‍ തൊണ്ണൂറു ശതമാനവും തട്ടിപ്പാണെന്നറിയാവുന്നതിനാലും ജ്യോതിഷിയോട്‌ അടുത്തുപെരുമാറാന്‍ കഴിഞ്ഞിട്ടില്ല. ജോലി സംബന്ധമായ അനിവാര്യമായ ചില കണ്ടുമുട്ടലുകളില്‍ പലപ്പോഴും ഉടക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊക്കെ എന്റെ കയ്യിലിരിപ്പിന്റെ ഗുണം എന്നു മാത്രമേ കരുതുന്നുള്ളൂ..ഈ ജ്യോതിഷി എന്നെക്കുറിച്ച്‌ നടത്തിയ ഒരു പ്രവചനമാണ്‌ ഈ കുറിപ്പിന്‌ എന്നെ പ്രേരിപ്പിച്ചത്‌. പുള്ളിയുടെ പ്രവചന സ്വഭാവത്തില്‍ അമിതവിശ്വാസമുള്ള ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകനോടാണ്‌ പുള്ളി എന്നെക്കുറിച്ച്‌ പ്രവചനം നടത്തിയത്‌. ഒന്നുമില്ല, ഭാവിയില്‍ ഞാനൊരു ഭീകരവാദിയായിത്തീരും എന്നു മാത്രമായിരുന്നു ആ മഹാപ്രവചനം!
.
വളരെ വൈകിയാണ്‌ ഈ പ്രവചന വൃത്താന്തം അറിഞ്ഞതെങ്കിലും അത്‌ എന്നിലുണ്ടാക്കിയ അരക്ഷിത ബോധത്തിന്റെ ആഴം എഴുതി ഫലിപ്പിക്കാനാവില്ല. ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച്‌ മതനിഷ്‌ഠകള്‍ കൊണ്ടു നടക്കാന്‍ ശ്രമിക്കുന്ന ഒരാളെ എത്ര പെട്ടെന്ന്‌ ഭീകരവാദിയാക്കാന്‍ കഴിയുന്നു! നെറ്റിയില്‍ ഭസ്‌മക്കുറി തൊടുകയും മതമന്ത്രങ്ങള്‍ ഉരുവിടുകയും കയ്യില്‍ രക്ഷാബന്ധനവും മറ്റു ചരടുകളും കെട്ടുന്ന ഒരാളെക്കുറിച്ച്‌ മതമൗലികവാദി എന്ന്‌ പറയാതിരിക്കുമ്പോള്‍ തന്നെ, തലയില്‍ തൊപ്പിവെച്ച ഒരാള്‍ പാക്കിസ്‌താന്റെ ചാരനും അല്‍ഖാഇദയില്‍ നിന്ന്‌ പണംപറ്റുന്നവനുമാകുന്നു!...
.
ഈ സംഭവം ആദ്യമായി ഞാന്‍ പറഞ്ഞത്‌ കോഴിക്കോട്ടെ പത്രപ്രവര്‍ത്തകനായ ഒരു ഹൈന്ദവ സുഹൃത്തിനോടാണ്‌. അവന്‍ ആദ്യം എന്നെ മാറ്റിനിര്‍ത്തി അടിമുടി ഒന്നുനോക്കി. പിന്നെ എന്റെ വലതുകൈയ്‌ തന്റെ ഇരുകയ്യിലുമായി ശക്തിയായി കൂട്ടിപ്പിടിച്ച്‌ കണ്ണില്‍ നോക്കി ഒന്നും ഉരിയാടാനാവാതെ മിനുട്ടുകളോളം നിന്നു...